ADVERTISEMENT

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ അധ്യക്ഷ പദവിയൊഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ രാഹുൽ ഗാന്ധി വിസമ്മതിച്ചതോടെ, കോൺഗ്രസ് നേതൃനിരയിൽ പ്രതിസന്ധി. കഴിഞ്ഞ ദിവസം ചേർന്ന പ്രവർത്തക സമിതി യോഗം ഐകകണ്ഠ്യേന പ്രമേയം പാസാക്കി രാഹുലിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഇനിയും വഴങ്ങിയിട്ടില്ലെന്നാണു സൂചന. 

ഉചിത തീരുമാനമെടുക്കാൻ അദ്ദേഹത്തിന് അൽപം കൂടി സമയം നൽകാമെന്ന പ്രിയങ്കാ ഗാന്ധിയുടെ അഭിപ്രായം മാനിച്ച പാർട്ടി നേതൃത്വം, രാഹുലിന്റെ മനംമാറ്റത്തിനായുള്ള കാത്തിരിപ്പിലാണ്. തീരുമാനത്തിൽ രാഹുൽ ഉറച്ചുനിന്നാൽ, വിഷയം പരിശോധിക്കാൻ വൈകാതെ വീണ്ടും പ്രവർത്തക സമിതി ചേർന്നേക്കും.

ശനിയാഴ്ച ചേർന്ന സമിതി യോഗത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പി. ചിദംബരം എന്നിവരെ രാഹുൽ രൂക്ഷമായി വിമർശിച്ചു. സ്വന്തം മക്കളെ സ്ഥാനാർഥികളാക്കിയില്ലെങ്കിൽ പാർട്ടിയിൽ നിന്നു രാജിവയ്ക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായി രാഹുൽ തുറന്നടിച്ചു.

താൻ മുഖ്യമന്ത്രിയായ സംസ്ഥാനത്ത് മകനു സീറ്റ് ലഭിക്കണമെന്നു കമൽനാഥ് ആവശ്യപ്പെട്ടു. മകൻ മത്സരിച്ച ജോധ്പുരിൽ 7 ദിവസം പ്രചാരണം നടത്തിയ ഗെലോട്ട് മറ്റു മണ്ഡലങ്ങളെ അവഗണിച്ചു – മൂവരുടെയും സാന്നിധ്യത്തിൽ രാഹുൽ ചൂണ്ടിക്കാട്ടി.

ഗെലോട്ടിന്റെ മകൻ വൈഭവ് തിരഞ്ഞെടുപ്പിൽ തോറ്റിരുന്നു. കൽനാഥിന്റെ മകൻ നകുൽനാഥും ചിദംബരത്തിന്റെ മകൻ കാർത്തിയും വിജയിച്ചു.

സംസ്ഥാനതലത്തിൽ കരുത്തുറ്റ നേതാക്കളെ വളർത്തിയെടുക്കണമെന്നു ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ പ്രവർത്തക സമിതിയിൽ ആവശ്യപ്പെട്ടു. നെഹ്റു കുടുംബത്തിനു പുറത്തുള്ളയാളെ അധ്യക്ഷ പദവിയിൽ നിയമിക്കണമെന്ന രാഹുലിന്റെ ആവശ്യം മറ്റു നേതാക്കൾ ഒരേ സ്വരത്തിൽ തള്ളി.

നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ നെഹ്റു കുടുംബത്തിനു പുറത്തുള്ളയാൾ നേതൃത്വം ഏറ്റെടുത്താൽ ഐക്യം തകരുമെന്നും പാർട്ടിയുടെ നിലനിൽപു തന്നെ ഭീഷണിയിലാകുമെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം, പദവിയൊഴിയാനുള്ള തീരുമാനത്തിൽ രാഹുൽ ഉറച്ചുനിന്നാൽ പകരക്കാരിയായി പ്രിയങ്കയ്ക്കു വേണ്ടിയുള്ള മുറവിളി ശക്തമാകുമെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. 

അനാവശ്യ തർക്കങ്ങളിലേക്ക് എന്നെ വലിച്ചിഴച്ചു: രാഹുൽ

നേതാക്കൾ സ്വന്തം കാര്യം മാറ്റിവച്ചു പാർട്ടിക്കു വേണ്ടി പ്രവർത്തിക്കണം. ആർഎസ്എസിനും ബിജെപിക്കുമെതിരായ പോരാട്ടമായിരുന്നു ലക്ഷ്യം. എന്നാൽ, ജില്ലാ പ്രസിഡന്റുമാരുടെ നിയമനങ്ങളിലെ തർക്കങ്ങളിലേക്കു വരെ എന്നെ വലിച്ചിഴച്ചു.

സംസ്ഥാനതലത്തിൽ തീർക്കേണ്ടിയിരുന്ന പ്രശ്നങ്ങൾ ഊതിപ്പെരുപ്പിച്ചു വഷളാക്കി. ഈ സ്ഥിതിയിൽ പാർട്ടിയെ നയിക്കാൻ ബുദ്ധിമുട്ടുണ്ട്. നിലവിലെ സംഘടനാ സംവിധാനമുപയോഗിച്ച് ആർഎസ്എസിനെ നേരിടാനാവില്ല. അധ്യക്ഷ പദവിയൊഴിഞ്ഞു സാധാരണ പ്രവർത്തകനായി നിലകൊള്ളാനാണു താൽപര്യം. 

റഫാൽ പിന്തുണ: നിരാശ പ്രകടിപ്പിച്ച് രാഹുൽ

റഫാൽ വിഷയത്തിൽ മറ്റു നേതാക്കളിൽ നിന്നു പിന്തുണ ലഭിക്കാത്തതിൽ രാഹുൽ ഗാന്ധി അസംതൃപ്തി വ്യക്തമാക്കി. പ്രവർത്തക സമിതി യോഗത്തിലുള്ള എത്ര പേർ റഫാൽ വിഷയം ഏറ്റെടുത്തുവെന്ന് അദ്ദേഹം ചോദിച്ചു. മറുപടിയായി ഏതാനും പേർ കൈ ഉയർത്തിയെങ്കിലും രാഹുൽ ശരിവച്ചില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com