ഭോപാൽ ∙ മധ്യപ്രദേശിലെ സിയോനി ജില്ലയിൽ ഗോരക്ഷകരെന്നു കരുതുന്ന സംഘം ഇറച്ചിയുമായി പോയവരെ മർദിച്ചു.
5 അക്രമികളെയും ഇറച്ചി കൊണ്ടുപോയ 3 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാവരെയും കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു.
ഇറച്ചി കടത്തുന്ന സംഘത്തിന്റെ പക്കലുണ്ടായിരുന്ന 140 കിലോ ഇറച്ചി, ഓട്ടോറിക്ഷ, സ്കൂട്ടർ എന്നിവയും പിടിച്ചെടുത്തു.
പശുവിറച്ചിയാണോ എന്ന് തിരിച്ചറിയാൻ ഹൈദരാബാദ് ഫൊറൻസിക് ലാബിലേക്ക് അയച്ചു.
ഗോവധനിരോധന നിയമം പ്രാബല്യത്തിലുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്.
ദുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മാണ്ട്‌ല റോഡിൽ 22നായിരുന്നു സംഭവം.
ഇറച്ചി കൊണ്ടുവന്ന സംഘത്തിലുണ്ടായിരുന്ന സ്ത്രീയെ ഒപ്പമുണ്ടായിരുന്നവരെക്കൊണ്ടു തന്നെ തല്ലിക്കുകയായിരുന്നു. സ്ത്രീക്ക് ചെരിപ്പു കൊണ്ടും മറ്റുള്ളവർക്ക് വടികൊണ്ടുമാണ് അടി കിട്ടിയത്.
സ്ത്രീയും ഒരു പുരുഷനും ന്യൂനപക്ഷ സമുദായത്തിൽ പെട്ടവരാണ്. ഇവരുടെ പരുക്കുകൾ ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. ഒരാളെക്കൊണ്ട് ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്തു.
അക്രമത്തിന്റെ വിഡിയോ പിറ്റേന്ന് ഇന്റർനെറ്റിൽ പ്രചരിച്ചതോടെ പൊലീസ് അക്രമികളെ പിടികൂടുകയായിരുന്നു.
ഇവർക്ക് രാഷ്ട്രീയബന്ധമുണ്ടോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഒരാൾ ഗോരക്ഷാ സംഘടനയായ ശ്രീറാം സേനയിൽ അംഗവും സ്ഥിരം കുറ്റവാളിയുമാണെന്ന് വ്യക്തമായിട്ടുണ്ട്.