ADVERTISEMENT

ന്യൂഡൽഹി ∙ സാധ്വി പ്രജ്ഞയ്ക്കു പിന്നാലെ, ഗോഡ്സെ അനുകൂല പ്രസ്താവനകളുമായി 2 മുതിർന്ന നേതാക്കൾ കൂടി രംഗത്തെത്തിയത് അവസാനഘട്ട തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബിജെപിയെ വൻപ്രതിസന്ധിയിലാക്കി.

പാർ‌ട്ടിയെ കുഴപ്പത്തിൽ ചാടിച്ച നേതാ‌ക്കളെ തള്ളിയും വിശദീകരണം തേടിയും ബിജെപി  മുഖംമിനുക്കൽ നട‌പടികൾക്കു തുടക്കമിട്ടു. മൂവരും പറഞ്ഞതു പാർട്ടിയുടെ അഭിപ്രായമല്ലെന്നും അവർ മാപ്പുപ‌റഞ്ഞിട്ടുമുണ്ടെന്നും ദേശീയ അധ്യക്ഷൻ അമിത് ഷാ ട്വീറ്റ് ചെയ്തു. ബിജെപിയുടെ ചിന്താധാരയ്ക്ക് എതിരാണ് അവരുടെ അഭിപ്രായങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗോഡ്സെയെ രാജീവ് ഗാന്ധിയുമായി ചേർത്തു പാർട്ടി എംപി നളിൻകുമാർ കട്ടീൽ നടത്തിയ പരാമർശവും ഗോഡ്സെയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിവരികയാണെന്ന കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെയുടെ പ്രസ്താവനയുമാണ് വിവാദം ആളിക്കത്തിച്ചത്. പാർട്ടി തള്ളിയതോടെയാണ് പിന്നീട് ഇരുവരും മലക്കം മറിഞ്ഞത്. ആരെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്നും വാക്കുകൾ തിരിച്ചെടുക്കുന്നുവെന്നും കട്ടീൽ ഖേദം പ്രകടിപ്പിച്ചു. തന്റെ ട്വിറ്റർ അക്കൗണ്ട് കഴിഞ്ഞയാഴ്ച 2 തവണ ഹാക്ക് ചെയ്യപ്പെട്ടെന്നും പോസ്റ്റ് വന്നതിൽ ഖേദമുണ്ടെന്നുമാണു ഹെഗ്ഡെയുടെ വിശദീകരണം.

മഹാത്മാഗാന്ധിയെ പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ച ബിജെപി മധ്യപ്രദേശ് മാധ്യമവിഭാഗം തലവൻ അനിൽ സൗമിത്രയെ സസ്പെൻഡ് ചെയ്യാനും പാർട്ടി നിർബന്ധിതമായി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഷൻ. പരാമർശത്തെക്കുറിച്ചു മധ്യപ്രദേശ് ബിജെപി അധ്യക്ഷൻ രാകേഷ് സിങ് അന്വേഷണം നടത്തിയിരുന്നു. വിശദീകരണം നൽകാൻ 7 ദിവസം സമയം നൽകിയ ശേഷമാണു നടപടി.

സാധ്വി പ്രജ്ഞാ സിങ്ങിന്റെ വിവാദപരാമർശവും അവരുടെ സ്ഥ‌ാനാർഥിത്വവും രണ്ടും രണ്ടാണെന്ന വിശദീകരണവുമായി ബിജെപി രംഗത്തെത്തി. ബിജെപി സ്ഥാനാർഥികളായിരുന്ന 3പേർ നടത്തിയ ഗോഡ്സെ അനുകൂല പ്രസ്താവനകൾ പ്രതിപക്ഷ പാർട്ടികൾ വലിയ തോതിൽ രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഉൾപ്പെടെ മഹാത്മാഗാന്ധിയെ പ്രൊഫൈൽ ചിത്രമാക്കി സമൂഹമാധ്യമങ്ങളിലൂടെ കോൺഗ്രസ് പ്രതിഷേധം ശക്തിപ്പെടുത്തിയിട്ടുണ്ട്. 

ഗോഡ്സെയെ വാഴ്ത്തുന്ന പരാമർശങ്ങൾക്കെതിരെ രാഷ്ട്രീയത്തിനതീതമായും പ്രതിഷേധം ഉയർന്നുകഴിഞ്ഞു. മഹാത്മജിയുടേതു രാജ്യത്തിന്റെ പവിത്രമായ പൈതൃകമാണെന്നും അതു നശിപ്പിക്കുന്നതു അഫ്ഗാനിസ്ഥാനിലെ ബുദ്ധപ്രതിമകൾ താലിബാൻ തച്ചുടച്ചതുപോലെയാകുമെന്നും പ്രമുഖ വ്യവസായി ആനന്ദ് മഹിന്ദ്ര ട്വിറ്ററിൽ കുറിച്ചു. നിതി ആയോഗ് മേധാവി അമിതാഭ് കാന്ത് അടക്കം ആയിരങ്ങൾ മണിക്കൂറുകൾക്കകം ഈ ട്വീറ്റ് പങ്കുവച്ചു.

പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശക സമിതിയിലെ അംഗമായ സാമ്പത്തിക ശാസ്ത്രജ്ഞൻ രതിൻ റോയിയും പ്രജ്‍ഞയ്ക്കെതിരെ പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com