ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ദേശീയതലത്തിൽ 10 ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകളിൽ ഒൻപതിലും എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം. ഒരു സർവേ എൻഡിഎ ഏറ്റവും വലിയ മുന്നണിയാകുമെങ്കിലും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും ഉത്തർപ്രദേശിൽ ബിജെപിക്ക് വലിയ നഷ്ടമുണ്ടാകുമെന്നും പ്രവചിക്കുന്നു.

10 സർവേകളുടെയും പൊതുശരാശരി പ്രകാരം, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) 304 സീറ്റ് നേടും. കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യപുരോഗമന സഖ്യത്തിന് (യുപിഎ) 120 സീറ്റ്. ഇരുമുന്നണിയുടെയും ഭാഗമല്ലാത്ത മറ്റു കക്ഷികളെല്ലാം ചേർന്ന് 118 സീറ്റ് നേടും. 2014ലെ തിരഞ്ഞെടുപ്പിൽ എൻഡിഎ 336 സീറ്റും യുപിഎ 58 സീറ്റും മറ്റു കക്ഷികൾ 149 സീറ്റുമാണു നേടിയത്.

2014ൽ 7 എക്സിറ്റ് പോൾ സർവേകളിൽ ആറിലും എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചിരുന്നു. ഇതിൽ 340 സീറ്റ് നേടുമെന്ന ടുഡേയ്സ് ചാണക്യയുടെ പ്രവചനമാണു ശരിയായ ഫലത്തോട് ഏറ്റവും അടുത്തു വന്നത്.

മറ്റെല്ലാ സർവേകളും മുന്നൂറിൽ താഴെ സീറ്റാണ് എൻഡിഎയ്ക്ക് പ്രവചിച്ചിരുന്നത്. ഇത്തവണ  എൻഡിഎയ്ക്ക് 350 സീറ്റാണ് ചാണക്യയുടെ പ്രവചനം. ആറ് സർവേകളിൽ എൻഡിഎയ്ക്ക് മുന്നൂറോ അതിലധികമോ സീറ്റ് ലഭിക്കുന്നുണ്ട്. ഇതിൽ ഇന്ത്യ ടുഡേ – ആക്സിസ് സർവേയിലാണ് ഏറ്റവുമധികം; 368 വരെ.

ഏറ്റവുമധികം ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിലെ ജനവിധി എന്താകുമെന്ന കാര്യത്തിൽ എക്സിറ്റ് പോൾ സർവേകൾ വ്യത്യസ്തമായ ചിത്രമാണു നൽകുന്നത്. ടൈംസ്നൗ–വിഎംആർ സർവേ യുപിയിൽ 58 സീറ്റ് എൻഡിഎയ്ക്കു നൽകുമ്പോൾ എബിപിയുടെ പ്രവചനം 22 സീറ്റ് മാത്രം. 80 സീറ്റുള്ള യുപിയിൽ 2014ൽ 73 സീറ്റും എൻഡിഎ നേടിയിരുന്നു.യുപിഎയ്ക്ക് നേട്ടമുള്ളത് കേരളത്തിലും തമിഴ്നാട്ടിലും പഞ്ചാബിലും മാത്രമെന്നാണ് മിക്ക സർവേകളും വ്യക്തമാക്കുന്നത്.

മാസങ്ങൾക്കു മുൻപു മാത്രം സംസ്ഥാനഭരണം നേടിയ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് വലിയ തിരിച്ചടി നേരിടുമെന്നും ബിജെപി തൂത്തുവാരുമെന്നുമാണ് അനുമാനം. ഗുജറാത്തും മഹാരാഷ്ട്രയും ബിജെപിക്കൊപ്പംതന്നെ. ഡൽഹിയിലും ഹരിയാനയിലും ബിജെപി തരംഗം; ഡൽഹിയിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി ഒരു സീറ്റും നേടില്ലെന്നു മാത്രമല്ല, അവരെ പിന്തള്ളി വോട്ട് ശതമാനത്തിൽ കോൺഗ്രസ് മുന്നിലെത്തും. 

ബിഹാറിൽ എൻഡിഎ ശക്തി നിലനിർത്തും. കർണാടകയിൽ ജെഡിഎസ് – കോൺഗ്രസ് ഭരണസഖ്യത്തിനു തിരിച്ചടി. ബംഗാളിൽ പല സർവേകളും ബിജെപിക്ക് പത്തിൽ കൂടുതൽ സീറ്റുകൾ പ്രവചിക്കുമ്പോൾ ഒരു സർവേയിൽ മാത്രമാണ് ഇടതുമുന്നണിക്ക് ഒരു സീറ്റെങ്കിലുമുള്ളത്. ഒഡീഷയിൽ നവീൻ പട്നായിക്കിന്റെ ബിജെഡി വെല്ലുവിളി നേരിടുന്നതായും വിലയിരുത്തപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com