ADVERTISEMENT

ന്യൂഡൽഹി ∙ അണികളുടെ തെരുവുയുദ്ധത്തിനു പിന്നാലെ ബംഗാളിൽ നേതാക്കളുടെ വാക്പോര്. പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറയുന്നവനും ഫാഷിസ്റ്റുമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി. ‘അമ്മായി–അനന്തരവൻ ജോടി’ ബംഗാളിനെ കൊള്ളയടിക്കുകയാണെന്ന് നരേന്ദ്ര മോദി. മമതയെ പിന്തുണച്ചും പ്രചാരണം വെട്ടിച്ചുരുക്കിയതിനു തിരഞ്ഞെടുപ്പു കമ്മിഷനെ വിമർശിച്ചും കോൺഗ്രസുൾപ്പെടെ പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി.

മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയാണു ഡയമണ്ട് ഹാർബറിൽ തൃണമൂൽ സ്ഥാനാർഥി. ഇവിടെ നടന്ന റാലിയിലാണു മമതയെയും അഭിഷേകിനെയും ചേർത്ത് ‘അമ്മായി– അനന്തരവൻ ജോടി’ പരാമർശം മോദി നടത്തിയത്. കൊൽക്കത്തയിൽ കഴിഞ്ഞ ദിവസത്തെ അക്രമത്തിനിടെ ബംഗാൾ നവോത്ഥാന നായകനായ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതു തൃണമൂലിന്റെ ഗുണ്ടകളെന്നു മോദിയും ബിജെപിയുടെ ഗുണ്ടകളെന്നു മമതയും കുറ്റപ്പെടുത്തി. പഞ്ചലോഹത്തിൽ പുതിയ പ്രതിമ നിർമിച്ചുനൽകാമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം മമത തള്ളിക്കളഞ്ഞു. പ്രതിമ നിർമിക്കാൻ ബിജെപിയുടെ ഒൗദാര്യം ആവശ്യമില്ലെന്നു മമത പറഞ്ഞു.

പ്രതിമ തകർത്തതു ബംഗാളിക്കു മുറിവുണ്ടാക്കിയ ചെയ്തിയെന്നു വ്യാഖ്യാനിച്ച മമത, ഒരു ബംഗാളി പോലും മോദിക്കു വോട്ട് നൽകില്ലെന്നും സംസ്ഥാനത്തിന്റെ പൈതൃകം തകർത്തതിനു മോദി ചെവിയിൽ പിടിച്ച് ഏത്തമിടണമെന്നും പറഞ്ഞു. മോദിയെപ്പോലെ കള്ളം പറയുന്ന മറ്റൊരാളെ രാജ്യം കണ്ടിട്ടില്ല. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായപ്പോൾ മോദി സമനില തെറ്റി വിഡ്ഢിത്തം പുലമ്പുകയാണ്.

കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോയുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ രാത്രി 10 നു പ്രചാരണം നിർത്തണമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിട്ടിരുന്നു. ഇന്നലെ നരേന്ദ്ര മോദി ഡംഡം, ഡയമണ്ട് ഹാർബർ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പു റാലികളിൽ പങ്കെടുത്തു. ഈ റാലികൾ കാരണമാണു പ്രചാരണത്തിനു നിയന്ത്രണം രാത്രി 10 മുതൽ മതിയെന്നു കമ്മിഷൻ തീരുമാനിച്ചതെന്നു വിമർശനമുയർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com