ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാജ്യതലസ്ഥാന നഗരിയിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ. സ്വന്തം കുറവുകൾ ജവാഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും തലയിൽ കെട്ടിവയ്ക്കുകയാണു മോദിയെന്ന് പ്രിയങ്ക ആരോപിച്ചു. ‘‘ഗൃഹപാഠം ചെയ്യാത്തതിനു ബാലിശമായ കാരണങ്ങൾ പറയുന്ന സ്കൂൾ കുട്ടിയെ പോലെയാണ് അദ്ദേഹം. എന്തുകൊണ്ട് ഗൃഹപാഠം ചെയ്തില്ല എന്ന് അധ്യാപിക ചോദിക്കുമ്പോൾ, നെഹ്റു എന്റെ പുസ്തകം ഒളിച്ചുവച്ചു, ഗൃഹപാഠം എഴുതിയ കടലാസു കൊണ്ട് ഇന്ദിര ബോട്ടുണ്ടാക്കി എന്നൊക്കെ പറയുന്നതു പോലെയാണു മോദിയുടെ വാദങ്ങൾ’’ – പ്രിയങ്ക പരിഹസിച്ചു.

‘‘ ഡൽഹിയിൽ നിന്നുള്ള സ്ത്രീയെന്ന നിലയിൽ ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുന്നു; 2014 ൽ നൽകിയ വ്യാജ വാഗ്ദാനങ്ങളുടെ പേരിൽ ഇവിടുത്തെ ജനങ്ങളെ സമീപിക്കാൻ താങ്കൾക്കു ധൈര്യമുണ്ടോ? മോദിയുടെ വീരവാദങ്ങൾ കേട്ട് ഡൽഹി മടുത്തു. മെഹ്റോളി മുതൽ മജ്നു കാ ടീല വരെ ഡൽഹിയുടെ ഓരോ മേഖലയും എനിക്കറിയാം. ലോക് കല്യാൺ മാർഗിലെ വസതി (പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതി) മാത്രമേ അദ്ദേഹത്തിനറിയൂ.’’– പ്രിയങ്ക പറഞ്ഞു.

പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു പിന്നാലെയാണ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഡൽഹിയിൽ പ്രചാരണത്തിനിറങ്ങിയത്. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് മത്സരിക്കുന്ന വടക്കു കിഴക്കൻ ഡൽഹിയിലും ബോക്സർ വിജേന്ദർ സിങ് സ്ഥാനാർഥിയായ തെക്കൻ ഡൽഹിയിലും പ്രിയങ്ക റോഡ് ഷോ നടത്തി. യുപിക്കു പുറത്ത് പ്രിയങ്ക പ്രചാരണം നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണു ഡൽഹി. കേരളം (വയനാട്), അസം എന്നിവയാണു മറ്റുള്ളവ.

ഈ മാസം 12നു തിരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ കോൺഗ്രസ് വിജയപ്രതീക്ഷ പുലർത്തുന്ന സ്ഥാനാർഥികളിലൊരാളാണു ഷീല. കഴിഞ്ഞ ദിവസം ചാന്ദ്നിചൗക്കിൽ പ്രചാരണം നടത്തിയ രാഹുൽ ഇന്നു വീണ്ടും നഗരത്തിെലത്തും. ഇതേസമയം, പ്രിയങ്കയുടെ റോഡ് ഷോയ്ക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗത്തെത്തി. നഗരത്തിൽ പ്രചാരണം നടത്തി പ്രിയങ്ക സമയം പാഴാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

യുപിയിൽ എസ്പി – ബിഎസ്പി കക്ഷികൾക്കെതിരെയും ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കെതിരെയുമാണു പ്രിയങ്കയും രാഹുലും പ്രചാരണം നടത്തുന്നത്. ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥലങ്ങളിലേക്ക് അവർ പോകുന്നില്ലെന്നും കേജ്‍രിവാൾ കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com