ADVERTISEMENT

ന്യൂഡൽഹി∙ മന്ത്രി സ്മൃതി ഇറാനിയുടെ ബിരുദം വീണ്ടും വിവാദത്തിൽ. ബിരുദമുണ്ടെന്ന അവകാശവാദമാണു മുൻപു ചർച്ചയായതെങ്കിൽ ഇപ്പോൾ ബിരുദമില്ലെന്നു സ്മൃതി നടത്തിയ കുറ്റസമ്മതമാണു വിവാദവിഷയം.

അമേഠിയിൽ നാമനിർേദശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണു തനിക്കു ബിരുദമില്ലെന്നു സ്മൃതി രേഖപ്പെടുത്തിയിരിക്കുന്നത്. 1991 ൽ സെക്കൻഡറി വിദ്യാഭ്യാസവും 1993 ൽ സീനിയർ സെക്കൻഡറി വിദ്യാഭ്യാസവും പൂർത്തിയാക്കി. ഡൽഹി സർവകലാശാല സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിൽ കൊമേഴ്സ് ബിരുദത്തിനു ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല – അവർ വെളിപ്പെടുത്തുന്നു.

ബിരുദധാരിയാണെന്നു 2014 ൽ നൽകിയ സത്യവാങ്മൂലം നൽകിയ സ്മൃതി ഇത്തവണ ചുവടുമാറ്റിയതിനെ കളിയാക്കി കോൺഗ്രസാണു രംഗത്തെത്തിയത്. സ്മൃതി ഇറാനിക്കു ബിരുദമില്ലാത്തതു ഞങ്ങൾക്കു പ്രശ്നമല്ല, ബിരുദധാരിയാണെന്നു ‘കള്ള’ സത്യവാങ്മൂലം നൽകാൻ മടിക്കാതിരുന്നതിലും ഇത്രനാൾ തെറ്റിദ്ധാരണ പരത്തിയതിലുമാണു കൗതുകം – കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പറഞ്ഞു.

ഇതേസമയം, കോൺഗ്രസ് തന്നെ ആക്രമിക്കും തോറും അവർക്കെതിരായ പ്രവർത്തനം താൻ ഊർജിതമാക്കുമെന്നു സ്മൃതി മുന്നറിയിപ്പു നൽകി. കഴിഞ്ഞ 5 വർഷത്തിനിടെ തനിക്കെതിരെ കോൺഗ്രസ് ഉന്നയിക്കാത്ത ആരോപണമില്ല. എത്രത്തോളം ആക്രമിക്കപ്പെടുന്നോ താൻ അത്രത്തോളം ശക്തയാകും – അവർ അവകാശപ്പെട്ടു.

*‘ക്യോംകി സാസ് ഭി കഭി ബഹു ഥീ’ (ഒരിക്കൽ അമ്മായിയമ്മയും മരുമകളായിരുന്നു) എന്ന പ്രശസ്ത ഹിന്ദി സീരിയലിൽ മുഖ്യ വേഷമണിഞ്ഞാണു സ്മൃതി ഇറാനി ശ്രദ്ധേയയായത്. ഈ പരിവേഷത്തോടെയായിരുന്നു രാഷ്ട്രീയപ്രവേശവും. ഇന്നലെ കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി ഇന്നലെ ഇതിനെ അനുകരിച്ചതാണ് തലക്കെട്ടിൽ പറഞ്ഞിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com