ADVERTISEMENT

ബെംഗളൂരു ∙ നാടകാചാര്യനും ചലച്ചിത്രകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ ഗിരീഷ് കർണാട് (81) അന്തരിച്ചു.  ലാവല്ലെ റോഡിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തിനു ചികിൽസയിലായിരുന്നു. 

അരനൂറ്റാണ്ട് ഇന്ത്യൻ നാടക, സിനിമാ രംഗത്തു നിറഞ്ഞു നിന്ന പ്രതിഭയാണ് അരങ്ങൊഴിഞ്ഞത്. നടൻ, സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകളും തുറന്ന വിമർശനങ്ങളുമായി അധികാര രാഷ്ട്രീയത്തോട് കലഹിച്ച കലാകാരനായിരുന്നു കർണാട്.

പൊതുദർശനവും വിലാപയാത്രയുമില്ലാതെ കൽപള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി. കർണാടക സർക്കാർ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ഭാര്യ സരസ്വതി. മക്കൾ: എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ രഘു കർണാട്, ഡോ. രാധ (കെനിയ). 

മഹാഷ്ട്രയിലെ മാതേരയിൽ 1938 മേയ് 19ന് ഡോ. രഘുനാഥ് കർണാടിന്റെയും കൃഷ്ണാഭായിയുടേയു മകനായി ജനനം. ധാർവാഡിലെ കർണാടക സർവകലാശാലയിൽ നിന്ന് 1958 ൽ ബിരുദം നേടിയ ശേഷം 1963 ൽ ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് തത്വശാസ്ത്ര, രാഷ്ട്രമീംമാംസ, ധനതത്വശാസ്ത്ര വിഷയങ്ങളിൽ എംഎ എടുത്തു.

ഷിക്കാഗോ സർവകലാശാലയിൽ വിസിറ്റിങ് പ്രഫസറും ഫുൾബ്രൈറ്റ് സ്കോളറുമായിരുന്നു.പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു. യയാതി, തുഗ്ലക്, നാഗമണ്ഡല, ഹയവദന തുങ്ങിയവയാണ് പ്രശസ്ത നാടകങ്ങൾ. 

യു.ആർ. അനന്തമൂർത്തിയുടെ ‘സംസ്കാര’, എസ്.എൽ ഭൈരപ്പയുടെ വംശവൃക്ഷ എന്നീ നോവലുകൾ ചലച്ചിത്രമാക്കിയപ്പോൾ തിരക്കഥാരചനയിൽ പങ്കാളിയായി. സംസ്കാര, നിഷാന്ത്, ഏക് ദാ ടൈഗർ, ശിവായ് തുടങ്ങി ഒട്ടേറെ ഹിന്ദി ചലച്ചിത്രങ്ങളിൽ വേഷമിട്ടു. ദ് പ്രിൻസ്, നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com