ADVERTISEMENT

റായ്ബറേലി ∙ ‘പ്രധാനമന്ത്രി നരേന്ദ്ര മോദി അജയ്യനാണെന്നു കരുതരുത്. 2004 മറക്കരുത്’ – യുപിയിലെ റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മോദിക്കു മുന്നറിയിപ്പുമായി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. തിരഞ്ഞെടുപ്പ് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലാണു സോണിയ മോദിയെ ലക്ഷ്യമിട്ടത്. കോൺഗ്രസ് നയിച്ച മുന്നണി 2004 ൽ എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ മലർത്തിയടിച്ചത് ഓർമിപ്പിച്ച സോണിയ, മോദിക്കും അതുതന്നെ സംഭവിക്കുമെന്നു സൂചിപ്പിച്ചു. 

മകനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി, മകളും പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, മരുമകൻ റോബർട്ട് വാധ്ര, കൊച്ചുമക്കളായ റെയ്ഹാൻ, മിറായ എന്നിവരുടെ സാന്നിധ്യത്തിലാണു സോണിയ പത്രിക സമർപ്പിച്ചത്. മണ്ഡലത്തിലെ പാർട്ടി ഓഫിസിൽ രാവിലെ നടത്തിയ പ്രത്യേക പൂജയിൽ കുടുംബസമേതം പങ്കെടുത്ത സോണിയ പിന്നീട് റോഡ് ഷോ നടത്തി. വൻ ജനാവലിയുടെ അകമ്പടിയോടെയാണ് അവർ കലക്ടറേറ്റിലെത്തിയത്. കഴിഞ്ഞ ദിവസം അമേഠിയിൽ പത്രിക സമർപ്പിക്കാൻ രാഹുലും കുടുംബാംഗങ്ങളെ ഒപ്പം കൂട്ടിയിരുന്നു. 

2004, 2006 ഉപതിരഞ്ഞെടുപ്പ്, 2009, 2014 തിരഞ്ഞെടുപ്പുകളിൽ ഇവിടെ നിന്നു വിജയിച്ച സോണിയ തുടർച്ചയായ അഞ്ചാം ജയം തേടിയാണു മൽസരത്തിനിറങ്ങുന്നത്. അടുത്തിടെ കോൺഗ്രസ് വിട്ട ദിനേഷ് പ്രതാപ് സിങ് ആണു ബിജെപി സ്ഥാനാർഥി. എസ്പി – ബിഎസ്പി – ആർഎൽഡി പ്രതിപക്ഷ സഖ്യം ഇവിടെ സ്ഥാനാർഥിയെ നിർത്തിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com