ADVERTISEMENT

ന്യൂഡൽഹി / ജയ്പുർ ∙ ഉത്തരേന്ത്യൻ നഗരങ്ങളിലെ ചൂടിന് അല്പം ശമനംവരുത്തി പൊടിക്കാറ്റും മഴയും. ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നലെ ശക്തമായ പൊടിക്കാറ്റു വീശി.

ന്യൂഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ഇരുപതോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. അറബിക്കടലിൽ രൂപം കൊണ്ട ‘വായു’ ചുഴലിക്കാറ്റാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂടു കുറയാൻ കാരണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഡൽഹിയിൽ ഇന്നലെ 44 ഡിഗ്രി സെൽഷ്യസാണു കൂടിയ താപനില രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 48 ഡിഗ്രി കടന്നിരുന്നു. ഇന്നലെ വൈകിട്ട് 6.30ന് 40 ഡിഗ്രിയിലെത്തിയ താപനില ഏഴായപ്പോൾ 33 ഡിഗ്രിയായി. ഏതാനും ദിവസമായി വീശിക്കൊണ്ടിരുന്ന ഉഷ്ണക്കാറ്റിനും ശമനമുണ്ടായി. 

50 ഡിഗ്രിക്കു മുകളിൽ ചൂടു രേഖപ്പെടുത്തിയിരുന്ന രാജസ്ഥാനിൽ ഇന്നലെ ആശ്വാസമായി മഴയെത്തി. ഉച്ചകഴിഞ്ഞു ജയ്പുർ അടക്കം സംസ്ഥാനത്തിന്റെ തെക്കുകിഴക്കൻ ജില്ലകളിൽ മഴ ലഭിച്ചു. ജയ്പുരിൽ മഴയെത്തുടർന്നു താപനില 6 ഡിഗ്രി കുറഞ്ഞ് 40 ഡിഗ്രിയിലെത്തി.

‘വായു’ ചുഴലിക്കാറ്റിന്റെ തുടർച്ചയായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ലഭിക്കുമെന്നാണു പ്രവചനം. 60–70 കിലോമീറ്റർ വേഗമുള്ള പൊടിക്കാറ്റിനും സാധ്യതയുണ്ട്. എന്നാൽ രാജസ്ഥാനിലെ പടിഞ്ഞാറൻ ജില്ലകളായ ജയ്സാൽമേർ, ജോധ്പുർ, ബാർമർ, ബിക്കാനീർ എന്നിവിടങ്ങളിൽ വരണ്ട കാലാവസ്ഥയും കനത്ത ചൂടും തുടരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com