ADVERTISEMENT

ചെന്നൈ ∙ ഹിന്ദു ഭീകരവാദവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിന്റെ പേരിൽ മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽ ഹാസനെതിരെ ചെന്നൈയിലും ഡൽഹിയിലും ഭോപാലിലും കേസ്.

കമൽ വിവാദ പരാമർശം നടത്തിയ കരൂർ ജില്ലയിലെ അരവാകുറിച്ചിയിൽ ഹിന്ദു മുന്നണി ജില്ലാ സെക്രട്ടറി കെ.വി.രാമകൃഷ്ണന്റെ പരാതിയിലാണു പൊലീസ് കേസെടുത്തത്. ഇരു വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തൽ, മതവികാരത്തെ വ്രണപ്പെടുത്താനുള്ള ശ്രമം തുടങ്ങിയ വകുപ്പുകളിലാണു കേസ്.

കമലിനെതിരെ നടപടി ആവശ്യപ്പെട്ടു ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ഡൽഹി പട്യാല ഹൗസ് കോടതിയിൽ പരാതി നൽകി. പരാതി കോടതി നാളെ പരിഗണിച്ചേക്കും.

ഭോപ്പാലിൽ ഹിന്ദുത്വ സംഘടനാ പ്രവർത്തകരുടെ പരാതിയിലാണു കേസ്. അതേസമയം,വിവാദ പരാമർശത്തിന്റെ പേരിൽ കമലിനെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

അതിനിടെ, ഹിന്ദുത്വ സംഘടനകൾ പ്രതിഷേധിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നു കമലിന്റെ ആൽവാർപേട്ടിലെ വീടിനു സുരക്ഷ ശക്തമാക്കി. ഇവിടെയാണു മക്കൾ നീതി മയ്യം ഓഫിസും പ്രവർത്തിക്കുന്നത്.

ഓഫിസിൽ എത്തുന്നവരെ പരിശോധന നടത്തിയാണു കടത്തിവിടുന്നത്. കമൽ ഇന്ന് ഉപതിരഞ്ഞെടുപ്പു പ്രചാരണം പുനരാരംഭിക്കും. 

കമലിന്റെ നാവ് അരിയണമെന്ന മന്ത്രി രാജേന്ദ്ര ബാലാജിയുടെ പ്രസ്താവനയും പ്രതിഷേധത്തിന് ഇടയാക്കി. മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നു മക്കൾ നീതി മയ്യം ആവശ്യപ്പെട്ടു.

കമലിനെ പ്രചാരണത്തിൽ നിന്ന് 5 ദിവസത്തേക്കു വിലക്കണമെന്നാവശ്യപ്പെട്ടു ബിജെപി നൽകിയ കത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനമെടുത്തിട്ടില്ല.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവാണെന്നും അയാളുടെ പേര് നാഥുറാം ഗോഡ്സെയാണെന്നുമായിരുന്നു കമലിന്റെ പ്രസ്താവന.

19നു ഉപതിരഞ്ഞെടുപ്പു നടക്കുന്ന അരവാകുറിച്ചിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയായിരുന്നു പരാമർശം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com