ADVERTISEMENT

മധേപുരയുടെ മാനത്തു ഹെലികോപ്റ്ററുകളുടെ മുഴക്കം. ആർജെഡി ചിഹ്നത്തിൽ മത്സരിക്കുന്ന ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) അധ്യക്ഷൻ ശരദ് യാദവിന്റെ ഹെലികോപ്റ്റർ പ്രചാരണത്തെ നേരിടാൻ മുഖ്യമന്ത്രി നിതീഷ് കുമാറും ഹെലികോപ്റ്ററിൽ ചുറ്റിക്കറങ്ങുന്നു. ശരദ് യാദവിന്റെ വിജയം ഉറപ്പാക്കാൻ തേജസ്വി യാദവിന്റെ ഹെലികോപ്റ്ററും ഇടയ്ക്കിടെ ലാൻഡ് ചെയ്യുന്നു. സ്കൂൾ, കോളജ്  മൈതാനങ്ങൾ താൽകാലിക ഹെലിപ്പാഡുകളായി.

ഏറെക്കാലം കേന്ദ്ര റെയിൽവേ മന്ത്രിസ്ഥാനം ബിഹാറിന്റെ കുത്തകയായിരുന്നതിനാൽ മധേപുരയിലും തലങ്ങും വിലങ്ങും റെയിൽവേ ലൈനുകളുണ്ട്. പക്ഷേ മധേപുരയിലെ റോഡുകളിലെല്ലാം കുണ്ടും കുഴിയും. അതിനാൽ ശരദ് യാദവ് പ്രചാരണ വാഹനം ഹെലികോപ്റ്ററാക്കി. ശരദ് യാദവിന്റെ ശിഷ്യനായിരുന്ന ബിഹാർ മന്ത്രിയും ജെഡിയു സ്ഥാനാർഥിയുമായ ദിനേശ് യാദവിനു കാറിന്റെ ആഡംബരമേയുള്ളൂ. സ്വതന്ത്രനായി മൽസരിക്കുന്ന പപ്പു യാദവ് അത്ര സജീവമായിട്ടില്ല. മഹാസഖ്യ വോട്ടുകൾ പപ്പു യാദവ് ഭിന്നിപ്പിക്കാതിരിക്കാൻ അദ്ദേഹത്തിന്റെ ഭാര്യയും സുപോലിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ രഞ്ജിത് രഞ്ജൻ വഴി കടുത്ത സമ്മർദമുണ്ട്.

എൽജെഡി ഇന്റലിജൻസ്

ലാലു പ്രസാദ് യാദവിന്റെ നിതാന്ത വൈരിയായിരുന്ന ശരദ് യാദവ് ചേരി മാറി സഖ്യമായതിനോടു വോട്ടർമാരുടെ പ്രതികരണം അറിയാൻ എൽജെഡി ജനറൽ സെക്രട്ടറി അരുൺ ശ്രീവാസ്തവയും എൽജെഡി യുവജനവിഭാഗം അധ്യക്ഷനും മലയാളിയുമായ സലിം മടവൂരും ഡാബകൾ കയറിയിറങ്ങി രാഷ്ട്രീയ ചർച്ചകൾക്കു ചെവി കൊടുക്കുന്നുണ്ട്. ശരദ് യാദവിനോട് അത്ര താൽപര്യമില്ലെങ്കിലും ആർജെഡി ചിഹ്നത്തിൽ വോട്ട് കുത്താൻ മടിയില്ലെന്നാണു ഡാബ റിപ്പോർട്ട്. യാദവ കോട്ടയായ മധേപുരയിൽ ആചാര്യ കൃപലാനി ഒഴികെ യാദവേതര സ്ഥാനാർഥികൾ ജയിച്ചിട്ടില്ല. ശരദ് യാദവിനെ തോൽപിക്കാൻ കുർമി സമുദായക്കാരനായ മുഖ്യമന്ത്രി നിതീഷ് കുമാർ കാട്ടുന്ന അമിത താൽപര്യം യാദവ വോട്ടർമാർക്ക് അത്ര പിടിച്ചിട്ടില്ലെന്ന സൂചനയുമുണ്ട്.

‘സ’ മട്ടിൽ ശരദ് യാദവ്

മധേപുരയിൽ നാലു തവണ ജയിക്കുകയും മൂന്നു തവണ തോൽക്കുകയും ചെയ്ത ശരദ് യാദവിന് അങ്കലാപ്പൊന്നുമില്ല. രാവിലെ പത്തു വരെ കിടന്നുറങ്ങും. പ്രചരണത്തിനിറങ്ങുമ്പോൾ പന്ത്രണ്ടാകും. അഞ്ചിലധികം സ്ഥലത്തു യോഗം വച്ചാൽ പ്രചരണച്ചുമതലക്കാരനായ ആർജെഡി നേതാവ് സഞ്ജയ് യാദവിനോടു ചൂടാകും. ജനങ്ങളുടെ അടുത്തേക്കു പോകുന്നതിനേക്കാൾ ശരദ് യാദവിനിഷ്ടം ജനങ്ങൾ തന്നെ വന്നു കണ്ടു വോട്ട് തരാമെന്നു പറയുന്നതാണ്. പ്രചാരണം വൈകിട്ട് അഞ്ചോടെ അവസാനിപ്പിച്ചു വിശ്രമ സ്ഥലത്തെത്തിയാൽ അണികൾക്കും വോട്ടർമാർക്കും വന്നു കാണാം. കാൽതൊട്ടു വണങ്ങി മടങ്ങാം.

അണികളുടെ തിരക്കിനിടയിൽ ‘മനോരമ’യ്ക്കു നൽകിയ അഭിമുഖത്തിൽ നിന്ന്:

മധേപുരയിൽ ത്രികോണ മൽസരമാണോ?

എന്തു ത്രികോണം. എൻഡിഎയും മഹാസഖ്യവുമായാണു മൽസരം. 

യാദവ വോട്ടുകൾ പപ്പു യാദവ് ഭിന്നിപ്പിക്കുമോ ?

വെറുതെ പറയുന്നതാണ്. ഒരു കാര്യവുമില്ല. 

ബിഹാറിൽ മഹാസഖ്യത്തിന് എത്ര സീറ്റ് പ്രതീക്ഷയുണ്ട് ?

തൂത്തു വാരും. മോദി സർക്കാരിനും നിതീഷ് സർക്കാരിനുമെതിരായ വിധിയെഴുത്താകും ഫലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനാണ് ബിഹാർ ജനത ഭരണം നൽകിയത്. 

ദേശീയതലത്തിൽ മഹാസഖ്യത്തിന്റെ സാധ്യതകൾ ?

കഴിഞ്ഞ തവണ കേവലം 31% വോട്ടുകൾ നേടിയാണു ബിജെപി അധികാരത്തിലെത്തിയത്. ഇത്തവണ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതു പരമാവധി കുറയ്ക്കാനാണു ശ്രമം. മഹാസഖ്യത്തിനു ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയേറെ.

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്കു പിന്തുണയ്ക്കുമോ?

ഇപ്പോൾ പേരുകൾ പറയുന്നത് ഉചിമല്ല. കൂടിയാലോചിച്ചു തീരുമാനിക്കും. 

എൽജെഡി – ആർജെഡി ഔപചാരിക ലയനം ഉടനുണ്ടാകുമോ ?

തിരഞ്ഞെടുപ്പിനു ശേഷം ചർച്ച നടക്കും. ആർജെഡിയും എൽജെഡിയും മാത്രമല്ല, മറ്റു ചില കക്ഷികളും ലയനത്തിലുണ്ടാകും. ഇപ്പോൾ പേരു പറയുന്നില്ല. ലയനശേഷം കക്ഷിയുടെ പേരും മാറിയേക്കാം.

എൽജെഡി കേരള ഘടകം ലയനത്തിന് അനുകൂലമാണോ?

വീരേന്ദ്ര കുമാറുമായി ചർച്ച ചെയ്തിരുന്നു. കേരള ഘടകവും ലയനത്തിനു സമ്മതിച്ചിട്ടുണ്ട്. 

എൽജെഡി കേരള ഘടകം ഇടതുമുന്നണിക്ക് ഒപ്പമാണെന്നതു പ്രശ്നമാണോ ?

ഇത്തരം കാര്യങ്ങൾ തീരുമാനിക്കാൻ സംസ്ഥാന ഘടകത്തിനു സ്വാതന്ത്ര്യമുണ്ട്. പലയിടത്തും കോൺഗ്രസുമായും ഇടതുകക്ഷികളുമായും ധാരണയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com