ADVERTISEMENT

1 സാൻജിറാം    (ആസൂത്രകൻ)

റവന്യു വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ. സമീപത്തെ ക്ഷേത്രത്തിലെ പൂജാരി. നാടോടികളായ ബഖർവാലകളെ പ്രദേശത്തുനിന്നു ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നതിനായി കുറ്റകൃത്യം ആസൂത്രണം ചെയ്തു. പതിനഞ്ചുകാരനായ അനന്തരവനോട് പെൺകുട്ടിയെ തട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു. പെൺകുട്ടിയെ തിരക്കി എത്തിയ അമ്മയോട് അവൾ ഏതോ വീട്ടിൽ സുരക്ഷിതയായി കഴിയുന്നുവെന്നും ഉടൻ മടങ്ങിവരുമെന്നും പറഞ്ഞു. കേസ് ഒതുക്കാൻ പൊലീസുകാർക്ക് 5 ലക്ഷം രൂപ കൊടുത്തു.

2 പ്രായപൂർത്തി എത്താത്ത പ്രതി

സമീപത്തെ സ്കൂളിലെ പ്യൂണിന്റെ മകൻ. കുറ്റകൃത്യം നടക്കുമ്പോൾ പ്രായം 15. പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിനു സ്കൂളിൽ നിന്നു പുറത്താക്കി.

കുതിരകളെ മേയ്ക്കുകയായിരുന്ന പെൺകുട്ടിയെ സഹായിക്കാനെന്ന ഭാവേന കൂട്ടിക്കൊണ്ടുപോയി. വായ്മൂടിക്കെട്ടി, കയ്യും കാലും കെട്ടി മാനഭംഗപ്പെടുത്തി.

പിന്നീടു സമീപത്തെ ക്ഷേത്രത്തിലെ മുറിയിലാക്കി. കൂട്ടമാനഭംഗത്തിനു ശേഷം കല്ലുകൊണ്ടു പെൺകുട്ടിയുടെ തലയ്ക്ക് ഇടിച്ചതും ഈ പ്രതി.

3 പർവേഷ് കുമാർ

പതിനഞ്ചുകാരന്റെ സഹായി. പെൺകുട്ടിയെ ക്ഷേത്രത്തിനുള്ളിലാക്കാൻ സഹായിച്ചു. ലഹരിമരുന്നു വാങ്ങി ബലമായി പെൺകുട്ടിക്കു നൽകി, മാനഭംഗപ്പെടുത്തി.

4 ദീപക് ഖജൂരിയ

സ്പെഷൽ പൊലീസ് ഓഫിസർ. മാനസിക വിഭ്രാന്തിയുള്ളവർക്കു നൽകുന്ന ഗുളിക വാങ്ങി പെൺകുട്ടിക്കു ബലംപ്രയോഗിച്ചു നൽകി. പലവട്ടം മാനഭംഗപ്പെടുത്തി. കൊലപ്പെടുത്തുന്നതിനു തൊട്ടുമുൻപ് ഒന്നുകൂടി പീഡിപ്പിക്കണമെന്നു ശഠിച്ചു.

5 വിശാൽ ജംഗോത്ര

സാൻജി റാമിന്റെ മകൻ. യുപിയിലെ മീററ്റിൽ ബിഎസ്‌സി വിദ്യാർഥി. പതിനഞ്ചുകാരനായ കൂട്ടുപ്രതി അറിയിച്ചതുപ്രകാരം മീററ്റിൽ നിന്ന് കഠ്‌വയിലെത്തി. പെൺകുട്ടിയെ പലതവണ മാനഭംഗപ്പെടുത്തി. തെളിവുകൾ നശിപ്പിക്കാനും മുൻകയ്യെടുത്തു.

6 തിലക് രാജ്

ഹെഡ് കോൺസ്റ്റബിൾ. കേസ് ഒതുക്കുന്നതിനു സാൻജിറാമുമായി കരാറുണ്ടാക്കി. അന്വേഷണ സംഘത്തോടൊപ്പം സഞ്ചരിക്കുകയും തെളിവുകൾ കഴിവതും ശേഖരിച്ചില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. 5 ലക്ഷം രൂപയോളം സാൻജിറാമിൽ നിന്നു കൈപ്പറ്റി.

7 സുരേന്ദർ കുമാർ

സ്പെഷൽ പൊലീസ് ഓഫിസർ. മാനഭംഗശ്രമം നടത്തിയതായി തെളിവില്ല. ക്ഷേത്രത്തിൽ പെൺകുട്ടിയെ സൂക്ഷിച്ച ദിവസങ്ങളിൽ കുട്ടിയുടെ കുടുംബത്തിന്റെ നീക്കങ്ങളും ബഖർവാല സമുദായത്തിന്റെ നീക്കങ്ങളും നിരീക്ഷിച്ച് പ്രതികളെ അറിയിച്ചു.

8 ആനന്ദ് ദത്ത

ഹീരാ നഗർ പൊലീസ് സ്റ്റേഷനിലെ എസ്ഐ. കേസന്വേഷണം പൂർണമായി പ്രഹസനമാക്കി. പ്രായപൂർത്തിയാകാത്ത പ്രതിയിൽ മാത്രം കുറ്റം ചുമത്തി മറ്റു പ്രതികളെ ഒഴിവാക്കാൻ കരുനീക്കി. രക്തസാംപിൾ പോലും ശേഖരിക്കാതെ വിട്ടു.

പ്രായപൂർത്തിയാകാത്ത പ്രതി കുറ്റകൃത്യം നടത്തിയത് എങ്ങനെ എന്നു തെളിയിക്കുന്ന വിധം ചിത്രങ്ങളും എടുത്തു. 5 ലക്ഷം രൂപ കൈക്കൂലിയിൽ 4 ലക്ഷം രൂപയും വാങ്ങിയത് ആനന്ദ് ദത്താണ്.

ലഹരി നൽകി മയക്കി ക്രൂരത

അന്നു സംഭവിച്ചത്

കുറ്റപത്രം പറയുന്നത്: ന്യൂനപക്ഷ നാടോടി ഗോത്രവിഭാഗ കുടുംബത്തിലെ ബാലികയെ ജമ്മു കശ്മീരിലെ കഠ്‌വയിൽ കഴിഞ്ഞ വർഷം ജനുവരി 10നാണുതട്ടിക്കൊണ്ടുപോയത്. കാണാതായ കുതിരകളെ അന്വേഷിച്ചിറങ്ങിയ കുട്ടിയെ പതിനഞ്ചുകാരനായ പ്രതി, കുതിരകളെ കാട്ടിക്കൊടുക്കാമെന്നു പറ‍ഞ്ഞു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

5 പ്രതികൾ ദിവസത്തോളം തടവിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയെ ലഹരി നൽകി മയക്കിയശേഷമായിരുന്നു ക്രൂരത. പിന്നീട് കുട്ടിയെ മർദിച്ചുകൊലപ്പെടുത്തി വനമേഖലയിൽ ഉപേക്ഷിച്ചു.

ബഖർവാല നാടോടികളെ കഠ്‌വ മേഖലയിൽനിന്നു ഭയപ്പെടുത്തി ഓടിക്കാൻ സാൻജിറാം ആസൂത്രണം ചെയ്തതാണു ബാലികയെ തട്ടിക്കൊണ്ടുപോകലും പീഡനവും കൊലപാതകവും എന്നു കുറ്റപത്രത്തിൽ പറയുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലാണു കുറ്റപത്രം നൽകിയത്. 

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ വച്ച ക്ഷേത്രത്തിന്റെ പരിപാലകനും പൂജാരിയുമായ സാൻജിറാം, സ്പെഷൽ പൊലീസ് ഓഫിസർ ദീപക് ഖജുരീയ, പർവേഷ് കുമാർ എന്നിവരെ  ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൂട്ട മാനഭംഗം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണു ശിക്ഷിച്ചത്.

പ്രോസിക്യൂഷൻ വധശിക്ഷയ്ക്കുവേണ്ടി വാദിച്ചതെങ്കിലും 3 പേർക്കും ജീവപര്യന്തം തടവും ഒരുലക്ഷം രൂപ വീതം പിഴയുമാണു കോടതി വിധിച്ചത്. ഒരു പ്രതിയെ വിട്ടയച്ചതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നു പ്രോസിക്യൂഷൻ അഭിഭാഷകർ പറഞ്ഞു.

സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സ്പെഷൽ പൊലീസ് ഓഫിസർ സുരേന്ദർ വർമ എന്നിവരെ 5 വർഷം തടവിനു ശിക്ഷിച്ചത് തെളിവുകൾ നശിപ്പിച്ചതിനും കുറ്റകൃത്യം മൂടിവയ്ക്കാൻ ശ്രമിച്ചതിനുമാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com