ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ ‌പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നതിലെ നേട്ടങ്ങൾ നേതൃത്വത്തെ അറിയിച്ചു കോൺഗ്രസിന്റെ യുപി ഘടകം. സാമുദായിക, പ്രതിപക്ഷ പിന്തുണ സമാഹരിക്കുന്നതു മുതൽ, മണ്ഡല‌ത്തിലെ വികസന കാര്യങ്ങളിലെ ജനവികാരവും പ്രിയങ്കയുടെ ഗംഗാപ്ര‌യാണത്തിനു ലഭിച്ച സ്വ‌ീകാര്യതയും വരെ വിജയഘടകമായി സംസ്ഥാന നേ‌തൃത്വം ചൂണ്ടിക്കാട്ടുന്നു. 

റിങ് റോഡ് പദ്ധതിയ്ക്കായി കർഷകരിൽനിന്നു വാങ്ങിയ ഭൂമിക്ക് അർഹിച്ച വില നൽകിയില്ല, മണ്ഡലത്തിലെ നിർമാണ പ്രവർത്തനങ്ങൾ ഗുജറാത്തിൽനിന്നുള്ള കരാ‌റുകാർക്കു നൽകി, വാരാണസി ഇടനാഴിയുടെ പേരിൽ പൈതൃക കെട്ടിടങ്ങൾ ഇടിച്ചുനിരത്തി തുടങ്ങ‌ിയ ആക്ഷേപങ്ങൾ മോദിക്കെതിരെയുണ്ടെന്നു നേതൃത്വം ചൂ‌ണ്ടിക്കാട്ടുന്നു. 

മണ്ഡലത്തിലെ കന്നിവോട്ടർമ‌ാരുടെയും സ്ത്രീ വോട്ടർമാരുടെയും പ്രധാന്യം പ്രിയങ്കയ്ക്കു ഗുണം ചെയ്യുമെന്നതാണു മറ്റൊന്ന്. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങളിലുമുണ്ടു ‌പ്രതീക്ഷ. സമാജ്‌വാദി പാർട്ടിക്കു സ്വാധീനമുള്ള ഒന്നരലക്ഷം യാദവ വോ‌ട്ടുകൾ, ബിഎസ്പിക്കൊപ്പമുള്ള 80,000ത്തോളം ദളിത് വോ‌ട്ടർമാർ, 3 ലക്ഷത്തോളമുള്ള മുസ്‌ലിം വിഭാഗം എന്നിവർ നിർണായകമാവും. കോൺഗ്രസിന്റെ പരമ്പരാഗത വോ‌ട്ടുബാങ്കായിരുന്ന രണ്ടരലക്ഷം ബ്രാഹ്മണരും ഒന്നരലക്ഷം  ഭൂമിഹാറുകളും ഇപ്പോൾ ഏറെക്കുറെ ബിജെപി‌ക്കൊപ്പമാണ്. ഇവരെ തിരിച്ചെത്തിക്കാനും വൈശ്യ, രജപുത്ര, ചൗരസ്യ വിഭാഗങ്ങളിൽനിന്നു വോട്ടടർത്താനും പ്രിയങ്കയ്ക്കു കഴിയുമെന്നാണു പ്രതീക്ഷ. 

പൊതു സ്ഥാനാർഥിയെന്ന നിലയിലും പ്രിയങ്ക സ്വീകാര്യയാവും. മോദിക്കെതിരെ പൊതു സ്ഥാനാർഥിയെന്ന ലക്ഷ്യവുമായി ദിവസങ്ങൾക്കു മുൻപ്, ഇവിടെ സിപിഎം നേതാവ് ഹിരാലാൽ യാദവ് യോഗം വിളിച്ചിരുന്നു. 2014ൽ മണ്ഡലത്തിൽ വൈകി സ്ഥാനാർഥിത്വം പ്രഖ്യാപിച്ച അരവിന്ദ് കേ‌ജ്‌രിവാൾ മോദി തംരഗത്തിനിടയിലും 2 ലക്ഷം വോട്ടു സമാഹരിച്ചത‌ും കോൺഗ്രസിനു പ്രതീക്ഷ നൽകുന്നു. 

പ്രിയങ്കയുടെ സ്ഥാനാർഥിത്വം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തള്ളിയിട്ടില്ല. മോദിക്കു മറ്റൊരു സുരക്ഷിത മണ്ഡലത്തിൽ കൂടി മത്സരിക്കാൻ അവസരം നൽകാതിരിക്കാനാണു സ്ഥാനാർഥിത്വം വൈകിപ്പിക്കുന്നതെന്നു വാദിക്കുന്നവരും പാർട്ടിയിലുണ്ട്. 29 നാണ് ഇവിടെ നാമനിർദേശപത്രിക നൽകാനുള്ള അവസാന തിയതി. 

ഏതായാലും ഒന്നുറപ്പ്, പ്രിയങ്ക മത്സരത്തിനു തയാറായാൽ, ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ആകാംഷ നിറഞ്ഞ പോരാട്ടമായിരിക്കും വാരാണസിയിലേത്. ഒരുപക്ഷേ, 23നു രാജ്യത്തിന്റെ പൊതുവിധിയെക്കാൾ ഇവിടത്തെ ജയപരാജയത്തിനു പ്രധാന്യമേറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com