sections
MORE

ഇന്ത്യക്ക് രാജ്യാന്തര പിന്തുണ; ഇന്ത്യ–ചൈന ബന്ധം മെച്ചപ്പെടാനും സഹായകം

Narendra Modi, Masood Azhar, Xi Jinping
നരേന്ദ്ര മോദി, മസൂദ് അസ്‌ഹർ ഷി ചിൻപിങ്
SHARE

ന്യൂഡൽഹി ∙ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ യുഎൻ രക്ഷാസമിതി രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചത് 10 വർഷമായി ഇന്ത്യ നടത്തുന്ന നയതന്ത്ര ശ്രമങ്ങളുടെ വിജയമായി.  അൽ ഖായിദയുമായി ബന്ധപ്പെട്ടുള്ള ഭീകരപ്രവർത്തനങ്ങളുടെ പേരിലാണ് മസൂദിനെതിരെയുള്ള നടപടി.

യുഎസും യുകെയും ഫ്രാൻസും സംയുക്തമായി അവതരിപ്പിച്ച പ്രമേയത്തിൽ പുൽവാമ ഭീകരാക്രമണവും പരാമർശിച്ചിരുന്നു. എന്നാൽ, ചൈനയുടെ സമ്മർദത്തെത്തുടർന്ന് ഈ പരാമർശം ഒഴിവാക്കി. കശ്മീരിലെ ഭീകരപ്രവർത്തനങ്ങളിൽ മസൂദിനുള്ള പങ്കും യുഎൻ പരാമർശിക്കുന്നില്ല.

ഏതെങ്കിലും സംഭവത്തിന്റെ മാത്രം പേരിലല്ല, ഒട്ടേറെ ഭീകരപ്രവർത്തനങ്ങളിൽ മസൂദിനുള്ള പങ്കിനെക്കുറിച്ച് ഇന്ത്യ യുഎൻ അംഗങ്ങൾക്കു ലഭ്യമാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.

പ്രക്രിയ തുടങ്ങിയത് 2009 ലാണ്. ചൈനയുടെ പുതിയ നിലപാട് ഇന്ത്യ– ചൈന ബന്ധം മെച്ചപ്പെടുത്താൻ സഹായകമാകുമെന്നും വക്താവ് പറഞ്ഞു. പുൽവാമ ആക്രമണം യുഎൻ നടപടിക്കു പ്രേരണയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എന്നാൽ, പുൽവാമയുമായി ബന്ധപ്പെടുത്താനുള്ള ശ്രമമുൾപ്പെടെ, രാഷ്ട്രീയ സ്വഭാവമുള്ള പരാമർശങ്ങളെല്ലാം ഒഴിവാക്കിയ ശേഷമാണ് തങ്ങൾ യുഎൻ സമിതിയുടെ നീക്കത്തെ പിന്തുണച്ചതെന്നു പാക്ക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ‘ഭേദഗതി ചെയ്ത രേഖകൾ’ സൂക്ഷ്മായി പഠിച്ചും വിവിധ കക്ഷികളുടെ അഭിപ്രായങ്ങൾ കണക്കിലെടുത്തുമാണ് പുതിയ നിലപാടെന്ന് ചൈന വ്യക്തമാക്കി. 

തങ്ങളുടെ നയതന്ത്രത്തിന്റെ വിജയമാണ് തീരുമാനമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു.  രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കപ്പെട്ടതോടെ മസൂദ് അസ്ഹർ 3 തരം ഉപരോധങ്ങൾക്കു വിധേയനാവും

∙ആസ്തികളും ഫണ്ടും വരുമാന മാർഗങ്ങളും എല്ലാ യുഎൻ അംഗരാജ്യങ്ങളും മരവിപ്പിക്കും.

∙ഒരു രാജ്യവും പ്രവേശനം അനുവദിക്കില്ല. രാജ്യങ്ങളിലൂടെ യാത്രയ്ക്കും വിലക്ക്. 

∙നേരിട്ടോ അല്ലാതെയോ ആയുധങ്ങൾ ശേഖരിക്കുന്നത് എല്ലാ രാജ്യങ്ങളും തടയും.

2009 ലാണ് ഇന്ത്യ ആദ്യമായി മസൂദ് അസ്ഹറിനെതിരെ യുഎന്നിൽ പ്രമേയം അവതരിപ്പിച്ചത്. 2016 ൽ വൻശക്തികളായ യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കൊപ്പം ചേർന്നായിരുന്നു നീക്കം.  2016ൽ പഠാൻകോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തെ തുടർന്നായിരുന്നു ഇത്.

2017 ലും വൻശക്തികൾ പുതിയ പ്രമേയം കൊണ്ടുവന്നു.  ഈ മൂന്നു ഘട്ടത്തിലും പാക്കിസ്ഥാനുവേണ്ടി ചൈന ഇന്ത്യയുടെ ശുപാർശകൾക്കെതിരെ വീറ്റോ അധികാരം പ്രയോഗിച്ചു. പുൽവാമയ്ക്കുശേഷം യുഎസ് നേതൃത്വത്തിൽ വൻശക്തികൾ കൊണ്ടുവന്ന പ്രമേയവും കഴിഞ്ഞ മാർച്ച് 13നു തടഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA