ADVERTISEMENT

ന്യൂഡൽഹി ∙ സാധ്വി പ്രജ്ഞയ്ക്കു പിന്നാലെ, ഗോഡ്സെ അനുകൂല വിവാദ പ്രസ്താവനകളുമായി കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെയും ബിജെപി എംപി നളിൻകുമാർ കട്ടീലും.

‘ഗോഡ്സെ ഒരാളെ കൊലപ്പെടുത്തി, അജ്മൽ കസബ് 72 പേരെ കൊന്നു, രാജീവ് ഗാന്ധി 17000 പേരെയും’ എന്ന കട്ടീലിന്റെ പരാമർശം വലിയ വിവാദത്തിനു തിരികൊളുത്തി. ദക്ഷിണകന്നഡ സിറ്റിങ് എംപിയായ കട്ടീൽ, അവിടുത്തെ സ്ഥാനാർഥിയാണ്. 

‘കുറ്റക്കാരനെന്നു വിധിക്കപ്പെട്ട ഗോഡ്സെയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിവരികയാണ്. 7 പതിറ്റാണ്ടിനു ശേഷം പുതിയ തലമുറയിൽ ഗോഡ്സെ ചർച്ചയാകുന്നതിൽ സന്തോഷമുണ്ട്. ഈ ചർച്ച ഗോഡ്സെയെയും സന്തുഷ്ടനാക്കും’ എന്നാണ് ഹെഗ്ഡെയുടെ പരാമർശം. ഉത്തരകന്നഡയിലെ സ്ഥാനാർഥിയാണ് ഹെഗ്ഡെ. 

അതേസമയം, അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നു ചൂണ്ടിക്കാട്ടി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇരുവരെയും തള്ളിയതോടെ, നളിൻകുമാർ കട്ടീലും അനന്ത്കുമാർ ഹെഗ്ഡെയും ഖേദം പ്രകടിപ്പിച്ചു. 

ഗോഡ്സെയെ ദേശസ്നേഹിയെന്ന് വിശേഷിപ്പിച്ച പ്രജ്ഞ, പാർട്ടി തള്ളിപ്പറഞ്ഞതോടെ കഴിഞ്ഞദിവസം ക്ഷമാപണം നടത്തിയിരുന്നു. പ്രജ്ഞയുടെ വാക്കുകളോട് ക്ഷമിക്കാനാവില്ലെന്ന് മധ്യപ്രദേശിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അവസാനഘട്ട വോട്ടെടുപ്പിനു തൊട്ടുമുൻപു വന്ന വിവാദ പ്രസ്താവനകൾ കോൺഗ്രസ് അടക്കം ‌പ്രതിപക്ഷ പാർട്ടികൾ ആയുധമാക്കിയതോടെയാണ് ബി‌ജെപി കേന്ദ്ര നേതൃത്വം ഇടപെട്ടത്. സാധ്വി പ്രജ്ഞ, ഹെഗ്ഡെ, കട്ടീൽ എന്നിവരോട്  10 ദിവസത്തിനകം വിശദീകരണം നൽകാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. 

അതിനിടെ, മഹാത്മാഗാന്ധിയെ പാക്കിസ്ഥാന്റെ പിതാവ് എന്ന് വിശേഷിപ്പിച്ച ബിജെപി മധ്യപ്രദേശ് മാധ്യമവിഭാഗം തലവൻ അനിൽ സൗമിത്രയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു സസ്പെന്ഡ് ചെയ്തു. 

ഫെയ്സ്ബുക്, ട്വിറ്റർ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ‌ മഹാത്മാ ഗാന്ധിയെ പ്രൊഫൈൽ ചിത്രമായി അവതരിപ്പിച്ചാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com