ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപിയുടെ അംഗത്വ യജ്ഞത്തിന് ദേശീയ തലത്തിൽ ചുക്കാൻ പിടിക്കാൻ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അധ്യക്ഷനായ 5 അംഗ സമിതിയെ നിയോഗിച്ചു.

കേരളത്തിലെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, ദേശീയ ഉപാധ്യക്ഷൻ ദുഷ്യന്ത് ഗൗതം, ദേശീയ സെക്രട്ടറിയും ഒഡീഷയിൽ നിന്നുള്ള ലോക്സഭാംഗവുമായ സുരേഷ് പൂജാരി, രാജസ്ഥാൻ മുൻ സംസ്ഥാന അധ്യക്ഷൻ അരുൺ ചതുർവേദി എന്നിവരുമുൾപ്പെടുന്നതാണ് സമിതി. 

പ്രവർത്തന മികവും ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നടത്തിയ മികച്ച പ്രകടനവുമാണ് ദേശീയ നേതാക്കൾക്കൊപ്പം ശോഭാ സുരേന്ദ്രനെ സമിതിയിലുൾപ്പെടുത്താനുള്ള കാരണങ്ങളെന്നു പാർട്ടിവൃത്തങ്ങൾ പറഞ്ഞു. 

അടുത്ത മാസം 6 മുതൽ ജനുവരി 31വരെയാണ് അംഗത്വ യജ്ഞം. കേരളത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ കെ.പി.ശ്രീശൻ കൺവീനറും അഡ്വ.പി. സുധീർ, അഡ്വ. കെ.പി. പ്രകാശ് ബാബു, നോബിൾ മാത്യു, നിവേദിത സുബ്രഹ്മണ്യൻ എന്നിവർ അംഗങ്ങളുമായ സ്റ്റിയറിങ് കമ്മിറ്റിയെ നാളെ എറണാകുളത്ത് പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ദക്ഷിണേന്ത്യയിലും പാർട്ടി വേരുറപ്പിക്കണം: അമിത് ഷാ

ന്യൂഡൽഹി ∙ കേരളവും തമിഴ്നാടുമുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽക്കൂടി പാർട്ടിയെ ശക്തിപ്പെടുത്താൻ ഊർജിത ശ്രമം വേണമെന്ന് സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനങ്ങളിലെ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി.

ഇത്തവണ ലോക്സഭയിലേക്ക് 303 സീറ്റ് നേടിയെങ്കിലും പാർട്ടിയുടെ പരമാവധി വളർച്ച ഇനിയും സാധ്യമായിട്ടില്ല. എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവരെ പാർട്ടിയിൽ ചേർക്കാൻ സാധിക്കണം. എല്ലാ വിഭാഗങ്ങളുടെയും പ്രീതി നേടാൻ സാധിച്ചാൽ മാത്രമേ ഇനിയും വേരോട്ടമില്ലാത്ത സംസ്ഥാനങ്ങളിൽ വിജയിക്കാനാവൂ. 

ഇത്തവണ 220 സീറ്റിലും 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും 50 ശതമാനത്തിലധികം വോട്ട് നേടാനായത് താഴേത്തട്ടിലെ പ്രവർത്തകരുടെ മികവാണെന്നും അമിത് ഷാ പറഞ്ഞു.

സംഘടനാ തിരഞ്ഞെടുപ്പിനുള്ള നടപടികളും അംഗത്വ യജ്ഞവും സമാന്തരമായാണ് നടത്തുക. നേരത്തെ, 2014 നവംബറിൽ തുടങ്ങിയ അംഗത്വ യജ്ഞത്തിന്റെ എല്ലാ നടപടികളും 2016 ലാണ് പൂർത്തിയായത്.

നിലവിലുള്ളതിന്റെ 20% കൂടി അംഗബലം വർധിപ്പിച്ചാണ് വിവിധ തലങ്ങളിൽ തിരഞ്ഞെടുപ്പു നടപടികളിലേക്കു കടക്കേണ്ടത്. നിലവിൽ ഏകദേശം 11 കോടി അംഗങ്ങളുണ്ടെന്നാണ് പാർട്ടിയുടെ കണക്ക്.

കേരളത്തിൽനിന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, തെലങ്കാനയുടെ ചുമതലയുള്ള പ്രഭാരി പി.കെ. കൃഷ്ണദാസ്, സംഘടനാകാര്യ ജനറൽ സെക്രട്ടറി എം.ഗണേശൻ, ജോയിന്റ് ജനറൽ സെക്രട്ടറി കെ.സുഭാഷ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com