sections
MORE

വ്യാപാരയുദ്ധം: ട്രംപിന്റെ അടുത്ത ലക്ഷ്യം ഇന്ത്യ

donald-trump-and-golan-issues
ഡോണാൾഡ് ട്രംപ്
SHARE

ന്യൂഡൽഹി ∙ ചൈനയ്ക്കെതിരെ വ്യാപാരയുദ്ധം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത ലക്ഷ്യം ഇന്ത്യ. യുഎസ് കമ്പനികൾക്ക് ഏർപ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങൾ ഇന്ത്യയിൽ ഇനി അധികാരമേൽക്കുന്ന സർക്കാർ എടുത്തുകളയണമെന്നു യുഎസ് വ്യാപാര സെക്രട്ടറി വിൽബർ റോസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ ചൈനയുടെ ഉൽപന്നങ്ങൾക്കു തീരുവ 25 ശതമാനമായി ഉയർത്തിയതിനു സമാനമായ നടപടികൾ ഇന്ത്യക്കെതിരെയും വരുമെന്നു തീർച്ച.

ഇന്ത്യയിൽ നിന്നു യുഎസ് ഇറക്കുമതി ചെയ്യുന്ന പല ഉൽപന്നങ്ങൾക്കും നികുതിയില്ല. എന്നാൽ, യുഎസിൽനിന്ന് ഇന്ത്യ വാങ്ങുന്ന പല ഉൽപന്നങ്ങൾക്കും 20 ശതമാനമാണു നികുതി. നികുതിയിലെ ഈ വ്യത്യാസം അംഗീകരിക്കാനാവില്ലെന്നാണു യുഎസ് നിലപാട്. കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയ വിൽബർ റോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിനെയും ഇക്കാര്യമറിയിച്ചിട്ടുണ്ട്‌.

ഗാട്ട് കരാർ (ജനറൽ എഗ്രിമെന്റ് ഓൺ താരിഫ്സ് ആൻഡ് ട്രേഡ്) അനുസരിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കു യുഎസിൽ നികുതിയില്ല. ജിഎസ്പി (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ്) പ്രകാരമാണിത്. ഇന്ത്യയുമായുള്ള ജിഎസ്പി റദ്ദാക്കുകയാണെന്ന് ഈ വർഷം മാർച്ചിൽ ട്രംപ് പ്രഖ്യാപിച്ചു. 

ഇന്ത്യക്കെതിരെ വ്യാപാരയുദ്ധം പ്രഖ്യാപിക്കാൻ ട്രംപ് മുന്നോട്ടു വയ്ക്കുന്ന കാരണങ്ങൾ:

∙ ഇന്ത്യ – യുഎസ് വ്യാപാരം 2018ൽ 14,200 കോടി ഡോളറിന്റേതാണ്. ഇതിൽ വ്യാപാരശിഷ്ടം ഇന്ത്യയ്ക്ക് അനുകൂലം – 2400 കോടി ഡോളറിന്റേത്. ഇന്ത്യയാണ് ഈ വ്യാപാരബന്ധത്തിൽ നേട്ടമുണ്ടാക്കുന്നത്. 

∙ യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന തീരുവയാണു നിശ്ചയിച്ചിരിക്കുന്നത് – ശരാശരി 13.8%. കാറുകൾക്ക് 60%, മദ്യത്തിന് 150%, കൃഷി ഉൽപന്നങ്ങൾക്ക് 113%. 300% വരെ തീരുവ നൽകേണ്ടവയുമുണ്ട്. ഇതു തുടരാൻ പറ്റില്ല.

∙ അടുത്ത കാലത്ത് ഇന്ത്യ 3 നിയന്ത്രണങ്ങൾ കൂടി കൊണ്ടുവന്നു. 1. ഇന്ത്യയിൽ പ്രവർത്തിക്കുന്ന യുഎസ് കമ്പനികൾ ഡേറ്റ ഇന്ത്യയിൽത്തന്നെ ശേഖരിക്കാനും സംരക്ഷിക്കാനുമുള്ള വ്യവസ്ഥകൾ. ‌2. ഇ കൊമേഴ്സ് നിയമങ്ങളിലെ മാറ്റം വഴി ഓൺലൈൻ വ്യാപാരത്തിനു നിയന്ത്രണം. 3. ഓൺലൈൻ വിവരദാതാക്കൾക്കു കർശന നിയന്ത്രണം. 

∙ മെഡിക്കൽ ഉപകരണങ്ങൾക്കു ചുമത്തിയ തീരുവയും നിയന്ത്രണങ്ങളും ഒട്ടേറെ യുഎസ് കമ്പനികൾക്കു ദോഷകരമായി. 

∙ ബൗദ്ധിക സ്വത്തവകാശം ലംഘിക്കുന്ന കേസുകളിൽ കർശന ശിക്ഷയും ഏർപ്പെടുത്തി. 

∙ വിദേശത്തു നിന്നു നേരിട്ടുള്ള നിക്ഷേപത്തിനു പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നു.

ട്രംപ് ഭരണകൂടം വന്നതിനു ശേഷം ഇന്ത്യയ്ക്കെതിരെ ഒട്ടേറെ നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തിയെന്നാണു കേന്ദ്രസർക്കാരിന്റെ മറുവാദം. എച്ച് വൺ ബി വീസയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ത്യയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ തൊഴിലിനെ ബാധിച്ചു. വീസ നൽകുന്നതിലെ കാലതാമസവും ഭാര്യമാർക്കു വീസ നൽകുന്നതു വിലക്കിയതും മറ്റൊരു വിഷയം. ഉരുക്കിനും അലുമിനിയത്തിനും തീരുവ ഉയർത്തിയത് ഇന്ത്യയിലെ ഈ വ്യവസായങ്ങളെ തളർത്തി. ഇറാനും റഷ്യയ്ക്കുമെതിരായ ഉപരോധം മറ്റു രാജ്യങ്ങളും പാലിക്കണമെന്ന വ്യവസ്ഥയോടു യോജിക്കാനാകില്ല.

എന്നാൽ, തങ്ങൾക്ക് അനുകൂലമല്ലാത്ത നിലപാടെടുക്കുന്ന രാജ്യങ്ങളോടു മൃദുസമീപനം വേണ്ടെന്നാണു യുഎസ് തീരുമാനം. ഇന്ത്യ ‘തീരുവ രാജാവാ’യി വർത്തിക്കുകയാണെന്നും ഇത്രയും തീരുവകൾ സ്വതന്ത്ര വ്യാപാരത്തിനു സഹായകരമല്ലെന്നുമാണു യുഎസ് നിലപാട്. ചൈനയുമായുള്ള യുഎസിന്റെ വ്യാപാരയുദ്ധം മറ്റൊരു വിധത്തിലും ഇന്ത്യയ്ക്കു ഭീഷണിയുയർത്തുന്നു. ചൈനയുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനാകാതെ വന്നാൽ അവ ഇന്ത്യൻ വിപണിയിലെത്തും. അതു നമ്മുടെ വ്യാപാരത്തെയും ഉൽപാദനത്തെയും ബാധിക്കും.

ഇറാനിൽ നിന്നു ക്രൂഡ് ഓയിൽ വാങ്ങരുതെന്നു വിലക്കുകയാണെങ്കിലും കുറഞ്ഞ വിലയ്ക്ക് ഇന്ത്യയ്ക്ക് എണ്ണ നൽകാനാകില്ലെന്നു വിൽബർ റോസ് വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് നിശ്ചയിക്കുന്ന വിലയ്ക്ക് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങണമെന്ന് അർഥം. യുഎസ് വ്യാപാരയുദ്ധം പ്രഖ്യാപിച്ച പല രാജ്യങ്ങളും ഗുരുതര പ്രതിസന്ധിയിലായ ചരിത്രമുണ്ട്. കയറ്റുമതി കുറയുകയും വ്യവസായ ഉൽപാദനം താഴുകയും ചെയ്യുന്നതു സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കും. വൻതോതിൽ തൊഴിൽ നഷ്ടം, വ്യവസായങ്ങൾക്കു സംരക്ഷണമില്ലായ്മ, വളർച്ചാ മുരടിപ്പ് എന്നിങ്ങനെ പ്രത്യാഘാതങ്ങൾ വേറെയും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA