ADVERTISEMENT

കൊൽക്കത്ത ∙ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് – ബിജെപി സംഘർഷം തുടരുന്നു. നോർത്ത് 24 പർഗാനാസ് ജില്ലയിൽ 2 തൃണമൂൽ പ്രവർത്തകർ ബോംബേറി‍ൽ കൊല്ലപ്പെട്ടു. മരിച്ചവരിലൊരാളുടെ ഭാര്യ ഉൾപ്പെടെ 3 പേർ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. 

ബിജെപിയാണ് അക്രമത്തിനു പിന്നിലെന്നു മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. എന്നാൽ, കുടുംബവഴക്കാണു സംഭവത്തിനു പിന്നിലെന്നാണു ബിജെപി സംസ്ഥാന ഘടകത്തിന്റെ നിലപാട്. ‘ജയ് ശ്രീറാം’ വിളിച്ചതിനു ഹൗറ ജില്ലയിൽ 43 വയസ്സുകാരനായ ഒരു പാർട്ടി പ്രവർത്തകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായി അവർ ആരോപിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ഇതുവരെ 10 പേർ രാഷ്ട്രീയ സംഘട്ടനങ്ങളിൽ കൊല്ലപ്പെട്ടതായി മമത ബാനർജി പറഞ്ഞു. പത്തിൽ 8 പേരും തൃണമൂൽ പ്രവർത്തകരാണെന്നും ബിജെപിക്കു വോട്ട് ചെയ്യാത്തവരെ അവർ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഇതേസമയം, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റോ‍ഡ് ഷോയ്ക്കിടെ തകർന്ന ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയ്ക്കു പകരം പുതിയത് ഇന്നലെ മമത അനാ‌വരണം ചെയ്തു.

ബംഗാൾ നവോത്ഥാന നായകനായ വിദ്യാസാഗറിന്റെ പ്രതിമ തകർത്തതു ബിജെപിയാണെന്നു തൃണമൂലും തൃണമൂൽ ഗുണ്ടകളാണ് സംഭവത്തിനു പിന്നിലെന്നു ബിജെപിയും ആരോപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com