കശ്മീർ: 4 ജയ്ഷ് ഭീകരരെ വധിച്ചു; പാക്ക് ഗൂഢാലോചന തകർത്തു

kashmir-attack-18-05-2019
ഫയൽ ചിത്രം
SHARE

ശ്രീനഗർ ∙ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ 4 ജയ്ഷെ മുഹമ്മദ് ഭീകരരെ കശ്മീർ പൊലീസ് വധിച്ചു. ഇവരിൽ 2 പേർ കശ്മീർ സ്പെഷൽ പൊലീസിൽ നിന്ന് ഒളിച്ചോടിയവരാണ്.  പഞ്ച്റാൻ മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നു നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പഞ്ച്റൻ സ്വദേശി ആഷിഖ് ഹസൻ ഗനായി, പുൽവാമ സ്വദേശി ഇമ്രാൻ അഹമ്മദ് ബട്ട് എന്നിവർക്കൊപ്പം സ്പെഷൽ പൊലീസിലെ ഉത്‌മുള്ള സ്വദേശി മുഹമ്മദ് സൽമാൻഖാൻ, പുൽവാമ സ്വദേശി ഷബീർ അഹമ്മദ് ധർ എന്നിവരാണു കൊല്ലപ്പെട്ടത്.

ഈ പൊലീസുകാർ ഈദ് അവധിക്കു ശേഷം ഡ്യൂട്ടിക്ക് എത്തിയിരുന്നില്ല. തോക്കുകളുമെടുത്താണ് ഇരുവരും പോയത്. പൊലീസിന്റെ 7 റൈഫിളുകളും പിസ്റ്റളും മോഷ്ടിച്ച മറ്റൊരു കോൺസ്റ്റബിളും ഭീകരസംഘത്തിൽ ചേർന്നതായി സംശയിക്കുന്നു. ഇതേ സമയം, ഈദിന് അവധിക്കു വന്ന ടെറിറ്റോറിയൽ ആർമി ജവാനെ ഭീകരർ വെടിവച്ചു കൊന്നു.

അനന്ത്നാഗ് ജില്ലയിലെ സാധൂര ഗ്രാമത്തിലെ വീട്ടിലെത്തിയാണ് രാഷ്ട്രീയ റൈഫിൾസ് 34 ബറ്റാലിയനിലെ മൻസൂർ അഹമ്മദ് ബെഗിനെ വ്യാഴാഴ്ച വൈകിട്ട് വെടിവച്ചത്. ആശുപത്രിയിൽ എത്തിക്കും മുൻപ് മരിച്ചു. ഇതിനിടെ, ജമ്മു മേഖലയിൽ ഭീകരപ്രവർത്തനം പുനരുജ്ജീവിപ്പിക്കാനുള്ള പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ നീക്കവും ഇന്ത്യൻ സേന തകർത്തു. സംഭവത്തിൽ ഐഎസ്ഐ കശ്മീർ സെൽ, ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദ്ദീൻ എന്നിവയുമായി ബന്ധമുള്ള 6 പേർ അറസ്റ്റിലായി.

രത്‌നുചൗക്ക് പട്ടാള കേന്ദ്രത്തിന്റെ വിഡിയോ ചിത്രീകരിക്കവേ, അറസ്റ്റിലായ മുഷ്താഖ് അഹമ്മദ് മാലിക് (38), നദീം അക്തർ (24) എന്നിവരെ ചോദ്യംചെയ്തപ്പോഴാണ് ഐഎസ്ഐ ഗൂഢാലോചന പുറത്തായത്. തുടർന്നുള്ള അന്വേഷണത്തിൽ അതിർത്തി ഗ്രാമങ്ങളിൽ 4 പേർ കൂടി പിടിയിലായി. ഇവരിൽ നിന്ന് നിർണായക രേഖകളും ഐഎസ്ഐ ഓഫിസർമാരുടെ ഫോൺ നമ്പറുകളും പിടിച്ചെടുത്തു. ബാരാമുല്ല ജില്ലയിലെ സോപോറ പൊലീസ് സ്റ്റേഷനു നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ആളപായമില്ല.

ഭീകരരുടെ പട്ടികയുമായി കേന്ദ്രം

ന്യൂഡൽഹി ∙ കശ്മീരിൽ കടുത്ത നിലപാടെടുക്കുന്നതിന്റെ ഭാഗമായി ഭീകരരുടെ ഹിറ്റ് ലിസ്റ്റുമായി കേന്ദ്രം. ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ കശ്മീരിൽ നേരിടേണ്ട ഭീകരരുടെ പട്ടിക തയാറാക്കിയതായി ദേശീയ വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു. ലഷ്കറെ തയിബ, ഹിസ്ബുൽ മുജാഹിദീൻ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളിലെ പ്രമുഖരുടെ പേരുകളാണ് പട്ടികയിലുള്ളത്.

ലഷ്കർ കമാൻഡർ വസീം അഹമ്മദ് ഉസാമ, കൊല്ലപ്പെട്ട ബുർഹാൻ വാനിയുടെ സഹപ്രവർത്തകൻ റിയാസ് നായ്ക്കു, ഹിസ്ബുൽ ഭീകരരായ മുഹമ്മദ് അഷ്റഫ് ഖാൻ, മെഹ്റാജുദീൻ, ഡോ. സെയ്ഫുള്ള എന്നിവരും പാക്കിസ്ഥാൻ സ്വദേശികളും ജയ്ഷെ മുഹമ്മദ് അംഗങ്ങളുമായ ഹാഫിസ് ഉമർ, സഹീദ് ഷെയ്ഖ് എന്നിവരും ലിസ്റ്റിലുള്ളതായാണു വിവരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA