ADVERTISEMENT

കൊൽക്കത്ത ∙ ബംഗാളിൽ മമത ബാനർജിയെ പിടിച്ചുകെട്ടുക എന്ന ദൗത്യവുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ ഗുരുവായൂർ സ്വദേശി അരവിന്ദ് മേനോനെ ബംഗാളിലേക്ക് അയച്ചത് കഴിഞ്ഞ വർഷമാണ്. അന്നു പാർട്ടിക്ക് ബംഗാളിൽ മിക്കയിടത്തും ബൂത്ത് കമ്മിറ്റി പോലുമില്ല. താഴേത്തട്ടിൽ പാർട്ടി ശക്തിപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. ഇതിനിടെ, തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ മർദനമേറ്റു. സംഘടനാസംവിധാനം ബലപ്പെടുത്തിയതിന്റെ ഫലം ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടാകുമെന്ന് അരവിന്ദ് മേനോൻ ‘മനോരമ’യോടു പറഞ്ഞു.

ആർഎസ്എസിലൂടെ ബിജെപിയിലെത്തി അമിത് ഷായുടെ അടുപ്പക്കാരിൽ ഒരാളായി മാറിയ മേനോൻ, 2014ലെ ബിഹാറിലെയും 2017ലെ ഉത്തർപ്രദേശിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന്റെ വിശ്വസ്തനായിരുന്ന മേനോനെ 2017ലാണു ഡൽഹി ഓഫിസിലെ ചുമതലകളിലേക്കു പാർട്ടി മാറ്റിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി രാജ്യത്തിന്റെ മനസ്സറിയാൻ അമിത് ഷായ്ക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ യാത്ര ചെയ്തു. ബംഗാളി ഭാഷ നന്നായി സംസാരിക്കുന്ന മേനോനെ ബംഗാളിലെ സഹ ചുമതലക്കാരനായി പാർട്ടി നിയോഗിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ വടക്കൻ ബംഗാൾ കേന്ദ്രീകരിച്ചാണു പ്രവർത്തനം തുടങ്ങിയത്. പരിവാർ സംഘടനകളുടെയെല്ലാം ഒപ്പം കൂട്ടി.

ഇന്ന് ബംഗാളിന്റെ മുക്കുംമൂലയിലും കാണുന്ന ബിജെപി കൊടികൾ അരവിന്ദ് മേനോന്റെ പ്രവർത്തനത്തിനു ഫലമുണ്ടായെന്നു കാട്ടിത്തരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ മമത ബാനർജി ചിത്രത്തിനു പുറത്താകുമെന്ന് അദ്ദേഹം പറയുന്നു. ‘മമതയ്ക്ക് ലഭിച്ച അവസരം അവർ കളഞ്ഞുകുളിച്ചു. ഇപ്പോൾ ബംഗാളി ജനതയ്ക്ക് അവർ ഭാരമാണ്’.

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്നു തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ മേനോൻ രാജ്യത്തെ മുതിർന്ന പൗരന്മാരുടെ അവസ്ഥയെക്കുറിച്ചു പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുകയാണ്. നാട് വിട്ടിട്ടു വർഷങ്ങളായതിനാൽ ബന്ധുക്കൾക്കു പോലും താൻ അന്യനാണെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com