ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു മേഖലയ്ക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കാനെന്നവണ്ണം ജമ്മു കശ്മീരിൽ നിയമസഭാ മണ്ഡല പുനർനിർണയത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആലോചന തുടങ്ങി.

നിയമസഭയിൽ ജമ്മു മേഖലയുടെ പ്രാതിനിധ്യം കൂടുന്നത് ബിജെപിക്കു സംസ്ഥാന ഭരണം പിടിക്കാൻ  പാർട്ടി അധ്യക്ഷൻ കൂടിയായ അമിത് ഷാ നേരത്തെ നിർദ്ദേശിച്ച ലക്ഷ്യമായ ‘മിഷൻ 44 പ്ലസ്’ എളുപ്പമാക്കും എന്നാണു വിലയിരുത്തൽ. 

സംസ്ഥാനത്തിനു പ്രത്യേക പദവി നൽകുന്ന വകുപ്പും (370) സംസ്ഥാനത്തു സ്ഥിരമായി വസിക്കുന്നവരെയും അവരുടെ അവകാശങ്ങളെയും സംബന്ധിച്ച വകുപ്പും (35എ) ഭരണഘടനയിൽനിന്ന്, എടുത്തുകളയുമെന്നും  സംസ്ഥാനത്തേക്കു കശ്മീരി പണ്ഡിറ്റുകളുടെ സുഗമമായ തിരിച്ചുപോക്ക് ഉറപ്പാക്കുമെന്നുമാണ് ബിജെപിയുടെ വാഗ്ദാനം. ഇവ സാധ്യമാകണമെങ്കിൽ ആദ്യം ഭരണം പിടിക്കണമെന്ന വിലയിരുത്തലിലാണ് ഇപ്പോഴത്തെ നീക്കം.

35എ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ നിലവിൽ വരുംവരെ കേസ് പരിഗണിക്കരുതെന്ന് സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് കേസ് മാറ്റിയിരിക്കുകയാണ്. 

നിലവിൽ രാഷ്ട്രപതി ഭരണത്തിലുള്ള സംസ്ഥാനത്ത് മണ്ഡല പുനർനിർണയ കമ്മിഷനെ നിയോഗിക്കുന്നത് ഉൾപ്പെടെ അമിത് ഷാ, ഗവർണർ സത്പാൽ മാലിക്കുമായി കഴിഞ്ഞ ദിവസം ചർച്ച ചെയ്തെന്നാണു സൂചന.

ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിനു പറ്റിയ സമയമാണെന്നു തിരഞ്ഞെടുപ്പു കമ്മിഷന്റെ നിരീക്ഷകർ അടുത്തിടെ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, വിനോദസഞ്ചാര കാലം, റമസാൻ, അമർനാഥ് തീർഥയാത്ര എന്നിവ പരിഗണിച്ച് ഒക്ടോബർ–നവംബറിൽ തിരഞ്ഞെടുപ്പു മതിയെന്നാണു കേന്ദ്രം നിലപാടെടുത്തത്.

ഇപ്പോൾ പുനർനിർണയ കമ്മിഷനെ നിയോഗിച്ചാൽ തിരഞ്ഞെടുപ്പു 6 മാസമെങ്കിലും വൈകുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു. കമ്മിഷൻ തെളിവെടുപ്പു നടത്തണം, കരട് നിർദ്ദേശത്തെക്കുറിച്ച് വിയോജിപ്പുകളുണ്ടെങ്കിൽ പരിഗണിക്കണം.

കഴിഞ്ഞ ഡിസംബർ 18 നാണ് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായത്. 6 മാസം പൂർത്തിയാകുന്നതിനാൽ അതു നീട്ടാനുള്ള പ്രമേയം പാർലമെന്റ് ഈ മാസം 3–ാം വാരം ചേരുമ്പോൾ പരിഗണിക്കും. 

വോട്ടർമാരുടെ എണ്ണം, ഭൂവിസ്തൃതി, മറ്റു പ്രത്യേകതകൾ തുടങ്ങിയവ പരിഗണിക്കുമ്പോൾ ജമ്മുവിന് 87ൽ 45–46 മണ്ഡലങ്ങളെങ്കിലും ലഭിക്കണമെന്നാണു വിലയിരുത്തൽ.

സംസ്ഥാനത്തെ 7 പട്ടിക ജാതി മണ്ഡലങ്ങളും ജമ്മു മേഖലയിലാണ്. 2031ലെ സെൻസസ് വരുന്നതുവരെ മണ്ഡല പുനർ നിർണയം മരവിപ്പിച്ച് 2002ൽ കശ്മീർ നിയമസഭ നിയമഭേദഗതി പാസാക്കിയിരുന്നു. രാഷ്ട്രപതി ഭരണമായതിനാൽ അതു ഭേദഗതി ചെയ്യാൻ ഇപ്പോൾ കേന്ദ്രത്തിനു നടപടിയെടുക്കാം.

സംസ്ഥാനത്ത് പിഡിപി – ബിജെപി ഭരണ മുന്നണി 2015ലുണ്ടാക്കിയ കരാറിലും മണ്ഡല പുനർനിർണയ കമ്മിഷനെന്ന പ്രഖ്യാപനമുണ്ടായിരുന്നു. ഒൗദ്യോഗിക നടപടികൾ തുടങ്ങിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് സഖ്യവും ഇല്ലാതായി. 

അംഗബലം ഇങ്ങനെ

ജമ്മു കശ്മീർ നിയമസഭയുടെ ഒൗദ്യോഗിക അംഗബലം –111

പാക് അധീന കശ്മീരിനായി സംവരണം ചെയ്തിരിക്കുന്നത് – 24

നിലവിലെ അംഗബലം – 87

കശ്മീർ മേഖല – 46

ജമ്മു മേഖല – 37

ലഡാക്ക് മേഖല – 4.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com