ADVERTISEMENT

ന്യൂഡൽഹി ∙ പഠാൻകോട്ട് സെഷൻസ് കോടതി കഠ്‌വ കേസിലെ വിധി പറഞ്ഞത് കടുത്ത പൊലീസ് കാവലിൽ. ജഡ്‌ജിയുടെ വിധി പ്രഖ്യാപനത്തിനുശേഷം കോടതിക്കു പുറത്തേക്കുവന്ന പ്രോസിക്യൂഷൻ അഭിഭാഷകരെ അസഭ്യവർഷവുമായി പ്രതിയുടെ ബന്ധുക്കൾ വളഞ്ഞു. പൊലീസ് എത്തിയാണ് അഭിഭാഷകർക്കു പുറത്തേക്കു പോകാൻ വഴിയൊഴുക്കിയത്. അഭിഭാഷകരായ ജെ.കെ. ചോപ്ര, എസ്.എസ്. ബസ്ര, ഹർമിന്ദർ സിങ്, ഭുപിന്ദൻ സിങ് എന്നിവരാണു പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. മുബീൻ ഫറൂഖിയാണു ബാലികയുടെ കുടുംബത്തിനുവേണ്ടി ഹാജരായത്. 

367 ദിവസം നീണ്ട വിചാരണയ്ക്കൊടുവിൽ ഇന്നലെ വിധി പറയുമ്പോൾ അനിഷ്ടസംഭവങ്ങളുണ്ടായാൽ നേരിടാൻ സായുധ പൊലീസ് സജ്ജമായി കോടതി സമുച്ചയത്തിൽ നിലയുറപ്പിച്ചിരുന്നു. വിധി അറിഞ്ഞപ്പോൾ മുഖ്യ പ്രതി സാൻജിറാമിന്റെയും ദീപക് ഖജൂരിയയുടെയും ബന്ധുക്കൾ കോടതിപരിസരത്തു കുഴഞ്ഞുവീണു. കോടതിക്കുള്ളിൽ മാധ്യമങ്ങൾക്കു പ്രവേശനമുണ്ടായിരുന്നില്ല. 

കഠ്‌വസംഭവത്തിലെ രാഷ്ട്രീയതാൽപര്യങ്ങൾ കേസ് നടപടികളെ കൂടുതൽ തുടക്കം മുതൽ വിവാദമാക്കിയിരുന്നു. സംഭവം നടന്നു നാലാം മാസം കേസിൽ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞപ്പോൾ പ്രതികളെ പിടികൂടുന്നതിനെതിരെ ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടന ജമ്മുവിൽ പ്രതിഷേധ റാലി നടത്തി. ജമ്മു കശ്മീരിൽ മെഹബൂബ മുഫ്തിയുടെ മന്ത്രിസഭയിൽ അംഗങ്ങളായ രണ്ടു ബിജെപി മന്ത്രിമാർ തന്നെ ഈ പ്രകടനത്തിൽ പങ്കെടുത്തു.

ഇതിനേക്കാൾ അവിശ്വസനീയം കഠ്‍വയിലെയും കശ്മീരിലെയും കോടതികളിലെ ഒരുവിഭാഗം അഭിഭാഷകർ കുറ്റപത്രം ഫയൽ ചെയ്യുന്നതിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചതാണ്.കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിനു വേണ്ടി ഹാജരായ അഭിഭാഷകരെ അവർ തടഞ്ഞു. ബാർ അസോസിയേഷൻ ജമ്മുവിൽ ബന്ദിനും ആഹ്വാനം ചെയ്തു. പിന്നീട് കഠ്‌വ കേസ് നടപടി ബിജെപി മന്ത്രിമാർ രാജിവച്ചു പുറത്തുപോയതോടെ ജമ്മു കശ്മീരിലെ പിഡിപി–ബിജെപി സഖ്യസർക്കാരും ഉലഞ്ഞു. 

പഞ്ചാബിലെ പഠാൻകോട്ട് ജില്ലാ സെഷൻസ് കോടതിയിൽ കഴിഞ്ഞവർഷം ജൂൺ ആദ്യവാരമാണു വിചാരണ ആരംഭിച്ചത്. ജമ്മു കശ്മീരിനു പുറത്തുവേണം വിചാരണ എന്ന് 2018മേയ് 7നു സുപ്രീം കോടതി ഉത്തരവിട്ടതിനെത്തുടർന്നാണു കഠ്‌വയിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള പഠാൻകോട്ട് വിചാരണ നിശ്ചയിച്ചത്. 

ജമ്മു കശ്മീരിൽ പ്രാബല്യത്തിലുള്ള രൺബീർ ശിക്ഷാ നിയമത്തിന്റെ (ആർപിസി) അടിസ്ഥാനത്തിലാണ് വിചാരണ നടന്നത്. ഭരണഘടനയിലെ 370–ാം വകുപ്പനുസരിച്ച് ജമ്മു കശ്മീരിൽ ഇന്ത്യൻ ശിക്ഷാനിയമമല്ല (ഐപിസി), രൺബീർ സിങ്ങിന്റെ ഭരണകാലത്തു പ്രാബല്യത്തിലായ ആർപിസിയാണുള്ളത്. ചില വകുപ്പുകളിൽ ആർപിസിയും ഐപിസിയും തമ്മിൽ വ്യത്യാസമുണ്ട്. കേസിൽ ആകെ 114 സാക്ഷികളെ വിസ്തരിച്ചു. 

കഠ്‍വയിൽ സംഭവിച്ചത്

2018 ജനുവരി 10 : ജമ്മുവിലെ കഠ്‍വയിൽ രസാന ഗ്രാമത്തിൽ ബഖർവാൽ നാടോടി  വിഭാഗത്തിൽപെട്ട 8 വയസ്സുകാരിയെ വനത്തിൽ കുതിരകളെ മേയ്ക്കുന്നതിനിടെ കാണാതായി. 

 2018 ജനുവരി 12: കുട്ടിയുടെ അച്ഛന്റെ പരാതിയിൽ ഹിരാനഗർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു.

 2018 ജനുവരി 17: ക്രൂര മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ മൃതദേഹം വനപ്രദേശത്തു നിന്നു കണ്ടെത്തി. പ്രായപൂർത്തിയാകാത്ത ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

 2018 ജനുവരി 22: ഉന്നതർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തെത്തുടർന്നു കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്ഷേത്രത്തിലെ പൂജാരിയും പൊലീസ് ഓഫിസർമാരും ഉൾപ്പെടെ 7 പേർ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ കീഴടങ്ങി. 

 2018 ഫെബ്രുവരി 16: കുറ്റാരോപിതരിൽ ഒരാൾക്കു പിന്തുണയുമായി ഹിന്ദു ഏക്താ മഞ്ച് രംഗത്ത്

 2018 മാർച്ച് 1: ക്രൈംബ്രാഞ്ച് നടത്തിയ അറസ്റ്റിൽ പ്രതിഷേധിച്ചു ഹിന്ദു ഏക്താ മഞ്ച് നടത്തിയ പ്രകടനത്തിൽ സംസ്ഥാന മന്ത്രിസഭയിലെ ബിജെപി മന്ത്രിമാരായ ലാൽ സിങ്, ചന്ദേർ പ്രകാശ് ഗംഗ എന്നിവർ പങ്കെടുത്തു. 

 2018 ഏപ്രിൽ 9: കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള പൊലീസിന്റെ ശ്രമം ഒരു വിഭാഗം അഭിഭാഷകർ തടസ്സപ്പെടുത്താൻ ശ്രമം. 

 2018 ഏപ്രിൽ 14: പ്രതികൾക്ക് അനുകൂലമായി നടത്തിയ റാലിയിൽ പങ്കെടുത്ത 2 ബിജെപി മന്ത്രിമാരും രാജിവച്ചു. 

 2018 ഏപ്രിൽ 16: കേസ് വിചാരണ കഠ്‍വ ജില്ലാ കോടതിയിൽ ആരംഭിച്ചു. വിചാരണ രഹസ്യമായി വേണമെന്നു കോടതി നിർദേശം.

 2018 മേയ് 7: വിചാരണ പഞ്ചാബിലെ പഠാൻകോട്ട് ജില്ലാ സെഷൻസ് കോടതിയിലേക്കു മാറ്റാൻ സുപ്രീം കോടതി ഉത്തരവ്. വിചാരണ രഹസ്യമായും വേഗത്തിലും വേണമെന്നും നിർദേശം

 2018 മേയ് 31: വിചാരണ  പഠാൻകോട്ട്  കോടതിയിൽ ആരംഭിച്ചു. 

 2018 ഒക്ടോബർ 5 : കേസിൽ പുതിയ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പ്രതികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 

 2019 ജൂൺ 3: വിചാരണ അവസാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com