ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പരാജയവും അനാരോഗ്യവും ചൂണ്ടിക്കാട്ടി സിപിഐ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനമൊഴിയാൻ എസ്. സുധാകർ റെഡ്ഡി സന്നദ്ധത പ്രകടിപ്പിച്ചു.

എന്നാൽ തിരഞ്ഞെടുപ്പു ഫലത്തിന്റെ പേരിൽ സ്ഥാനമൊഴിയേണ്ടെന്നു പാർട്ടി പറഞ്ഞതോടെ തുടരാൻ അദ്ദേഹം തയാറായി. ഇതേസമയം, പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്താൻ സിപിഐ ആലോചന തുടങ്ങി. 

2012 മുതൽ ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന സുധാകർ റെഡ്ഡിക്ക് മൂന്നാം ടേം തികയ്ക്കാൻ 2021 ഏപ്രിൽ വരെ കാലാവധിയുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പുവരെയേ തുടരുന്നുള്ളുവെന്നു കഴിഞ്ഞ വർഷം ഏപ്രിലിൽ കൊല്ലം പാർട്ടി കോൺഗ്രസിൽ സുധാകർ വ്യക്തമാക്കിയപ്പോൾ, അതുപോരെന്നും 3 വർഷ കാലാവധി പൂർത്തിയാക്കണമെന്നും കേരളഘടകവും മറ്റും നിലപാടെടുത്തിരുന്നു.

അന്ന്, ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു ഗുരുദാസ് ദാസ്ഗുപ്ത മാറിയെങ്കിലും, മറ്റൊരാളെ തൽക്കാലം ആ സ്ഥാനത്തു നിയമിക്കേണ്ടെന്നാണ് പാർട്ടി തീരുമാനിച്ചത്. 

സ്ഥാനമൊഴിയാൻ താൽപര്യപ്പെടുന്നുവെന്ന് കഴിഞ്ഞയാഴ്ച ദേശീയ സെക്രട്ടേറിയറ്റിലും നിർവാഹക സമിതിയിലും താൻ വ്യക്തമാക്കിയെന്ന് സുധാകർ റെഡ്ഡി മനോരമയോടു പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഒഴിവാകേണ്ടതില്ലെന്നും പരായജത്തിനു കൂട്ടുത്തരവാദിത്തമുണ്ടെന്നും മറുപടി ലഭിച്ചു. അതിനാൽ, ഇപ്പോൾ രാജിയുടെ പ്രശ്നമില്ല – അദ്ദേഹം വിശദീകരിച്ചു.

ഇതേസമയം, തിരഞ്ഞെടുപ്പിന്റെ പേരിൽ രാജി വേണ്ടെന്നു മാത്രമാണു വ്യക്തമാക്കിയതെന്നു പാർട്ടിവൃത്തങ്ങൾ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ സുധാകർ തുടരണോ എന്നതിൽ പാർട്ടി നിലപാടെടുത്തിട്ടില്ല.

അടുത്ത മാസം 19 മുതൽ 21 വരെ ചേരുന്ന ദേശീയ കൗൺസിൽ ഇക്കാര്യം ചർച്ചചെയ്തേക്കും. കേരള ഘടകത്തിന്റെ നിലപാടാണ് നിർണായകമാവുക. 

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ കേരളമുൾപ്പെടെ 18 സംസ്ഥാനങ്ങളിലായി 49 സീറ്റിലാണ് സിപിഐ മൽസരിച്ചത്, വിജയിച്ചത് തമിഴ്നാട്ടിലെ 2 സീറ്റിൽ മാത്രം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com