ADVERTISEMENT

പട്‌ന ∙ തിരഞ്ഞെടുപ്പിൽ ആൾബലം ഉറപ്പാക്കാനാണ് രാഷ്ട്രീയ കക്ഷികൾ അധോലോക സംഘങ്ങളെ പ്രീണിപ്പിക്കുന്നത്. ബൂത്ത് പിടിത്തമൊക്കെ കുറഞ്ഞെങ്കിലും ഗുണ്ടാനേതാക്കളുടെ രാഷ്ട്രീയ സ്വാധീനം നഷ്ടമായിട്ടില്ല. പലരും അകത്താകുമ്പോൾ ഭാര്യമാർ സ്ഥാനാർഥികളായി വരും. ബിഹാറിലെ സ്ഥാനാർഥിപ്പട്ടികയിലെ അധോലോക ‘നായികമാർ’. 

വിഭാദേവി

നവാഡയിലെ ആർജെഡി സ്ഥാനാർഥി. തിരഞ്ഞെടുപ്പിൽ പുതുമുഖം. ഭർത്താവ് മുൻ എംഎൽഎ രാജ്‌വല്ലഭ് യാദവ്. 

സ്കൂൾ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ മൂന്നു വർഷം മുൻപു ശിക്ഷിക്കപ്പെട്ട ശേഷം തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനു വിലക്കുണ്ട്. 

ഹിന ഷഹാബ്

സിവാനിലെ ആർജെഡി സ്ഥാനാർഥി. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും സിവാനിൽ പരാജയപ്പെട്ടെങ്കിലും വീണ്ടും സ്ഥാനാർഥിത്വം. കൊലക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മുൻ എംപി മുഹമ്മദ് ഷഹാബുദീന്റെ ഭാര്യ. 

കവിത സിങ്

സിവാനിൽ ഹിനയ്ക്കെതിരെ മൽസരിക്കുന്ന ജനതാദൾ (യു) എംഎൽഎ. സിവാനിൽ മുഹമ്മദ് ഷഹാബുദീനെ എതിരിട്ടിരുന്ന സംഘത്തലവൻ അജയ് സിങ്ങിന്റെ ഭാര്യ. അജയ് സിങ്ങിന്റെ അമ്മ ജഗ്‌മാതോ എംഎൽഎയായിരിക്കെ മരിച്ചതിനെ തുടർന്ന് ഒഴിവിൽ മത്സരിക്കാൻ അജയ് സിങ്ങിനു ക്രിമിനൽ കേസുകൾ തടസ്സമായിരുന്നു. ധരൗന്ദ നിയമസഭാ മണ്ഡലത്തിലെ ജെഡിയു ടിക്കറ്റ് കുടുംബത്തിൽ തന്നെ നിലനിർത്താനാണ് അന്ന് അജയ് സിങ് കവിതയെ വിവാഹം ചെയ്തു സ്ഥാനാർഥിയാക്കിയത്. വിവാഹത്തിനായി അജയ് സിങ്ങിന്റെ പത്രപ്പരസ്യം കണ്ട് അപേക്ഷിച്ച 16 സുന്ദരിമാരിൽ ബിരുദാനന്തര ബിരുദധാരിയായ കവിതയ്ക്കായിരുന്നു നറുക്കു വീണത്. ചപ്രയിലെ ആഡംബര ഹോട്ടലിലായിരുന്നു അജയ് സിങ്ങിന്റെ സ്വയംവര ഇന്റർവ്യൂ. വധുവാകാൻ വോട്ടർ പട്ടികയിൽ പേരും വോട്ടർ തിരിച്ചറിയൽ കാർഡും വേണമെന്നതായിരുന്നു മുഖ്യ ഉപാധി. അമ്മായിയമ്മയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു വോട്ട് എന്നതായിരുന്നു നവവധുവിന്റെ തിരഞ്ഞെടുപ്പു മുദ്രാവാക്യം. 

നീലം ദേവി

മുംഗേറിലെ കോൺഗ്രസ് സ്ഥാനാർഥി. സ്വതന്ത്ര എംഎൽഎയും ഗുണ്ടാനേതാവുമായ ആനന്ദ് സിങ്ങിന്റെ ഭാര്യ. ആനന്ദ് സിങ് കോൺഗ്രസ് ടിക്കറ്റിനായി ശ്രമിച്ചെങ്കിലും ക്രിമിനൽ പശ്ചാത്തലം തടസ്സമായിരുന്നു. 

വീണാദേവി

മുംഗേർ സിറ്റിങ് എംപിയായ വീണാദേവിയെ ലോക് ജനശക്തി പാർട്ടി (എൽജെപി) ഇത്തവണ വൈശാലിയിലാണു സ്ഥാനാർഥിയാക്കിയത്. മുൻ എംപിയും കൊലക്കേസ് പ്രതിയുമായ സൂരജ് ഭാന്റെ ഭാര്യ. 

രഞ്ജിത രഞ്ജൻ

കോൺഗ്രസ് സിറ്റിങ് എംപിയായ രഞ്ജിത് രഞ്ജൻ സുപോലിൽ വീണ്ടും മൽസരിക്കുന്നു. ഭർത്താവും മധേപുരയിലെ സിറ്റിങ് എംപിയുമായ പപ്പു യാദവ് കൊലക്കേസ് പ്രതിയായിരുന്നെങ്കിലും കോടതി വിട്ടയച്ചിരുന്നു. കഴിഞ്ഞ തവണ ആർജെഡി ടിക്കറ്റിൽ മൽസരിച്ചു ജയിച്ച ശേഷം പാർട്ടി വിട്ട പപ്പു യാദവ് ഇക്കുറി സ്വതന്ത്ര സ്ഥാനാർഥിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com