ADVERTISEMENT

ന്യൂഡൽഹി∙ ചീഫ് ജസ്റ്റിസിനെതിരെ അതീവ ഗൗരവമുള്ള ആരോപണം ഉന്നയിച്ച് സുപ്രീം കോടതി മുൻ ജീവനക്കാരി നൽകിയ പരാതിയും സത്യവാങ്മൂലവും 22 ജഡ്ജിമാരുടെ കൈവശമുള്ളപ്പോഴാണ്, ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം അപകടത്തിലെന്നു വ്യക്തമാക്കി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെ‍ഞ്ച് അടിയന്തരമായി ചേർന്നത്. 

സ്ത്രീയുടെ പരാതിയിൽ തുടർനടപടിയുണ്ടാകുന്നതിനു പകരം, ആരോപണവിധേയനായ ചീഫ് ജസ്റ്റിസ് മറ്റാരിലൂടെയുമല്ല, നേരിട്ടുതന്നെ തന്റെ ഭാഗം കോടതിയിൽ വ്യക്തമാക്കുകയാണു ചെയ്തത്. മറുഭാഗം പറയാൻ പരാതിക്കാരിയില്ല. അവർ ക്രിമിനൽ കേസിൽ പ്രതിയാണെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഏകപക്ഷീയ നടപടിയുടെ ഗൗരവം വർധിപ്പിക്കുന്നു. 

മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവർത്തന രീതിയെ പരസ്യമായി വിമർശിച്ച 4 ജഡ്ജിമാരിലൊരാളാണ് ചീഫ് ജസ്റ്റിസ് ഗൊഗോയ്. ജനാധിപത്യവും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും അപകടത്തിലാണെന്നായിരുന്നു ജസ്റ്റിസ് മിശ്രയെ വിമർശിച്ചവർ നൽകിയ മുന്നറിയിപ്പ്. ജുഡീഷ്യറി പ്രതിസന്ധിയിലാകുന്ന സാഹചര്യങ്ങളിൽ കൊളീജിയത്തിലുള്ള ജഡ്ജിമാരോ ഫുൾ കോർട്ട് തന്നെയോ യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യണമെന്നും അവർ നിലപാടെടുത്തിരുന്നു. ഇന്നലെ ചീഫ് ജസ്റ്റിസിനൊപ്പം ബെഞ്ചിലുണ്ടായിരുന്നത് സീനിയോറിറ്റിയിൽ നാലാമതും ഇരുപത്തേഴാമതുമുള്ള ജഡ്ജിമാരാണ്. 

ചീഫ് ജസ്റ്റിസ് ഗൊഗോയ്ക്കെതിരെ ആരോപണമുണ്ടായപ്പോൾ, അത് ജുഡീഷ്യറി നേരിടുന്ന ഭീഷണിയാണെന്നു വിലയിരുത്തലുണ്ടായി. പക്ഷേ, അത്തരത്തിൽ മാത്രം വിഷയത്തെ പരിമിതപ്പെടുത്താനുള്ള ശ്രമമാണുണ്ടായത്. പരാതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് അടിയന്തരമായി ചേരാൻ കോടതിയെ പ്രേരിപ്പിച്ചതെന്നു സൂചനയുണ്ട്. ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങൾക്കുശേഷം, മാധ്യമങ്ങൾ സംയമനം പാലിക്കണമെന്ന അഭ്യർഥന മാത്രമായി കോടതിയുടെ ഉത്തരവു വന്നത് ശ്രദ്ധേയമാണ്. 

പരാതിക്കാരി പ്രധാനമായും രണ്ടു വിഷയങ്ങളാണ് ഉന്നയിച്ചത്: താൻ പീഡനശ്രമത്തിനിരയായി, അതിന്റെ ബാക്കിയായി താനും കുടുംബവും പല തരത്തിൽ വേട്ടയാടപ്പെടുന്നു. ഇതിൽ രണ്ടാമത്തെ വിഷയം പ്രധാനമന്ത്രിയുടെ ഓഫിസിലും ആഭ്യന്തരമന്ത്രിയുടെ ഓഫിസിലും ദേശീയ മനുഷ്യാവകാശ കമ്മിഷനിലും വനിതാ കമ്മിഷനിലും ഡൽഹി ലഫ്റ്റനന്റ് ഗവർണറോടും പരാതിക്കാരി രേഖാമൂലം ഉന്നയിച്ചിരുന്നു.  കുടുംബത്തിനു നേരെയുണ്ടായ നടപടികൾക്കിടെ, താൻ പീഡനശ്രമത്തിനിരയായെന്നു പൊലീസിനോടു വെളിപ്പെടുത്തിയതാണെന്നു പരാതിക്കാരി പറയുന്നു. എന്നാൽ, ഒരിടത്തും തുടർനടപടിയുണ്ടായതായി സൂചനയില്ല. 

സുപ്രീം കോടതിയിൽ ഉണ്ടാകുന്ന പീഡന പരാതികൾ പരിഗണിക്കാൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര അധ്യക്ഷയായ 11 അംഗ സമിതിയെയാണ് ചീഫ് ജസ്റ്റിസ് നിയോഗിച്ചിട്ടുള്ളത്. ഈ സമിതിക്കു പ്രത്യേകമായി പരാതി ലഭിച്ചതായി സൂചനയില്ല. എന്നാൽ, 22 ജഡ്ജിമാർക്കു പരാതി ലഭിച്ചിട്ടുണ്ട്. അപ്പോൾ, രണ്ടാമത്തെ മുതിർന്ന ജഡ്ജിയോ, സമിതിയോ വിഷയം പരിശോധിക്കട്ടെ എന്ന നിലപാട് ചീഫ് ജസ്റ്റിസ് സ്വീകരിച്ചില്ലെന്നും വിമർശനമുണ്ട്. 

സർക്കാരിന്റെ പിന്തുണ

ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവവുമായി ബന്ധപ്പെട്ടതും അതീവ പൊതു പ്രാധാന്യമുള്ളതുമായ വിഷയം സോളിസിറ്റർ ജനറൽ തുഷാർ മേത്ത പരാമർശിച്ചതിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച പ്രത്യേക ബെഞ്ച് വിഷയം പരിഗണിക്കുന്നുവെന്നാണ് ഇന്നലെ രാവിലെ 10ന് അഡീഷനൽ റജിസ്ട്രാർ നോട്ടീസിലൂടെ വ്യക്തമാക്കിയത്. 

10.30നു വിഷയം കോടതി ചേർന്നപ്പോൾ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലും തുഷാർ മേത്തയും ഹാജരായിരുന്നു. സർക്കാരിനെ ന്യായീകരിച്ചതിനു തനിക്കെതിരെ അഭിഭാഷകരിൽ ചിലർ ആരോപണമുന്നയിച്ചെന്ന് അറ്റോർണി ജനറൽ പറഞ്ഞു. തന്നെ പരാതിക്കാരനാക്കി കേസ് റജിസ്റ്റർ ചെയ്ത്  നടപടി മുന്നോട്ടു കൊണ്ടുപോകാവുന്നതാണെന്ന്  തുഷാർ മേത്ത പറഞ്ഞു. ഇതു പരിശോധിക്കാമെന്നു കോടതി പറഞ്ഞു. 

ചീഫ് ജസ്റ്റിസ് തന്റെ ഭാഗം വിശദീകരിച്ചും പ്രതിസന്ധിയുടെ ഗൗരവം സൂചിപ്പിച്ചും പരാമർശങ്ങൾ നടത്തി. ആരോപണം ചീഫ് ജസ്റ്റിസിനെതിരെ ആയതിനാൽ, അദ്ദേഹമുൾപ്പെടുന്ന ബെഞ്ചിന്റേതായി ജുഡീഷ്യൽ ഉത്തരവു നൽകുന്നില്ലെന്നും മാധ്യമങ്ങൾ പാലിക്കേണ്ട സംയമനത്തെക്കുറിച്ചു മാത്രം പറയുകയാണെന്നും കോടതി വ്യക്തമാക്കി. ജനത്തിന് ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ തകർക്കാനാവില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com