റഡാർ, ഇ മെയിൽ, ക്യാമറ, കവിത... വിവാദമഴയിൽ നരേന്ദ്ര മോദി

modi-troll-cartoon
ഡിജിറ്റൽ ക്യാമറ 1987–88 കാലത്ത് ഉപയോഗിച്ചെന്ന് മോദി. ജപ്പാൻ ഡിജിറ്റൽ ക്യാമറ വിപണിയിൽ എത്തിച്ചത് 1989ൽ മാത്രം.
SHARE

ന്യൂഡൽഹി∙ സ്വകാര്യ ഹിന്ദി ചാനലിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ അഭിമുഖം സമീപകാലത്തെ ഏറ്റവും വലിയ അബദ്ധപഞ്ചാംഗമായി മാറിയെന്ന പരിഹാസവുമായി സമൂഹമാധ്യമ ട്രോളുകൾ.

മേഘങ്ങൾക്കിടയിലൂടെ പറക്കുന്ന ഇന്ത്യൻ യുദ്ധവിമാനങ്ങളെ പാക്ക് റഡാറുകൾക്കു കണ്ടുപിടിക്കാനാവില്ലെന്ന ആശയം താനാണു വ്യോമസേനയ്ക്കു നൽകിയതെന്ന മോദിയുടെ പരാമർശം വ്യാപക പരിഹാസത്തിനു വിധേയമായതിനു പിന്നാലെ, അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ മറ്റു കാര്യങ്ങളിലും വസ്തുതാപരമായ പിഴവുകളുണ്ടന്നു കാട്ടി പ്രതിപക്ഷവും വിമർശകരും രംഗത്തുവന്നു. 

∙ അഭിമുഖത്തിൽ മോദി പറഞ്ഞ ചില കാര്യങ്ങൾ:

‘ഇന്ത്യയിൽ ഒരു പക്ഷേ, ആദ്യമായി ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചത് ഞാനായിരിക്കാം. 1987–88 കാലത്ത്. അക്കാലത്ത് വളരെ കുറച്ച് പേർക്കു മാത്രമേ ഇ മെയിൽ ഉണ്ടായിരുന്നുള്ളൂ. അന്ന്  എൽ.കെ അഡ്വാനിയുടെ ഒരു പരിപാടി നടന്നു.

ഞാൻ എന്റെ ഡിജിറ്റൽ ക്യാമറയിൽ അദ്ദേഹത്തിന്റെ ഫോട്ടോ എടുത്തു. അത് ഇ മെയിലിൽ ഡൽഹിക്ക് ട്രാൻസ്മിറ്റ് ചെയ്തു. 2–ാം ദിവസം കളർ പടം ഡൽഹിയിലെ പത്രത്തിൽ അച്ചടിച്ചുവന്നു. ഇതു കണ്ട് അഡ്വാനി അമ്പരന്നു.’

(അദ്ദേഹം പറഞ്ഞ കാലത്ത് ഇന്ത്യയിൽ ഡിജിറ്റൽ ക്യാമറയും ഇ മെയിലും കാര്യമായി എത്തിയിട്ടില്ല) 

∙ ‘1990 കളിൽ എന്റെ കയ്യിൽ ടച്ച് സ്ക്രീൻ പാഡ് ഉണ്ടായിരുന്നു. ഇപ്പോഴീ ആളുകൾ പേന കൊണ്ട് എഴുതുന്ന തരം പാഡ്’

(ടച്ച് സ്ക്രീൻ സാങ്കേതിക വിദ്യ അക്കാലത്ത് വ്യാപകമായിട്ടില്ല)

∙ അഭിമുഖത്തിൽ ഒരിടത്ത്, അവതാരകൻ ചോദിക്കുന്നു: ‘കവി നരേന്ദ്ര മോദിയിൽനിന്ന് ഞങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ 5 വർഷത്തിൽ അങ്ങ് എന്തെങ്കിലും കവിത എഴുതിയിട്ടുണ്ടോ’? 

modi letter
മോദിയുടെ കവിത അച്ചടിച്ച പേജ്. മുകളിൽ ചോദ്യം കാണാം.

ഇന്നു ഞാനൊരു കവിത എഴുതിയിരുന്നുവെന്നു മോദിയുടെ മറുപടി. പിന്നാലെ, തന്റെ ഫയൽ എവിടെ എന്ന് (സഹായികളോട്) ചോദിക്കുന്നു. ഫയലിൽനിന്ന് ഒരു കവിത നോക്കി അദ്ദേഹം വായിക്കുന്നു. മോദി നോക്കി വായിക്കുന്ന കവിത അച്ചടിച്ച കടലാസ് ഈ സമയം സ്ക്രീനിൽ കാണിക്കുന്നു. 

അതിന്റെ മുകളിൽ ഇങ്ങനെ വായിക്കാം: ‘ചോദ്യം 27. കവി നരേന്ദ്ര മോദിയിൽനിന്ന് ഞങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ അങ്ങ് എന്തെങ്കിലും എഴുതിയിട്ടുണ്ടോ?’ അവതാരകൻ ചോദിച്ച അതേ ചോദ്യം.  

ഇതോടെ, ചോദ്യവും ഉത്തരവും കവിതയുമെല്ലാം മുൻകൂർ തയാറാക്കിയതാണെന്നു തെളിഞ്ഞുവെന്ന പരിഹാസവുമായി പ്രതിപക്ഷവും വിമർശകരും പിന്നാലെ രംഗത്ത്. 

∙ വീമ്പിളക്കി മോദി സേനകളെ അപമാനിക്കുന്നു: കോൺഗ്രസ്

ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ചു വീമ്പിളക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ യുദ്ധ തന്ത്രങ്ങളെ അപമാനിച്ചുവെന്നും മാപ്പർഹിക്കാത്ത കുറ്റമാണതെന്നും കോൺഗ്രസ്.

മേഘങ്ങൾക്കിടയിലൂടെ പറക്കുന്ന വിമാനങ്ങളെ പാക്ക് റഡാറുകൾ കണ്ടുപിടിക്കില്ലെന്ന ആശയം തന്റേതാണെന്നു വീരവാദം മുഴക്കിയ മോദി, പ്രതിരോധ സേനകളുടെ പേരിൽ വോട്ട് പിടിക്കാനുള്ള തന്ത്രമാണു പയറ്റുന്നതെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല കുറ്റപ്പെടുത്തി.

മോദിയുടെ നിഗൂഢ മനസ്സിലെ കാര്യങ്ങൾ കണ്ടുപിടിക്കാൻ ഒരു റഡാറിനും സാധിക്കില്ലെന്നു കോൺഗ്രസ് നേതാവ് കപിൽ സിബൽ ട്വിറ്ററിൽ പരിഹസിച്ചു. അതിബുദ്ധിമാനാണെന്നു തെളിയിക്കാനുള്ള വ്യഗ്രതയിൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മോദി വെളിപ്പെടുത്തിയെന്നു കോൺഗ്രസ് വക്താവ് പവൻ ഖേര വിമർശിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA