ADVERTISEMENT

ന്യൂഡൽഹി ∙ മുത്തലാഖ് നിയമവിരുദ്ധമാക്കുന്നതിനുൾപ്പെടെ കഴിഞ്ഞ സർക്കാരിന്റെ കാലത്തുകൊണ്ടുവന്ന വിവിധ ഓർഡിനൻസുകൾക്കു പകരമായുള്ള ബില്ലുകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 

ഇതര പിന്നാക്ക വിഭാഗങ്ങളുടെ കേന്ദ്ര പട്ടികയിൽ ഉപവിഭാഗങ്ങളെ നിശ്ചയിക്കാനുള്ള സമിതിയുടെ കാലാവധി ജുലൈ 31വരെയും  ജമ്മു–കശ്മീരിൽ രാഷ്ട്രപതി ഭരണം 6 മാസത്തേക്കും  നീട്ടി.

രാജ്യസഭയിൽ പാസാകാതിരുന്നതോ കഴിഞ്ഞ ലോക്സഭയുടെ കാലാവധി അവസാനിച്ചതിനാൽ കാലഹരണപ്പെട്ടതോ ആണ് ഇന്നലെ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച മിക്ക ബില്ലുകളും. എല്ലാം പാർലമെന്റിന്റെ അടുത്തയാഴ്ച തുടങ്ങുന്ന സമ്മേളനത്തിൽ അവതരിപ്പിക്കും. 

∙മുത്തലാഖ് ബിൽ: കുറ്റക്കാർക്ക് 3 വർഷംവരെ തടവും പിഴയും. വാറന്റില്ലാതെ പൊലീസിന് അറസ്റ്റ് ചെയ്യാം. സ്ത്രീയുടെ ഭാഗം കേട്ടശേഷം മാത്രം പ്രതിക്കു ജാമ്യം. സ്ത്രീക്കും ആശ്രിതരായ മക്കൾക്കും ചെലവിനു നൽകാനും വ്യവസ്ഥ.

∙ആധാർ ബിൽ: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ, സർക്കാർ ആനുകൂല്യങ്ങൾക്ക് ആധാർ നമ്പർ നിർബന്ധിതമല്ലാതാക്കുന്ന ബിൽ. ആധാർ നമ്പറുള്ള കുട്ടികൾക്ക് 18 വയസാകുമ്പോൾ ആധാറിൽ നിന്നു പിന്മാറാൻ സൗകര്യം, സ്വകാര്യ സംരംഭങ്ങൾ ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കുന്നതിനും വിലക്ക്. 

∙കേന്ദ്ര സർക്കാരിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണ തത്വങ്ങൾ പാലിച്ച് 7000 അധ്യാപകരെ നേരിട്ട് നിയമിക്കാനുള്ള ബിൽ. സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് 10% സംവരണത്തിനും വ്യവസ്ഥ. മികവിന്റെ പട്ടികയിലുള്ള ദേശീയ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്കു ബാധകമല്ല. 

തിരുവനന്തപുരത്തെ സ്പേസ് ഫിസിക്സ് ലബോറട്ടറി, ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസ് ഉൾപ്പെടെ 8 സ്ഥാപനങ്ങളാണ് മികവിന്റെ പട്ടികയിലുള്ളത്. 

∙ജമ്മു കശ്മീരിൽ രാജ്യാന്തര അതിർത്തിക്കു സമീപം താമസിക്കുന്നവർക്ക് വിവിധ പ്രഫഷനൽ കോഴ്സുകളിലും  ഉദ്യോഗത്തിനും സ്ഥാനക്കയറ്റത്തിലും സംവരണത്തിനുള്ള ബിൽ.

∙സർക്കാർ മന്ദിരങ്ങളിൽ അനധികൃതമായി താമസിക്കുന്നവരെ കാരണം കാണിക്കൽ നോട്ടിസില്ലാതെ ഉടനടി ഒഴിപ്പിക്കാൻ വ്യവസ്ഥചെയ്യുന്ന ബിൽ. വെയ്റ്റ് ലിസ്റ്റിലുള്ളവർക്ക് കാലതാമസമില്ലാതെ വീടുകൾ ലഭ്യമാക്കുക ലക്ഷ്യം.

∙മെഡിക്കൽ കൗൺസിലിനും പകരമായി നിയമിക്കപ്പെട്ട ബോർഡ് ഓഫ് ഗവർണേഴ്സിനെ കഴിഞ്ഞ സെപ്റ്റംബർ 26 മുതൽ 2 വർഷത്തേക്കു നിയമിച്ചുള്ള ഓർഡിനൻസിനു പകരമായുള്ള ബിൽ. ബോർഡ് ഓഫ് ഗവർണേഴ്സിന്റെ എണ്ണം 7ൽ നിന്ന് 12 ആക്കും.

∙ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയിലും സംസ്ഥാന ഡെന്റൽ കൗൺസിലുകളിലും കേന്ദ്രസർക്കാരിന്റെ പ്രാതിനിധ്യവും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നിർബന്ധിതമല്ലാതാക്കുന്ന  നിയമഭേദഗതി.

∙സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതിയുടെ കാലാവധി കഴിഞ്ഞ മേയ് 17 മുതൽ ഒരു വർഷത്തേക്കു നീട്ടാനുള്ള ബിൽ. 

∙ട്രസ്റ്റുകൾക്കും സർക്കാർ അനുവദിക്കുന്ന സ്ഥാപനങ്ങൾക്കും പ്രത്യേക സാമ്പത്തിക മേഖല തുടങ്ങാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com