ADVERTISEMENT

ന്യൂഡൽഹി∙ ബംഗാളിൽ തിരഞ്ഞെടുപ്പു പ്രചാരണം വെട്ടിച്ചുരുക്കിയ കമ്മിഷൻ നടപടിക്കെതിരെ കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. തിരഞ്ഞെടുപ്പു കമ്മിഷനു വിശ്വാസ്യതയും സ്വതന്ത്ര സ്വഭാവവും നഷ്ടപ്പെട്ടെന്നും ബംഗാളിലെ പ്രചാരണം വെട്ടിച്ചുരുക്കിയ തീരുമാനം ജനാധിപത്യത്തിനു കളങ്കമാണെന്നും കോൺഗ്രസിന്റെ മുഖ്യവക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

കമ്മിഷൻ കേന്ദ്ര സർക്കാരിന്റെ സമ്മർദത്തിലാണു പ്രവർത്തിക്കുന്നതെന്നും മമതയ്ക്കെതിരെ മോദിയും അമിത് ഷായും ഗൂഡാലോചന നടത്തുകയാണെന്നും ബിഎസ്പി അധ്യക്ഷ മായാവതി ആരോപിച്ചു. പ്രചാരണത്തിന് ഇന്നലെ രാത്രി മുതൽ മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് പ്രധാനമന്ത്രിയുടെ റാലികൾ കണക്കിലെടുത്താണോയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ചോദിച്ചു.

ഭരണ കക്ഷിക്ക് ഒരു നിയമവും പ്രതിപക്ഷത്തിനു മറ്റൊന്നും എന്ന രീതിയിലുള്ള തിരഞ്ഞെടുപ്പു കമ്മിഷൻ നടപടി പ്രതിഷേധാർഹമാണെന്നു ഡിഎംകെ അധ്യക്ഷൻ എം.കെ.സ‌്റ്റാലിൻ കുറ്റപ്പെടുത്തി. ബിജെപി അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യം സൃഷ്ടിക്കുകയാണെന്ന് എൻസിപിയും കുറ്റപ്പെടുത്തി. ജനങ്ങളെ വിഭജിക്കാനായി ബിജെപിയും തിരഞ്ഞെടുപ്പു കമ്മിഷനും ചേർന്ന് ബംഗാളിലെ പ്രചാരണ രീതി രൂപകൽപന ചെയ്യുന്നതാണു നല്ലതെന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല പരിഹസിച്ചു.

അതിനിടെ, ബംഗാൾ ‍സിഐഡി അഡീഷനൽ ഡയറക്ടർ ജനറൽ പദവിയിൽനിന്ന് പുറത്താക്കപ്പെട്ട രാജീവ് കുമാർ, തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശാനുസരണം ന്യൂഡൽഹിയിൽ ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്തു. അമിത് ഷായുടെ കൊൽക്കത്ത റോഡ് ഷോയ്ക്കിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ബിജെപി വക്താവ് തജീന്ദർ സിങ് ബഗ്ഗയെ അറസ്റ്റ് ചെയ്തതിനാണ് രാജീവ് കുമാറിനെതിരെ നടപടിയെടുത്തതെന്നു കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു.

ബഗ്ഗ നിരപരാധിയാണെന്നും രാജീവ് കുമാറിനെതിരെ നടപടി വേണമെന്നും കമ്മിഷന്റെ പ്രത്യേക പൊലീസ് നിരീക്ഷകൻ റിപ്പോർട്ട് നൽകിയിരുന്നു. രാവിലെ 10ന് എത്താനാണു കമ്മിഷൻ നിർദേശിച്ചത്. എന്നാൽ, ഉച്ചകഴിഞ്ഞാണു രാജീവ് കുമാർ മന്ത്രാലയത്തിലെത്തിയത്. വ്യക്തിപരമായ കാരണങ്ങളാലാണു വൈകിയതെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com