ADVERTISEMENT

ന്യൂഡൽഹി ∙ വൻ ഹർഷാരവങ്ങൾക്കിടയിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. അപ്പോൾ ഏഴുമണിയാവാൻ രണ്ടു മിനിറ്റ്.

വിശിഷ്ടാതിഥികളടക്കം എഴുന്നേറ്റു നിന്നു. എല്ലാവരെയും വണങ്ങി മോദി നിയുക്ത മന്ത്രിമാർക്കായുള്ള സീറ്റുകളിലെ ഒന്നാമത്തെ കസേരയിലിരുന്നു. സത്യപ്രതിജ്ഞയ്ക്കായി രാഷ്ട്രപതിയുടെ സെക്രട്ടറി സഞ്ജയ് കോത്താരി മോദിയുടെ പേരു വിളിച്ചപ്പോഴും ആരവങ്ങൾ മുഴങ്ങി.

മോദി പ്രസംഗപീഠത്തിനടുത്തെത്തിയപ്പോഴും ‘മോദി, മോദി’ എന്ന ആരവങ്ങൾ തീർന്നില്ല. സത്യപ്രതിജ്ഞ ചൊല്ലിത്തുടങ്ങിയപ്പോഴാണ് അവ നിലച്ചത്. മോദിക്കു ശേഷം രണ്ടാമതായി സത്യപ്രതിജ്ഞയ്ക്കു വിളിച്ചത് രാജ്നാഥ് സിങ്ങിനെയായിരുന്നു. മൂന്നാമതായാണ് അമിത് ഷാ വന്നത്. 

സത്യപ്രതിജ്ഞയിൽ നാവുപിഴ

ന്യൂഡൽഹി ∙ സത്യവാചകം ചൊല്ലുന്നതിനിടയിൽ പിഴവു പറ്റിയവർ ഇക്കുറിയും.‘മേം (ഞാൻ)’ എന്നു രാഷ‌്ട്രപതി നൽകിയ തുടക്കം ഏറ്റുചൊല്ലാതെ, പേരിലേക്കു കടന്ന മൻസൂഖ് ലക്ഷ്മൺ മാണ്ഡവ്യയോട് വാചകം ആവർത്തിക്കാൻ രാഷ‌‌്ട്രപതി ആവശ്യപ്പെട്ടതായിരുന്നു തുടക്കം.

തൊട്ടുപിന്നാലെ വ‌ന്ന ഭഗൻ സിങ് കുലസ്തെയും ഇതേ പിഴവ് ആവർത്തിച്ചു. തെലങ്കാന ‌ബിജെപി പ്രസിഡന്റായ ജി. കിഷൻ റെഡ്ഡിക്കു സത്യപ്രതിജ്ഞയ്ക്കിടെ പലതവണ വാക്കുകൾ തെറ്റിപ്പോയി.

എങ്കിലും മറ്റു മന്ത്രിമാരിൽ നിന്നു വ്യത്യസ്തമായി, ‘ഭാരത് മാതാ കീ ജയ്’ എന്നു കൂടി പറഞ്ഞാണ് കിഷൻ റെഡ‌്ഡി മടങ്ങിയത്. ബിഹാറിലെ ഉജിയാർപുരിൽ നിന്നുള്ള എംപി നിത്യാനന്ദ റായ്ക്കും സത്യവാചകം ചൊ‌ല്ലുന്നതിനിടെ പിഴച്ചു.

ഇംഗ്ലിഷിൽ 12 പേർ;  ദൃഢപ്രതിജ്ഞ 3

ന്യൂഡൽഹി ∙ 2014 ലേതു പോലെ ഇക്കുറിയും മിക്കവരും ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ ചെയ്‌തത്. കഴിഞ്ഞ തവണ 8 പേ‌രായിരുന്നു ഇംഗ്ലിഷിൽ സത്യപ്രതിജ്ഞ ചെയ്തതെങ്കിൽ, ഇക്കുറി എണ്ണം 12 ആയി. കർണാടകയിൽ നി‌ന്നുള്ള ഡി.വി. സദാനന്ദ ഗൗഡയും. നിർ‌മല സീതാരാമനും  വി. മുര‌ളീധരൻ തുടങ്ങിയവർ ഇംഗ്ലിഷിലാണ് സത്യവാചകം ചൊല്ലിയത്.

മിക്കവരും ദൈവനാമത്തിൽ സത്യപ്രതിജഞ ചെയ‌്ത് അധികാരമേറ്റപ്പോൾ, ദൃഢപ്രതിജ്ഞയെടുത്ത ഏക ബിജെപി മ‌ന്ത്രി ഗു‌‌രുഗ്രാമിൽ നിന്നുള്ള റാവു ഇന്ദ്രജിത്ത് സിങ്ങാണ്. എൻഡിഎയിലെ ഘടകകക്ഷി മന്ത്രിമാരായ രാം വില‌ാസ് പസ്വാൻ, രാംദാസ്  അഠാവ്‌ലെ എ‌ന്നിവരും ദൃഢപ്രതി‍ജ്ഞ ചെയ്തു.

 മൻമോഹൻ വന്നു; ദേവെഗൗഡ വന്നില്ല

മുൻപ്രധാനമന്ത്രിമാരിൽ മൻമോഹൻ സിങ് ആണു ചടങ്ങിനെത്തിയത്. ദേവെഗൗഡ വരുമെന്നു പറഞ്ഞിരുന്നെങ്കിലും എത്തിയില്ല. മുൻ പ്രസിഡന്റ് പ്രതിഭാപാട്ടീൽ ചടങ്ങിനെത്തി.

കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും ഒരുമിച്ചാണു വന്നത്. ബിജെപി നേതാവ് ഉമാഭാരതി ഇരുവരെയും സ്വീകരിച്ചു. നിയുക്തമന്ത്രിമാരും ബിജെപി നേതാക്കളും ഇരുവരെയും വണങ്ങിയാണു കടന്നു പോയത്.

സുഷമ സ്വരാജ്് എത്തിയപ്പോൾ രാഹുൽ എഴുന്നേറ്റു നിന്നു തൊഴുതു. 

 ‘സ്വന്തം പേരുള്ള’ പാർട്ടിയുമായി റാംദാസ്

ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിൽ റാംദാസ് അഠാവ്‌ലെ മാത്രമാണ് സ്വന്തം പേരിൽ പാർട്ടിയുള്ളയാൾ.

റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(അഠാവ്‌ലെ)യാണ് പാർട്ടി. മുൻ മോദി സർക്കാരിനും അഠാവ്‌ലെ മന്ത്രിയായിരുന്നു.

 ‘ഒഡിഷ മോദി’ക്കൊപ്പം വി. മുരളീധരൻ

ഒഡിഷയിൽ നിന്നുള്ള പ്രതാപ് ചന്ദ്ര സാരംഗിക്കൊപ്പമാണ് വി. മുരളീധരൻ ചടങ്ങിനെത്തിയത്. ബാലസോറിൽ നിന്നുള്ള പ്രതാപ്ചന്ദ്ര സാരംഗിയെ ഒഡിഷ മോദി എന്നാണ് നാട്ടുകാർ വിളിക്കുന്നത്.

ആർഎസ്എസ് പ്രചാരകനായിരുന്ന സാരംഗിക്ക് സ്വന്തമായി ഒരു കുടിലും ഒരു ബാഗിൽ കൊള്ളാവുന്ന വസ്ത്രങ്ങളും ഒരു സൈക്കിളും മാത്രമാണുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com