ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ന്യൂഡൽഹി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൽസരിക്കുമെന്ന അഭ്യൂഹം ശക്തം. ഡൽഹിയിലെ 7 ലോക്സഭാ മണ്ഡലങ്ങളിൽ നാലെണ്ണത്തിലാണ് ബിജെപി ഇന്നലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ന്യൂഡൽഹി ഉൾപ്പെടെ 3 മണ്ഡലങ്ങൾ ഒഴിച്ചിട്ടു.

യുപിയിലെ വാരാണസി കൂടാതെ ഒരു സുരക്ഷിത മണ്ഡലത്തിൽ കൂടി മോദി മൽസരിക്കുമെന്നും ന്യൂഡൽഹി സജീവ പരിഗണനയിലാണെന്നുമുള്ള അഭ്യൂഹം ശക്തമാണ്. വാരാണസിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മൽസരിച്ചേക്കുമെന്ന സൂചനകളും ശക്തമാണ്.

മോദി കളത്തിലിറങ്ങിയാൽ ഡൽഹിയിലെ മുഴുവൻ സീറ്റുകളും തൂത്തുവാരാമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. അയൽ സംസ്ഥാനമായ ഹരിയാനയിലെ 10 സീറ്റുകളിലും പ്രയോജനം ചെയ്യുമെന്നും പാർട്ടി നേതാക്കൾ കരുതുന്നു. ഡൽഹി പിടിക്കുന്നവർ രാജ്യം ഭരിക്കുമെന്ന വിശ്വാസവും ഇതിനു പിന്നിലുണ്ട്.

ഡൽഹിയിലെ പ്രബല വ്യാപാരി സമൂഹമായ ബനിയകളുടെ യോഗത്തിൽ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പങ്കെടുത്തത് അഭ്യൂഹങ്ങൾക്കു ശക്തി പകർന്നിട്ടുണ്ട്. എന്നാൽ, മോദി സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയും പിന്നാലെ എഎപി–കോൺഗ്രസ് സഖ്യം ഭിന്നതകൾ മറന്ന് സംയുക്ത സ്ഥാനാർഥിയെ നിർത്തുകയും കൂടി ചെയ്താൽ തീപാറുന്ന പോരാട്ടത്തിനാവും ന്യൂഡൽഹി മണ്ഡലം വേദിയാവുക. ഡൽഹിയിൽ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെയായതിനാൽ ഇക്കാര്യത്തിൽ തീരുമാനം വൈകില്ല.

ഡൽഹിയിലെ ചാന്ദ്‍നി ചൗക്കിൽ കേന്ദ്രമന്ത്രി ഡോ. ഹർഷ്‍വർധൻ, നോർത്ത് ഈസ്റ്റ് ഡൽഹിയിൽ സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി, വെസ്റ്റ് ഡൽഹിയിൽ പർവേഷ് സാഹിബ് സിങ് വർമ, സൗത്ത് ഡൽഹിയിൽ രമേശ് ബിധുഡി എന്നിവരെയാണു ബിജെപി സ്ഥാനാർഥികളായി പ്രഖ്യാപിച്ചത്. നാലുപേരും ഇതേ സീറ്റുകളിലെ ബിജെപിയുടെ സിറ്റിങ് എംപിമാരാണ്.

പഞ്ചാബിലെ അമൃത്‍സറിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, മധ്യപ്രദേശിലെ ഇൻഡോറിൽ ശങ്കർ ലാൽവാനി എന്നിവരെയും സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. 2014ൽ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി കോൺഗ്രസിന്റെ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനോട് തോറ്റ മണ്ഡലമാണ് അമൃത്‍സർ. ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജന്റെ സിറ്റിങ് സീറ്റാണ് ഇൻഡോർ.

പ്രായം 75 കഴിഞ്ഞവർക്കു സീറ്റില്ലെന്ന തീരുമാനത്തിന്റെ പേരിലാണു സുമിത്ര മഹാജനു സീറ്റു ലഭിക്കാതിരുന്നതെന്നാണു പറയപ്പെടുന്നത്. എന്നാൽ മൽസരത്തിനില്ലെന്നു കഴിഞ്ഞ ദിവസം അവർ വ്യക്തമാക്കിയിരുന്നു. അരുൺ ജയ്റ്റ്ലിയും മത്സരത്തിനില്ലെന്നാണ് അമൃത്‍സറിലെ സ്ഥാനാർഥി പ്രഖ്യാപനം നൽകുന്ന സൂചന.

ഇതിനിടെ, മോദിക്കെതിരെ മൽസരിക്കാൻ ഒരുക്കമാണെന്ന് പാർട്ടിയുടെ നേതൃനിരയെ ഒന്നിലേറെ തവണ പ്രിയങ്ക അറിയിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. പ്രിയങ്ക മൽസരിക്കുന്നതു സംബന്ധിച്ചു സോണിയാ ഗാന്ധി ഇനിയും മനസ്സു തുറന്നിട്ടില്ല. മേയ് 19നു വോട്ടെടുപ്പ് നടക്കുന്ന വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 29 ആണെന്നതിനാൽ, ഈയാഴ്ച ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

ആകെ 420 സീറ്റുകളിൽ മൽസരിക്കുന്ന കോൺഗ്രസ്, ഇതുവരെ 409 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും വാരാണസി ഒഴിച്ചിട്ടിരിക്കുകയാണ്. എസ്പി – ബിഎസ്പി സഖ്യവും അവിടെ സ്ഥാനാർഥിയെ നിശ്ചയിച്ചിട്ടില്ല.

പ്രിയങ്കയെ കളത്തിലിറക്കുന്നതിലൂടെ പ്രചാരണരംഗത്ത് മോദിയെ വാരാണസിയിൽ തളച്ചിടാമെന്നാണു കോൺഗ്രസ് കണക്കുകൂട്ടൽ. മോദിയെ മുന്നിൽ നിർത്തി രാജ്യവ്യാപകമായി ബിജെപി നടത്തുന്ന പ്രചാരണം വാരാണസിയിൽ ഒതുങ്ങിയാൽ, ബിജെപി പ്രതീക്ഷ പുലർത്തുന്ന മറ്റു മണ്ഡലങ്ങൾ പിടിക്കാൻ വഴിതെളിയുമെന്നു കോൺഗ്രസ് വിലയിരുത്തുന്നു.

കണ്ണൂരിൽ ആർ‌ക്കൊപ്പം? വോട്ടർമാർ പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com