sections
MORE

ഉത്തരേന്ത്യയിലെ കൊടുംചൂട്; കേരള എക്സ്പ്രസിൽ 5 മരണം

train
SHARE

ന്യൂഡൽഹി / കോയമ്പത്തൂർ ∙ കേരള എക്സ്പ്രസ് ട്രെയിനിൽ ആഗ്രയിൽനിന്നു കോയമ്പത്തൂരിലേക്കു യാത്ര ചെയ്യുകയായിരുന്ന 5 പേർ കനത്ത ചൂടിനെത്തുടർന്നു മരിച്ചു. 

യുപിയിലെ ഝാൻസിയിലായിരുന്നു സംഭവം. ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടതാകാമെന്നാണു ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. മരിച്ചവർ കോയമ്പത്തൂർ, കൂനൂർ സ്വദേശികളാണ്. 

കോയമ്പത്തൂരിൽനിന്നു പുറപ്പെട്ട 77 തീർഥാടക സംഘത്തിൽപെട്ട ഇവർ വാരാണസി ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് ആഗ്രയിൽനിന്നു തിങ്കളാഴ്ച ഉച്ചയ്ക്കു ട്രെയിനിൽ കയറിയത്. എസ് 8, 9 സ്‌ലീപ്പർ കോച്ചുകളിലായിരുന്നു യാത്ര. 

കയറുമ്പോൾ തന്നെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായി സഹയാത്രികർ പറഞ്ഞു.  വൈകിട്ടു ഗ്വാളിയർ കഴിഞ്ഞതോടെ നില ഗുരുതരമായി. അബോധാവസ്ഥയിലായതോടെ ടിടിഇ ഝാൻസി കൺട്രോൾ റൂമിൽ വിളിച്ചു. 

ഝാൻസിയിലെത്തിയ ഉടൻ ഡോക്ടർമാർ പരിശോധിച്ചെങ്കിലും 3 പേർ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ തുടർന്ന രണ്ടുപേരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ആഗ്ര മുതൽ അസഹ്യമായ ചൂടായിരുന്നെന്നും ശ്വാസം ലഭിക്കാത്ത അവസ്ഥയായിരുന്നെന്നും യാത്രക്കാർ പറഞ്ഞതായി ഝാൻസി റെയിൽവേ പൊലീസ് സബ് ഇൻസ്പെക്ടർ വിനയ് സാഹു പറഞ്ഞു. ഝാൻസിയിൽ തിങ്കളാഴ്ച 48.1 ഡിഗ്രിയായിരുന്നു ചൂട്; ഇന്നലെ 48.3.

കോയമ്പത്തൂർ ഒണ്ടിപുതൂർ സ്വദേശികളായ ദൈവാനന്ദം, കലാമണി, ഒണ്ടിപുത്തൂരിൽ താമസിക്കുന്ന കോത്തഗിരി സ്വദേശി പച്ചഗൗണ്ടർ(80), കൂനൂർ ഒട്ടുപട്ടരെ സ്വദേശികളായ റിട്ട. തഹസിൽദാർ സുബയ്യ (87), വിദ്യാഭ്യാസ വകുപ്പ് റിട്ട. സൂപ്രണ്ട് ബാലകൃഷ്ണൻ (67) എന്നിവരാണു മരിച്ചത്. 

ഈ മാസം ട്രെയിനിൽ 2 മരണം വേറെ

ന്യൂഡൽഹി ∙ ഈ മാസം ഏഴിന് ഖുശിനഗർ എക്സ്പ്രസിൽ രാജേഷ് ഗുപ്ത എന്നയാൾ ഝാൻസിക്കു തൊട്ടുമുൻപുള്ള ബാബിന സ്റ്റേഷനിൽ മരിച്ചതും കൊടുംചൂട് മൂലമാണെന്നാണു നിഗമനം.

ആഗ്ര– ഡൽഹി ജൻസമ്പർക്രാന്തി എക്സ്പ്രസിൽ ഒന്നിനു സീതയെന്ന പെൺകുട്ടിയുടെ മരണത്തിനു കാരണമായത് ട്രെയിനിലെ ആൾത്തിരക്കും ചൂടുമാണെന്നും റിപ്പോർട്ടുണ്ട്. 

1998നു ശേഷം ആദ്യമായി തിങ്കളാഴ്ച ഡൽഹിയിൽ താപനില 48 ഡിഗ്രിയായി; ഇന്നലെ 46 ഡിഗ്രിയും. രാജസ്ഥാനിലെ ദോൽപൂരിൽ 51 ഡിഗ്രിയും ചുരുവിൽ 50.3 ഡിഗ്രിയും വരെയായി താപനില.

അതിശക്തമായ ഉഷ്ണക്കാറ്റാണ് ചൂട് ഉയരാനുള്ള കാരണമെന്നു കാലാവസ്ഥാ കേന്ദ്രം വിശദീകരിക്കുന്നു. ജലാംശം നഷ്ടപ്പെടാതിരിക്കാനുള്ള മുൻകരുതൽ ഇല്ലെങ്കിൽ അപകടസാധ്യതയേറും; കാലാവസ്ഥ പരിചയമില്ലാത്ത ദക്ഷിണേന്ത്യൻ സംസ്ഥാന ക്കാരാണെങ്കിൽ പ്രത്യേകിച്ചും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA