ADVERTISEMENT

ജനീവ (സ്വിറ്റ്സർലൻഡ്)∙ കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്തെ നടുക്കിയ ഏറ്റവും വലിയ വ്യവസായ അപകടം ഭോപാൽ വാതക ദുരന്തമാണെന്ന് രാജ്യാന്തര തൊഴിൽ സംഘടന (ഐഎൽഒ). 100 വർഷത്തെ അനുഭവ പാഠം ഉൾക്കൊണ്ടു ഭാവിയിൽ തൊഴിൽ രംഗത്തു സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ നടപടികൾ സംബന്ധിച്ച റിപ്പോർട്ടിലാണു വലിയ വ്യവസായ അപകടങ്ങളുടെ പട്ടിക ഉൾപ്പെടുത്തിയിരിക്കുന്നത്. 1984 ഡിസംബർ 2ന് ഭോപാലിൽ ഉണ്ടായ വാതകച്ചോർച്ചയെ തുടർന്ന് ആയിരങ്ങൾ മരിക്കുകയും ഒരുലക്ഷം പേർ നിത്യരോഗികളാവുകയും ചെയ്‌തു.

1986 ഏപ്രിലിൽ യുക്രെയ്നിലെ ചെർണോബിൽ ആണവ നിലയത്തിലുണ്ടായ പൊട്ടിത്തെറിയാണ് രണ്ടാമത്തെ വലിയ ദുരന്തം. 31 പേർ ഉടനെയും ആയിരങ്ങൾ പിന്നീടും കൊല്ലപ്പെട്ട ചെർണോബിൽ സ്ഫോടനത്തിന്റെ ആഘാതം നാഗസാക്കിയിലും ഹിരോഷിമയിലും പ്രയോഗിച്ച ആണവ ബോംബിന്റെ 100 മടങ്ങ് അധികമായിരുന്നു.

സൂനാമിയെ തുടർന്ന് ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തിലുണ്ടായ സ്ഫോടനം, 1132 പേരുടെ മരണത്തിനിടയാക്കിയ ബംഗ്ലദേശിലെ റാണ പ്ലാസ കെട്ടിട തകർച്ച എന്നിവയാണു പട്ടികയിൽ മുന്നിലുളള മറ്റു ദുരന്തങ്ങൾ. തൊഴിലിനിടെയുണ്ടാകുന്ന അപകടങ്ങളിലും തൊഴിൽ അനുബന്ധ രോഗങ്ങളാലും ലോകത്താകെ ഒരു വർഷം ശരാശരി 27.8 ലക്ഷം തൊഴിലാളികൾ മരിക്കുന്നുണ്ടെന്നും ഐഎൽഒയുടെ റിപ്പോർട്ടിൽ പറയുന്നു.

ഭോപാൽ വാതക ദുരന്തം

മധ്യപ്രദേശ് തലസ്‌ഥാനമായ ഭോപാലിലെ യൂണിയൻ കാർബൈഡ് കമ്പനിയിൽ 1984 ഡിസംബർ രണ്ടിന് അർധരാത്രിയുണ്ടായ വാതകച്ചോർച്ചയാണു വൻ ദുരന്തത്തിൽ കലാശിച്ചത്. മീതൈൽ ഐസോസയനേറ്റ് എന്ന വിഷവാതകമാണു ചോർന്നത്.

3787 പേർ മരണമടഞ്ഞെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, ദുരന്തദിവസങ്ങളിൽ തന്നെ മരിച്ച 8000 പേരും ഇതു സൃഷ്‌ടിച്ച രോഗങ്ങളാൽ മരിച്ച 17,000 പേരും ഉൾപ്പെടെ കാൽലക്ഷം പേർക്കു ജീവൻ നഷ്‌ടപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com