ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന 3 ഘട്ടങ്ങളിലേക്കു കടക്കുന്നതിനിടെ പാക്ക് ഭീകരൻ മസൂദ് അസ്ഹറിനെതിരായ യുഎൻ നടപടിയുടെ രാഷ്ട്രീയനേട്ടം പരമാവധി പ്രയോജനപ്പെടുത്താൻ ബിജെപി. ദേശീയതാ മുദ്രാവാക്യത്തിനു കരുത്തു പകരുന്ന ഈ നീക്കം നിർണായക രാഷ്ട്രീയ മുന്നേറ്റത്തിനു വഴിയൊരുക്കുമെന്നു പാർട്ടി വിലയിരുത്തുന്നു. 

രാജ്യത്തിന്റെ നേട്ടം അംഗീകരിച്ചാൽ രാഷ്ട്രീയമായി വില കൊടുക്കേണ്ടി വരുമെന്ന ആശങ്കയിലാണു പ്രതിപക്ഷമെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലിയും പ്രതിരോധ മന്ത്രി നിർമല സീതാരാമനും ആരോപിച്ചു. മോദി സർക്കാരിന്റെ നിരന്തര പരിശ്രമങ്ങളാണു വൻ നയതന്ത്ര വിജയത്തിൽ കലാശിച്ചത്. എന്നാൽ, ദേശസുരക്ഷയുടെ കാര്യത്തിൽ കോൺഗ്രസ് നിലപാടിലെ വൈരുധ്യം വ്യക്തമാണെന്ന് അവർ പറഞ്ഞു.

മസൂദിനെതിരെ നടപടിയുണ്ടായതിൽ കോൺഗ്രസിനു പങ്കില്ലെന്നു വരുത്താനായിരുന്നു നേതാക്കളുടെ മുഖ്യപരിശ്രമം. മസൂദിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിനു 2009 ൽ തുടങ്ങിവച്ച നീക്കങ്ങളാണ് ഇപ്പോൾ ഫലം കണ്ടതെന്നു കോൺഗ്രസ് അവകാശപ്പെട്ടിരുന്നു. 

പുൽവാമ ഭീകരാക്രമണമോ കശ്മീരിലെ ഭീകരതയിൽ മസൂദിന്റെ പങ്കാളിത്തമോ യുഎൻ പരാമർശിക്കുന്നില്ലെന്ന വിമർശനം ജയ്റ്റ്‌ലി തള്ളി. മസൂദിനെ ഭീകരനായി പ്രഖ്യാപിച്ച് അയാളുടെ ബയോ ഡേറ്റ പുറത്തു വിടുകയല്ല യുഎൻ ചെയ്തത്. അയാളുടെ ഓരോ പ്രവൃത്തിയുടെയും വിശദാംശങ്ങൾ നൽകണമെന്ന് എന്താണു നിർബന്ധം? ജയ്റ്റ്‌ലി ചോദിച്ചു. 

‘ഇന്ത്യയ്ക്കാകെ ഇത് അഭിമാനം, രാജ്യമൊന്നാകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. എന്നാൽ, ആഘോഷത്തിൽ പങ്കുചേർന്നാൽ രാഷ്ട്രീയമായി വില കൊടുക്കേണ്ടി വരുമെന്നു പ്രതിപക്ഷം ഭയപ്പെടുന്നു– ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com