ADVERTISEMENT

ന്യൂഡൽഹി ∙ രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണം എന്ന മുഖ്യകടമ്പ കഴിഞ്ഞു. മന്ത്രിസഭയിൽ സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സംഘത്തെ ഉടച്ചുവാർക്കുകയും ചെയ്തു.

ഇതിനിടെ, ജനതാദളിന്റെ (യു) രാഷ്ട്രീയ ഇടച്ചിലുണ്ടായി, ഉൾപ്പാർട്ടി തർക്കം തീർക്കാൻ കഴിയാത്ത എഐഎഡിഎംകെക്ക് മന്ത്രിസഭാ പ്രാതിനിധ്യം നൽകിയതുമില്ല. 

സുഷമ സ്വരാജ്, മേനകാ ഗാന്ധി, സുരേഷ് പ്രഭു, ജെ.പി. നഡ്ഡ, രാധാമോഹൻ സിങ്, ജൂവൽ ഓറം തുടങ്ങി സീനിയറായ 10 കാബിനറ്റ് മന്ത്രിമാരെ ഒഴിവാക്കിയത് നൽകുന്ന സൂചനകൾ ഇവയാണ്. 

പ്രധാനമന്ത്രി പരിപൂർണ ആധിപത്യം പ്രകടമാക്കിയിരിക്കുന്നു. സുമിത്ര മഹാജനു പകരം സ്പീക്കർ പദവി, അമിത് ഷായ്ക്കു പകരം പാർട്ടി പ്രസിഡന്റ് സ്ഥാനം തുടങ്ങിയ ചുമതലകളിലേക്ക് അവരിൽ ചിലർ നിയോഗിക്കപ്പെട്ടെന്നു വരാം.

രണ്ടാമനായി രാജ്നാഥ് സിങ്ങിനെ നിലനിർത്തിയതു മറ്റൊരു സൂചനയാണ്. പാർട്ടിയിലെ രണ്ടാമത്തെ ശക്തനായിട്ടും അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തത് രാജ്നാഥ് സിങ്ങിനു ശേഷമാണ്. 

മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കറിനെ മന്ത്രിയാക്കിയത് സർക്കാരിലെയും പാർട്ടിയിലെയും പലരെയും അത്ഭുതപ്പെടുത്തി. അജിത് ഡോവലിനെ മാറ്റേണ്ടിവന്നാൽ പകരം ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയോഗിക്കാൻ പറ്റിയ ആളായിട്ടാണ് മോദിയുടെ ഇഷ്ടക്കാരനായ ജയ്ശങ്കറെ കണ്ടിരുന്നത്. 

മോദിയുടെ വിദേശനയം 3 വർഷം കൈകാര്യം ചെയ്ത ജയ്ശങ്കറിന് ഈ വർഷമാദ്യം പത്മഭൂഷൺ നൽകിയിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരെ മന്ത്രിസഭയിൽ ഉപയോഗപ്പെടുത്തുന്നതെങ്ങനെയെന്നു മോദി കാണിച്ചുതരുകയാണ് ഇതുവഴി. 

ഹർദീപ് പുരി (ഐഎഫ്എസ്), അൽഫോൻസ് കണ്ണന്താനം, ആർ.കെ. സിങ് (ഐഎഎസ്) എന്നിവരെ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളോടെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരായി അദ്ദേഹം നേരത്തെ നിയോഗിച്ചിരുന്നു.

പുരിക്കും സിങ്ങിനും മന്ത്രിസ്ഥാനം തിരിച്ചുകിട്ടിയെങ്കിലും അൽഫോൻസിന് കഴിഞ്ഞില്ല. ജയ്ശങ്കറിന് വിദേശകാര്യവും മറ്റൊരു പ്രധാന വകുപ്പും കിട്ടിയേക്കാം. 

ധനമന്ത്രി അരുൺജെയ്റ്റ്ലി ആരോഗ്യപ്രശ്നം കാരണം ഒഴിവായതാണ്. വ്യവസായം, വാണിജ്യം, വ്യോമയാനം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന സുരേഷ് പ്രഭുവിനെ ഒഴിവാക്കി.

ഖന വ്യവസായവും പൊതു വ്യവസായവും കൈകാര്യം ചെയ്ത അനന്ത് ഗീഥേയെ ശിവസേന ഒഴിവാക്കി. സ്റ്റീൽ വകുപ്പു കൈകാര്യം ചെയ്തിരുന്ന വീരേന്ദ്രസിങ്ങും തെറിച്ചു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ടെലികോം മന്ത്രി മനോജ് സിൻഹയ്ക്ക് സദസിൽ കാഴ്ചക്കാരനായി ഇരിക്കേണ്ടിവന്നു. 

സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതിയിലെ അംഗങ്ങളായ ജെയ്റ്റ്ലിയും സുഷമ സ്വരാജും ഒഴിവായപ്പോൾ രാജ്നാഥ് സിങ്ങും നിർമലാ സീതാരാമനും തുടരുന്നു.

സീനിയോറിറ്റി കണക്കിലെടുത്ത് മേനകാഗാന്ധിയെ സ്പീക്കർ സ്ഥാനത്തേക്കു പരിഗണിക്കുമെന്നും മേനകയുടെ മകൻ വരുൺ ഗാന്ധിയെ ഉൾപ്പെടുത്തുമെന്നും അഭ്യൂഹമുണ്ടായിരുന്നെങ്കിലും ആദ്യ ഘട്ടത്തിൽ‍ അതുണ്ടായില്ല. 

2 കാബിനറ്റ് മന്ത്രിമാരെ വേണമെന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആവശ്യം അടുത്തഘട്ട വികസനത്തിൽ പരിഗണിച്ചേക്കും. ഇതിനുപകരം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഹാർ മുഖ്യമന്ത്രിപദം ബിജെപി ആവശ്യപ്പെട്ടേക്കും എന്ന പ്രചാരണം പാർട്ടി വൃത്തങ്ങൾ നിഷേധിച്ചിട്ടുണ്ട്.

എന്നാൽ പൊതുജന സമ്പർക്കമുള്ള റെയിൽവേയും ഗ്രാമവികസനവും കിട്ടണമെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com