sections
MORE

അമിത് അനിൽചന്ദ്ര ഷാ: ബിജെപിയെ ദിഗ്‌ജയത്തിലേക്ക് നയിച്ച സേനാപതി

Amit Shah and Narendra Modi
സത്യപ്രതിജ്ഞ ചെയ്ത ശേഷം ഇരിപ്പിടത്തിലേക്കു മടങ്ങുന്ന അമിത് ഷായെ വണങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്നാഥ് സിങ്ങും
SHARE

ഫലം പ്രവചിക്കുകയും പ്രവചനം ഫലിക്കാൻ സ്വയം പ്രവർത്തിക്കുകയും ചെയ്യുന്ന ജ്യോതിഷിയാണ് അമിത് ഷാ. പ്രവചനങ്ങളെല്ലാം ബിജെപിയുടെ തിരഞ്ഞെടുപ്പു വിജയങ്ങളെക്കുറിച്ചായിരുന്നു. അതിനുള്ള വഴിക്കണക്കുകളുണ്ടാക്കി പ്രവർത്തിച്ചു. ഫലമോ? 1951ൽ 10 പേർ തുടങ്ങിയ ഭാരതീയ ജന സംഘ്, ഇപ്പോൾ 10 കോടിയിലേറെ അംഗങ്ങളുള്ള ബിജെപിയായി വളർന്നിരിക്കുന്നു, ലോക്സഭയിൽ 303 അംഗങ്ങൾ.

നഷ്ടമേഖലകൾ തിരിച്ചറിഞ്ഞ്, നഷ്ടം നികത്തി ലാഭത്തിലാകാനുള്ള മാർഗങ്ങൾ ഷാ സ്വയം പഠിച്ചെടുത്തതാണ്. ബൂത്താണ് സർവപ്രധാനമെന്നതായിരുന്നു അടിസ്ഥാന പാഠം. ബൂത്തിൽനിന്നാണ് ഷായുടെ വളർച്ചയുടെ തുടക്കം. സർദാർ വല്ലഭായ് പട്ടേലിന്റെ മകൾ മണിബെന്നിനായി 1977ലെ തിരഞ്ഞെടുപ്പിൽ, 13–ാം വയസിൽ പോസ്റ്റർ ഒട്ടിച്ചു തുടങ്ങിയ വളർച്ച മോദിക്കൊപ്പം പാർട്ടിയുടെ ‘പോസ്റ്റർ ബോയ്’ ആവുന്നതുവരെയെത്തി.. അതിനിടെ, ചാണക്യനെ പഠി
ച്ചു, ഇതിഹാസങ്ങളും സാമ്രാജ്യങ്ങളുടെ ചരിത്രങ്ങളും, കിരീടധാരണങ്ങളും അവയിലേക്കുള്ള വഴികളും പഠിച്ചു. തന്റെ വഴി രാഷ്ട്രീയം തന്നെയെന്നു തിരിച്ചറിഞ്ഞു, രാഷ്ട്രീയം മുഴുവൻ സമയ പ്രവൃത്തിയാണെന്നും.

ആർഎസ്എസിൽ പരിശീലിച്ച്, വിദ്യാർഥി പരിഷത്തിൽ പ്രവർത്തിച്ച്, 1985ലാണ് ഷാ ബിജെപിയിലെത്തുന്നത്. 1984ലെ പൊതു തിരഞ്ഞെടുപ്പിൽ വലിയ പരാ
ജയമേറ്റപ്പോൾ, പുതിയ പാർട്ടിയുണ്ടാക്കിയത് അബദ്ധമായോ എന്ന് ബിജെപി നേതാക്കൾ ആലോചിച്ചിരുന്ന കാലമാണത്. അധികാരം വിദൂരസ്വപ്നമായിരുന്ന കാലമെന്നാണ് അതേക്കുറിച്ച് ഷാ തന്നെ പറഞ്ഞിട്ടുള്ളത്.

1987ൽ യുവ മോർച്ചയിലെത്തിയ ഷായിലെ തിരഞ്ഞെടുപ്പു തന്ത്രശാലിയെ നേതാക്കൾ വേഗത്തിൽ തിരിച്ചറിഞ്ഞു. 1989ലെ പൊതുതിരഞ്ഞെടുപ്പിൽ അഹമ്മദാബാദിൽ എൽ.കെ.അഡ്വാനിയുടെ പ്രചാരണ മാനേജരായി. എ.ബി.വാജ്പേയിയുടെയും മോദിയുടെയും തിരഞ്ഞെടുപ്പുകളിലും മുഖ്യസൂത്രധാരനായി. ഇതിനിടെ, പല തവണ ഗുജറാത്ത് നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായി. 2002ലെ കലാപമുൾപ്പെടെ ഗുജറാത്തിൽ മോദിയുൾപ്പെട്ട എല്ലാ പ്രശ്നങ്ങളിലും ഷായും ആരോപണവിധേയനായി.

വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിയായ ഷായ്ക്ക് കോടതി ജാമ്യമനുവദിച്ചപ്പോൾ, ഗുജറാത്തിൽനിന്നു പോകണമെന്ന നിർദ്ദേശമുണ്ടായി. അങ്ങനെ 2 വർഷം ഡൽഹിയിൽ കൗടില്യ മാർഗിലെ ഗുജറാത്ത് ഭവനിലെ അന്തേവാസിയായി. മുറിയിൽ ചാണക്യന്റെ ചിത്രം തൂക്കി, അധികാര തലസ്ഥാനത്തിന്റെ ചലനരീതികൾ അടുത്തറിഞ്ഞു.

വായിച്ചു പഠിക്കാവുന്നതല്ല അനുഭവമെന്നും അതു ജീവിച്ചാർജിക്കുന്നതാണെന്നും ഷാ പറയും. അനുഭവത്തിൽനിന്ന്, വളരാനുള്ള വഴി ബൂത്ത് തന്നെയെന്ന് അമിത് ഷാ പാർട്ടിയോടും പറഞ്ഞു. ആരും അവിശ്വസിച്ചില്ല. കാരണം, അഡ്വാനി, മോദി തുടങ്ങിയവർ ഷായെ വിശ്വസിക്കുകയും അതിന്റെ ഗുണഫലം അനുഭവിക്കുകയും ചെയ്തവരാണ്. ഷായാണ് 2014ൽ യുപിയിൽ ബിജെപിയുടെ വലിയ വിജയത്തിനു ചുക്കാൻ പിടിച്ചത്. അത് ഡൽഹിയിൽ മോദിയുടെ വിജയത്തിന്റെ പടികയറ്റമായി, ഷാ അധ്യക്ഷസ്ഥാനത്തേക്കും ചുവടുവച്ചു. സ്വാഭാവിമായും.

ചെസ് ഷായുടെ ഇഷ്ടവിനോദമാണ്. വിനോദമാണെങ്കിലും, ഒരോ കരു നീക്കാനും ഏറെയാലോചിക്കും. അതു ശീലമാണ്. അംഗബലം വളർത്തി, അംഗങ്ങളെ പരിശീലിപ്പിച്ച്, ആവശ്യമെങ്കിൽ മാത്രം സഖ്യങ്ങളുണ്ടാക്കി, പ്രയോജനകരമാകുന്ന വിവാദങ്ങളിലൂടെയൊക്കെ വളരുകയെന്നതാണ് ഷാ പാർട്ടിയെ ശീലിപ്പിച്ചത്. 2017ൽ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ (യുപി, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ, പഞ്ചാബ്) 3 സംസ്ഥാനങ്ങളിൽ കോൺഗ്രസിനു മേൽക്കൈ ഉണ്ടായിരുന്നു. എന്നാൽ, ഫലം വന്നുകൊണ്ടിരിക്കെ പത്രസമ്മേളനം നടത്തിയ ഷാ, നാലു സംസ്ഥാനങ്ങളിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചതും പ്രവചനംപോലെയാണ്. അതും ഫലിച്ചു.

പരാജയങ്ങളിൽ ഉലഞ്ഞു സമയം പാഴാക്കുന്ന ശീലമില്ല, വിജയത്തിനു വഴിതേടുന്ന തിരക്കിലൂടെ മനസുമാറ്റും. പാർട്ടിയെ വളർത്തിയ രഥയാത്ര മുതൽ തിരംഗ യാത്രവരെയുള്ളവയിൽ പങ്കാളിയോ പ്രധാനിയോ ആയിരുന്ന ഷാ, വിദേശയാത്രകളിൽ തൽപരനല്ല. 2006ൽ മ്യൂണിച്ചിലേക്കുള്ള യാത്രയ്ക്കുള്ള ക്ഷണം സ്വീകരിച്ചപ്പോഴും ജർമ്മനയിൽനിന്ന് എത്രവോട്ടെന്നു ചോദിച്ചെന്നു കഥ.

മുഴുവൻ സമയരാഷ്ട്രീയക്കാരൻ ഒാരോ നിമിഷവും കളത്തിലെ അടുത്ത നീക്കത്തെക്കുറിച്ച് ആലോചിക്കുമ്പോഴും ഭാര്യ സൊനാൽ ബെന്നിനോട് വീട്ടുവിശേഷങ്ങൾ ചോദിക്കാനും കൊച്ചുമകൾ രുദ്രിയുടെ ചിരിക്കു ചെവികൊടുക്കാനും വിട്ടുപോകില്ല.

ടീം പ്ലെയർ എന്ന് ഷായെക്കുറിച്ച് പറയുമ്പോൾ, ആ ടീമിൽ ആകെ 2 പേരാണുള്ളത്, മോദിയും ഷായും. പങ്കിട്ട സ്വപ്നങ്ങളും അവ സാധ്യമാക്കാനുള്ള രീതികളുമാണ് അവരെ ഒന്നാക്കി നിലനിർത്തുന്നത്. പാർട്ടിക്കു ഷായുണ്ടാക്കിയ നേട്ടങ്ങൾക്കൊപ്പം ഷായുടെ വളർച്ചയും സംഭവിക്കുകയെന്നതാണ് രീതി. അത് ഇപ്പോഴും ആവർത്തിക്കുന്നു. മോദിക്ക് ഒരു ചുവടു പിന്നിൽ നടന്നിരുന്ന ഷായെ ഇപ്പോൾ ശ്രദ്ധിക്കുക, കഴിഞ്ഞ 23ന് പാർട്ടി ഒാഫിസിലെ വിജയാഘോഷത്തിലുൾപ്പെടെ ഷാ ഒപ്പം നിന്നു, ഒപ്പം നടന്നു. അങ്ങനെ, മെല്ലെയാണെങ്കിലും, ഒപ്പം നിൽക്കുന്ന പിൻഗാമിയായി മാറുകയാണ് ഷാ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA