ADVERTISEMENT

ന്യൂഡൽഹി ∙ പ്രവചനത്തിൽനിന്നു യാഥാർഥ്യത്തിലേക്കുള്ള കാത്തിരിപ്പിന്റെയും കണക്കുകൂട്ടലുകളുടെയും 3 ദിവസങ്ങളാണ് ഇനി മുന്നിലുള്ളത്. ഒപ്പം, 23ന് യഥാർഥവോട്ടെണ്ണലിൽ ഏത് എക്സിറ്റ് പോൾ ജയിക്കും എന്ന ആകാംക്ഷയും.

അതല്ല, എല്ലാ കണക്കുകൂട്ടലുകളെയും മാറ്റിയുള്ള മറ്റൊരു ഫലമാണോ 60 കോടിയിലേറെ വിരലുകൾ രേഖപ്പെടുത്തിയ ജനവിധി. 2014ൽ ഭൂരിപക്ഷം എക്സിറ്റ് പോൾ സർവേകളും എൻഡിഎ വിജയം പ്രവചിച്ചെങ്കിലും ഒരു ഏജൻസി ഒഴികെ മറ്റെല്ലാവരും പറഞ്ഞതിനേക്കാൾ വലിയ വിജയമാണ് എൻഡിഎ യഥാർഥത്തിൽ നേടിയത്.

2014ൽ രണ്ടു സർവേകൾ മാത്രമാണ് എൻഡിഎക്ക് മുന്നൂറിലേറെ സീറ്റ് പ്രവചിച്ചിരുന്നത്. എന്നാൽ, ഇത്തവണ 6 സർവേകൾ എൻഡിഎക്കു മൂന്നൂറോ അതിലധികമോ സീറ്റുകൾ നൽകുന്നുണ്ട്. സർവേ ഫലങ്ങൾ നൽകുന്ന സൂചനകൾ ആസ്പദമാക്കി പാർട്ടികളുടെ വിലയിരുത്തലുകളും ചർച്ചകളുമായിരിക്കും ഇന്നും നാളെയും മറ്റന്നാളും. വ്യാഴാഴ്ചയാണു വോട്ടെണ്ണൽ. 

ഇതിനിടെ, ലോക്സഭയ്ക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ആന്ധ്രപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ വിവിധ എക്സിറ്റ് പോൾ സർവേകൾ  പരസ്പരവിരുദ്ധമായ ഫലങ്ങളാണു നൽകുന്നത്. 

ആന്ധ്രപ്രദേശിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേതൃത്വം നൽകുന്ന തെലുങ്കുദേശം പാർട്ടി ഭരണം നിലനിർത്തുമെന്ന് രണ്ടു സർവേകൾ പ്രവചിക്കുന്നു. അതേസമയം, വൈ.എസ്.ജഗൻമോഹൻ റെഡ്ഡി നേതൃത്വം നൽകുന്ന വൈഎസ്ആർ കോൺഗ്രസ് അട്ടിമറി വിജയത്തിലൂടെ ഭരണം നേടുമെന്നാണ് ഒരു സർവേയുടെ വിലയിരുത്തൽ. വെറും വിജയമല്ല, തൂത്തുവാരിയുള്ള തരംഗമാണ് ഈ സർവേ പ്രവചിക്കുന്നത്. 

ഒഡീഷയിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക് നേതൃത്വം നൽകുന്ന ബിജു ജനതാദൾ വൻ തിരിച്ചടി നേരിടുന്നുവെന്നാണ് സൂചന. ഇവിടെ ബിജെപിയാണ് വലിയ വെല്ലുവിളി ഉയർത്തുന്നത്. ഇഞ്ചോടിഞ്ച് മത്സരത്തിൽ ചില സർവേകൾ ബിജെഡിക്കും മറ്റു ചിലത് ബിജെപിക്കും നേരിയ മേൽക്കൈ പ്രവചിക്കുന്നു. 

ആന്ധ്ര, തെലങ്കാന വിഭജനശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഭരണം നേടിയ ടിഡിപി ഇത്തവണയും അത് ആവർത്തിച്ചാൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനു വലിയ വിജയമാകും. എൻഡിഎയുമായി വേർപിരിഞ്ഞിട്ടും ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് വലിയ വെല്ലുവിളി ഉയർത്തിയിട്ടും തന്റെ തട്ടകം സുരക്ഷിതമായി നിലനിർത്താൻ കഴിയുന്നത് നായിഡുവിന് വലിയ നേട്ടമാകും.

അതേസമയം, സംസ്ഥാനഭരണം നഷ്ടമാവുകയും ദേശീയതലത്തിൽ യുപിഎക്കോ മറ്റു കക്ഷികൾക്കോ വലിയ പ്രസക്തി ഇല്ലാതെ വരികയും ചെയ്താൽ നായിഡുവിന്റെ രാഷ്ട്രീയമൂല്യവും കുറയുന്ന സ്ഥിതിയുണ്ടാകും. ഒഡീഷയിൽ തുടർച്ചയായി നാലു തവണ മുഖ്യമന്ത്രിയായ നവീൻ പട്നായിക് അഞ്ചാം തവണയും വിജയം ആവർത്തിച്ച്, ബംഗാളിൽ ജ്യോതിബസുവിനു സമാനമായ റെക്കോർഡിലേക്കുള്ള യാത്രയിലായിരുന്നു. ഇത്തവണ ജയിക്കാനായില്ലെങ്കിൽ പട്നായിക്കും രാഷ്ട്രീയ പ്രതിസന്ധി നേരിടും. 

നാലു സംസ്ഥാനങ്ങളിലാണ് ലോക്സഭയ്ക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടന്നത്. അരുണാചൽ പ്രദേശ്, സിക്കിം എന്നിവയാണ് മറ്റു 2 സംസ്ഥാനങ്ങൾ.

എക്സിറ്റ് പോൾ പ്രവചിച്ചു, 2014ലെ മോദി തരംഗം

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ മോദി തരംഗം എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. എല്ലാ എക്‌സിറ്റ് പോളുകളും ദേശീയ ജനാധിപത്യ സഖ്യ(എൻഡിഎ)ത്തിന്റെ വിജയം പ്രവചിച്ചെങ്കിലും ഏറ്റവും കൃത്യമായത് ന്യൂസ് 24 – ചാണക്യയുടേതാണ്. എൻഡിഎയ്ക്ക് 340 സീറ്റാണ് ഇവർ പ്രവചിച്ചത്; ‌ഫലം വന്നപ്പോൾ 336‌. .

യുപിഎയ്ക്ക് 70 സീറ്റ് പ്രവചിച്ചപ്പോൾ കിട്ടിയത് 58. മറ്റു കക്ഷികൾക്ക് 133 സീറ്റുകൾ പ്രവചിച്ചു; ലഭിച്ചത് 149. ബാക്കി എക്സിറ്റ് പോളുകളെല്ലാം 300ൽ താഴെ സീറ്റുകളാണ് പ്രവചിച്ചത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com