ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തേതും അവസാനത്തേതുമായ ഘട്ടത്തിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. നാളെ 7 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലും ഉൾപ്പെടെ 59 മണ്ഡലങ്ങളിൽ വോട്ടെടുപ്പു നടക്കും. തമിഴ്നാട്ടിലെ 4 നിയമസഭാ മണ്ഡലങ്ങളിലും ഗോവയിലെ പനജി നിയമസഭാ മണ്ഡലത്തിലും നാളെയാണ് വോട്ടെടുപ്പ്. 23 നാണു വോട്ടെണ്ണൽ.

നാളെ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളും സീറ്റുകളും: ഉത്തർപ്രദേശ് (13), ബംഗാൾ (9), പഞ്ചാബ് (13), മധ്യപ്രദേശ് (8), ബിഹാർ (8), ഹിമാചൽപ്രദേശ് (4), ജാർഖണ്ഡ് (3), ചണ്ഡിഗഡ്.

ഈ 59 മണ്ഡലങ്ങളിലെ 33 സീറ്റിലും കഴിഞ്ഞ തവണ ബിജെപി വിജയിച്ചതാണ്. ബംഗാളിൽ നാളെ വോട്ടെടുപ്പ് നടക്കുന്ന 8 മണ്ഡലങ്ങളും തൃണമൂലിന്റെ സിറ്റിങ് സീറ്റാണ്. കോൺഗ്രസിന് 59 ൽ 3 സീറ്റുമുണ്ടായിരുന്നു. മറ്റു കക്ഷിനില: ആം ആദ്മി പാർട്ടി– 4, അകാലി ദൾ –4, ജാർഖണ്ഡ് മുക്തി മോർച്ച–2, ബിഎൽഎസ്പി –2, ജനതാദൾ (യു),അപ്‌നാദൾ –ഓരോന്നു വീതം.

ബംഗാളിലെ 9 സീറ്റിലും വ്യാഴാഴ്ച രാത്രി തിരഞ്ഞെടുപ്പു കമ്മിഷൻ പ്രചാരണം അവസാനിപ്പിച്ചിരുന്നു.

ഉത്തർപ്രദേശ് (13)

നാളെ വോട്ടെടുപ്പ് നടക്കുന്ന 13 മണ്ഡലങ്ങളും എൻഡിഎയുടെ കൈവശമാണ്. 12 സീറ്റുകളിൽ ബിജെപിയും ഒരു സീറ്റിൽ സഖ്യകക്ഷിയായ അപ്നാ ദളുമാണ് വിജയിച്ചത്. നരേന്ദ്ര മോദിയുടെ വാരാണസി മണ്ഡലവും ഇതിൽപെടുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്‌പുരിലും നാളെയാണു വോട്ടെടുപ്പ്. എസ്‌പി – ബിഎസ്‌പി സഖ്യം ഈ മണ്ഡലങ്ങളിൽ പകുതിയിലും എൻഡിഎയ്ക്കു കനത്ത വെല്ലുവിളി ഉയർത്തുന്നു.

 പഞ്ചാബ് (13)

കഴിഞ്ഞ തവണ 6 മണ്ഡലങ്ങളിൽ എൻഡിഎയും നാലിടത്ത് ആം ആദ്മി പാർട്ടിയും മൂന്നിടത്ത് കോൺഗ്രസുമാണു ജയിച്ചത്. ഇത്തവണ പക്ഷേ, ബിജെപി – അകാലിദൾ സഖ്യത്തിന് ആ വിജയം ആവർത്തിക്കാനാവുമെന്നു കരുതുന്നില്ല. ആം ആദ്മി പാർട്ടിയും 4 സീറ്റിൽ കടുത്ത മത്സരം നേരിടുന്നു. അമൃത്‌സർ, ജലന്തർ, ലുധിയാന എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസ് വിജയിച്ചത്. ഇക്കുറി കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നാണു സർവേകളുടെ നിഗമനം.

മധ്യപ്രദേശ് (8)

8 മണ്ഡലങ്ങളിലും കഴിഞ്ഞ തവണ ബിജെപിയാണു ജയിച്ചത്. മധ്യപ്രദേശിലെ 29 ൽ 27 മണ്ഡലങ്ങളിലും ബിജെപി നേടിയതാണ്. എന്നാൽ കോൺഗ്രസ് സംസ്ഥാന ഭരണം തിരിച്ചുപിടിച്ചതിനാൽ പല മണ്ഡലങ്ങളിലും ബിജെപിയുടെ നില പരുങ്ങലിലാണ്. കോൺഗ്രസ്–ബിജെപി നേരിട്ടുള്ള മൽസരമാണ്.

ഹിമാചൽ പ്രദേശ് (4)

നാലും ബിജെപിയുടെ കൈവശം. ഇത്തവണ കോൺഗ്രസ് ശക്തമായ വെല്ലുവിളിയുയർത്തുന്നു.

ബിഹാർ ( 8)

എട്ടിൽ ഏഴും എൻഡിഎ ജയിച്ചതാണ്. 2014 ൽ നളന്ദയിൽ ജെഡിയുവാണു ജയിച്ചത്. ഇപ്പോൾ ജെഡിയു, ബിജെപിസഖ്യത്തിലാണ്. അതേസമയം, ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ഉപേന്ദ്ര കുഷ്‌വാഹയുടെ ബിഎൽഎസ്‌പി ഇപ്പോൾ യുപിഎ മഹാസഖ്യത്തിലാണ്. എൻഡിഎ കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാനിടയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com