ADVERTISEMENT

ബെംഗളൂരുവിനെക്കാൾ ഹൈദരാബാദിനോട് അടുത്തുള്ള കർണാടകയിലെ കലബുറഗി (ഗുൽബർഗ)യിലെ പ്രചാരണച്ചൂടു കണ്ടാൽ ഉഷ്ണതരംഗത്തിന്റെ ഉറവിടം അവിടെയാണെന്നു തോന്നിപ്പോകും. 11 തിരഞ്ഞെടുപ്പു വിജയങ്ങൾ പകർന്ന ആത്മവിശ്വാസവുമായി ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ (77) പോരാടുന്ന സംവരണ മണ്ഡലം. എതിർ പക്ഷത്ത്, കലബുറഗിയുടെ ഭാഗമായ ചിഞ്ചോളിയിലെ കോൺഗ്രസ് നിയമസഭാംഗത്വം രാജിവച്ച് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന ഉമേഷ് ജാദവ്.

48 വർഷത്തെ തിരഞ്ഞെടുപ്പു പരിചയമാണു ഖർഗെയ്ക്ക്. 9 തവണ നിയമസഭയിൽ, 2 തവണ ലോക്സഭയിൽ. കോൺഗ്രസിന്റെ ദേശീയ മുഖം കൂടിയായ ഖർഗെയെ മുട്ടുകുത്തിക്കാൻ ബിജെപി ഏതുപായവും പയറ്റും. ചിഞ്ചോളി നിയമസഭാ മണ്ഡലത്തിൽ മേയ് 19ന് ഉപതിരഞ്ഞെടുപ്പു കൂടി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ പോരിന് ഇരട്ടിമൂർച്ച.

കലബുറഗിയിലെ വസതിയായ ‘ലുംബിനി’യിലെ സ്വീകരണമുറിയിൽ ഖർഗെയുടെ കസേരയ്ക്ക് ഇരുവശവും ശ്രീബുദ്ധനും അശോകസ്തംഭവും. വിവിധ സമുദായ നേതാക്കളുമായി ചൂടേറിയ ചർച്ചയിലാണു ഖർഗെ. ചിലർ കാൽതൊട്ടുവണങ്ങുന്നു.

മണ്ഡലത്തിലെ പ്രബല വോട്ട് ബാങ്കായ ബഞ്ചാര പട്ടികവിഭാഗത്തിന്റെ പിൻബലത്തിൽ കടുത്ത പോരാട്ടത്തിനു കോപ്പുകൂട്ടുന്ന ഉമേഷ് ജാദവ് തനിക്ക് എതിരാളിയേ അല്ലെന്നു ഖർഗെ, ‘‘ സർജനായ ഉമേഷിന് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയതു ഞാനാണ്. എത്രത്തോളം മത്സരം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിനാകുമെന്നു നന്നായറിയാം.’’

ഉമേഷ് ജാദവിനെ കൂടാതെ രാഷ്ട്രീയത്തിലേക്കു ഖർഗെ കൈപിടിച്ചു കയറ്റിയ മുൻ കോൺഗ്രസ് മന്ത്രിമാരായ മല്ലികയ്യ ഗുട്ടേദാർ, ബാബുറാവു ചിഞ്ചാസുർ, എ.ബി. മൽകാ റെഡ്ഡി തുടങ്ങിയവരൊക്കെ ഇപ്പോൾ ബിജെപി പാളയത്തിലാണ്. മകനും നിലവിലെ സാമൂഹിക ക്ഷേമ മന്ത്രിയുമായ പ്രിയങ്ക് ഖർഗെയുടെ വരവിനെ തുടർന്നാണു ഗുരുവും ശിഷ്യരും തെറ്റിയത്. അപരാജിതനായ ഖർഗെയെ ഒരുവട്ടമെങ്കിലും മുട്ടുകുത്തിക്കണമെന്നാണു പഴയ ശിഷ്യരുടെ ആഗ്രഹം. ഈ സാഹചര്യത്തിലും മണ്ഡലം കോൺഗ്രസിന്റെ ശക്തികേന്ദ്രം തന്നെയാണ്.

ഹൈദരാബാദ് കർണാടകയ്ക്ക് (ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന മേഖല) പിന്നാക്ക മേഖലാ സംവരണപദവി നേടിക്കൊടുക്കാൻ മഹാമേരുവായി നിലകൊണ്ട ഖർഗെയുടെ ശരീരഭാഷ ഇപ്പോഴും പഴയ ട്രേഡ് യൂണിയൻ നേതാവിന്റേതാണ്.

അളന്നു കുറിച്ച വാക്കുകൾ. നിയമബിരുദധാരിയായ ഖർഗെ തുണിമില്ലിനു നിയമോപദേശം നൽകിയും ട്രേഡ് യൂണിയൻ സംഘടനയായ സംയുക്ത മസ്ദൂർ സംഘയുടെ നേതൃത്വം വഹിച്ചുമൊക്കെയാണു രാഷ്ട്രീയത്തിലേക്കു കടന്നത്. 1972ൽ കലബുറഗിയിലെ ഗുർമിത്കലിൽ നിന്ന് എംഎൽഎയായതു മുതൽ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പരാജയം രുചിച്ചിട്ടില്ല.

രാജ്യമൊട്ടാകെ പാർട്ടിക്കു വേണ്ടി പലയിടങ്ങളിലും പോകേണ്ടതുള്ളതിനാൽ കലബുറഗി മണ്ഡലത്തിൽ അഞ്ചോ ആറോ ദിവസമേ പ്രചാരണത്തിന് ഇറങ്ങിയിട്ടുള്ളൂ എന്നും ഖർഗെ പറഞ്ഞു. ബിജെപി ചെയ്യുന്നതു പോലെ മഠങ്ങളും അമ്പലങ്ങളും തോറും കയറിയിറങ്ങി പിന്തുണ ചോദിക്കുന്നതല്ല തന്റെ രീതിയെന്നും വ്യക്തമാക്കുന്നു, ബുദ്ധമത വിശ്വാസിയും പട്ടിക വിഭാഗക്കാരനുമായ ഈ നേതാവ്.

ഖർഗെ മനോരമയോട്

കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ, രാഹുലിനു പകരം താങ്കളെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പരിഗണിച്ചേക്കാമെന്നു കഴിഞ്ഞ ദിവസം രാജ്യസഭാ എംപി എൽ.ഹനുമന്തയ്യ പറഞ്ഞല്ലോ?
രാഹുൽ ഗാന്ധി തന്നെയാണ് എന്റെ നേതാവ്. പ്രചാരണ വേദികളിൽ പലരും വൈകാരിക പ്രസംഗങ്ങൾ നടത്തിയെന്നു വരും. ബിജെപിയും ആർഎസ്എസും രാജ്യത്ത് വർഗീയ വിഷം പടർത്തുകയാണ്. ഇവരെ തടയാൻ കോൺഗ്രസ് അധികാരത്തിലേറിയേ മതിയാകൂ. കർണാടകയിൽ കോൺഗ്രസ്- ദൾ സഖ്യം ഇക്കുറി 20 സീറ്റ് നേടുമെന്നാണു പ്രതീക്ഷ.

ഖർഗെ-വിരുദ്ധ തരംഗമുണ്ടെന്നും അതു തനിക്ക് അനുകൂലമാകുമെന്നും ഉമേഷ് ജാദവ് പ്രചരിപ്പിക്കുന്നുണ്ടല്ലോ?
കലബുറഗിയുടെ വികസനത്തിനായി അരപ്പതിറ്റാണ്ടു പ്രവർത്തിക്കുന്നു. 1948ൽ 5 ജില്ലകൾക്കായി ഒരു ഇന്റർമീഡിയറ്റ് കോളജ് മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. പഠിക്കാൻ ഹൈദരാബാദിൽ പോകേണ്ടിയിരുന്ന കാലം. ഇന്ന് ഒരു നഗരത്തിൽ 4 മെഡിക്കൽ കോളജുകൾ എന്നായി സ്ഥിതി. ഇന്ദിരാഗാന്ധിയുടെ പത്തിന, ഇരുപതിന പരിപാടികൾ നടപ്പിലാക്കിയും ഭൂപരിഷ്കരണം കൊണ്ടു വന്നും നടത്തിയ പ്രവർത്തനങ്ങൾ ജനം അത്ര വേഗം മറക്കില്ല.

മകൻ പ്രിയങ്ക് ഖർഗെയെ മന്ത്രിയാക്കിയതു കുടുംബ വാഴ്ചയാണെന്ന ബിജെപി ആരോപണത്തെക്കുറിച്ച്?
യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിലൂടെ കഴിവു തെളിയിച്ചാണ് പ്രിയങ്ക് എത്തിയത്. സിദ്ധരാമയ്യ സർക്കാരിൽ മന്ത്രിയായി കഴിവു തെളിയിച്ചിട്ടുമുണ്ട്. കോൺഗ്രസ്- ദൾ ഏകോപന സമിതിയിൽ ഞാൻ അംഗമല്ല. പ്രാദേശിക, ജാതി സമവാക്യങ്ങൾ പരിഗണിച്ചാണ് അവർ മന്ത്രിസ്ഥാനം നിശ്ചയിച്ചത്.

എന്റെ സ്ഥാനാർഥിയോട്, മലപ്പുറം– വിഡിയോ കാണാം

English Summary: Mallikarjuna Kharge’s one-time shishyas going all out stop the victory juggernaut of their political guru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com