ADVERTISEMENT

ന്യൂഡൽഹി∙ അമേഠിയിൽ റോഡ് ഷോയുടെ അകമ്പടിയോടെ പത്രികാ സമർപ്പണം ആഘോഷമാക്കി ബിജെപി നേതാവ് സ്മൃതി ഇറാനി. ബിജെപി ഓഫിസിൽ പൂജയും പ്രാർഥനയും നടത്തിയ ശേഷമാണ് പത്രിക നൽകിയത്. 

കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലത്തിൽ രണ്ടാം വട്ടമാണു സ്മൃതി രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്നത്. കഴിഞ്ഞ തവണ മോദി തരംഗത്തിനിടയിലും ഒരു ലക്ഷത്തിലേറെ വോട്ടിന് അവർ പരാജയപ്പെട്ടു. രാഹുലിനോടു തോറ്റെങ്കിലും കാബിനറ്റ് മന്ത്രിയാക്കിയാണു മോദി സ്മൃതിയുടെ പോരാട്ടവീര്യം അംഗീകരിച്ചത്. 

എൻഡിഎ ഭരണകാലത്ത് മണ്ഡലത്തിൽ നിത്യസന്ദർശകയായിരുന്ന അവരുടെ പെരുമാറ്റം ജയിച്ച സ്ഥാനാർഥിയെന്ന മട്ടിലായിരുന്നു. അടിസ്ഥാനസൗകര്യ വികസനം ഉൾപ്പെടെ നിരവധി കേന്ദ്രപദ്ധതികളാണു കഴിഞ്ഞ 5 വർഷത്തിനിടെ മണ്ഡലത്തിൽ നടപ്പാക്കിയത്. 

അമേഠിക്കു പുറമെ വയനാട്ടിൽ കൂടി രാഹുൽ ഗാന്ധി പത്രിക നൽകിയതു പരാജയഭീതി കൊണ്ടാണെന്നാണു ബിജെപിയുടെ പ്രചാരണം. ഭൂരിപക്ഷ സമുദായ വികാരം അനുകൂലമാക്കാനും പാർട്ടി ബോധപൂർവം ശ്രമിക്കുന്നുണ്ട്. ഇതേസമയം, എസ്പി–ബിഎസ്പി–ആർഎൽഡി സഖ്യം എതിർസ്ഥാനാർഥിയെ നിർത്താത്തതു രാഹുൽ ഗാന്ധിക്ക് അനുകൂല ഘടകമാണ്. കോൺഗ്രസ് അധ്യക്ഷനെന്ന നിലയ്ക്കാണ് ഇത്തവണ മത്സരിക്കുന്നതെന്ന സവിശേഷതയുമുണ്ട്. ഇളയച്ഛൻ സഞ്ജയും അച്ഛൻ രാജീവും അമ്മ സോണിയയും പ്രതിനിധീകരിച്ചു വന്ന അമേഠിയിൽ 2004 മുതൽ രാഹുലാണ് എംപി.

6–ാം ഘട്ടമായ മേയ് 6നു വോട്ടെടുപ്പു നടക്കുന്ന അമേഠിയിൽ തന്നെ രാഹുലിനെ തളച്ചിടാനുതകിയ തന്ത്രമായിരിക്കും ബിജെപി പ്രയോഗിക്കുക. പരമാവധി ആളും അർഥവും ഉപയോഗിച്ച് ഏതു വിധേനയും രാഹുലിനെ തോൽപിക്കാനാണു നീക്കം. പോരാട്ടം കടുത്താൽ ദേശവ്യാപക പ്രചാരണം വെട്ടിച്ചുരുക്കി കൂടുതൽ സമയം അമേഠിയിൽ ചെലവഴിക്കാൻ കോൺഗ്രസ് അധ്യക്ഷൻ നിർബന്ധിതനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com