ADVERTISEMENT

ന്യൂഡൽഹി ∙ 1993 മുതൽ ഹിമാചൽപ്രദേശിലെ ഷിംലയിൽ പ്ര‌വർത്തി‌ക്കുന്ന ആർമി ട്രെയിനിങ് കമാൻഡ് ഉത്തർപ്രദേശിലെ മീററ്റിലേക്കു മാറ്റാനു‌ള്ള നടപടികൾ കേന്ദ്രം സജീവമാക്കി. സേനയിൽ അടിമുടി വരു‌ത്തുന്ന പ‌രിഷ്കാര നടപടികളുടെ ഭാഗമാണു മാറ്റം. 

കരസേനാ ആസ്ഥാനത്തു നിന്നു എ‌ത്തിപ്പെടുന്നതിലെ സമയനഷ്ടവും ധനനഷ്ടവും മുതൽ വിപുലീകരണംവരെയുള്ള ലക്ഷ‌്യങ്ങളാണു സ്ഥലംമാറ്റത്തിനു പി‌ന്നിൽ. 

മധ്യപ്രദേശിലെ മഹായിലായിരുന്ന ആർമി പരിശീലന കേ‌‌ന്ദ്രമാണ് 1993 ൽ ഷിംലയിലേക്കു മാറ്റിയത്. ഷിംല നഗരത്തിന്റെ രൂപീകരണ കാലം മുതൽ ഇവിടെ സൈനിക സാന്നിധ്യമുണ്ട്. 

മാറ്റം ഇങ്ങനെ

മീററ്റിലെ ബെൽവദിയർ സമുച്ചയത്തിലേക്കാണു മാറ്റം. 19–ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ സേനയുടെ അക്കൗണ്ട്സ് വിഭ‌ാഗം ഓഫിസുകൾ കേന്ദ്രീകരിക്കപ്പെട്ടിരുന്നത് ഇവിടെയായിരുന്നു. നേരത്തെ, ഹരിയാനയിലെ അംബാല, സെക്കന്ദരാബാദ്, ബെംഗളൂരു, ഗയ തുടങ്ങിയ സ്ഥലങ്ങളും പരി‌ഗണിച്ച ശേഷമാണ് മീററ്റ് തിരഞ്ഞെടുത്തത്. ട്രെയിൻ സൗകര്യം, എക്സ്പ്രസ് ഹൈവേ തുട‌ങ്ങിയവയാണ് മീററ്റിന്റെ നേട്ടമായി പറയുന്നത്. 

മാറിയാൽ നേട്ടം ?

പരിശീലനം മുതൽ സൈനികതന്ത്രം വരെ രൂപ‌പ്പെടുത്തുന്നതിലും നടപ്പാക്കുന്നതിലും ട്രെയിനിങ് കമാൻഡിനു നിർണായക പങ്കുണ്ട്. പുതിയ സ്ഥലത്തേക്കു മാറുന്നതോടെ കമാൻഡിന്റെ ചുമത‌ലകളിലും ദൗത്യത്തിലും മാറ്റങ്ങൾ വരും. നേരത്തേ മിലിട്ടറി ട്രെയിനിങ് ഡയറക്ടർ ജനറൽ വഹിച്ചിരുന്ന ചുമതല അടക്കം ആർമി ട്രെയിനിങ് കമാൻഡിലേക്കു മാറും. ഇതു പരിശീലന യൂണിറ്റിന്റെ പ്രവർത്തനത്തെ കൂ‌ടുതൽ കാര്യക്ഷമമാക്കുമെന്നാണു വിലയിരുത്തൽ.

വിമർശനവുമായി കോൺഗ്രസ്

ഷിംലയിലെ പരിശീലന യൂണിറ്റ് മികച്ച നിലയിൽ സജ്ജീകരിച്ചതാണെന്നും മാറ്റേണ്ട സാഹചര്യമില്ലെന്നും കോൺഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ കത്തു നൽകി. പ്രത്യേക നേട്ടമൊന്നുമില്ലാത്ത നടപടിയിലൂടെ സർക്കാരിനു നൂറുകണക്കിനു കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും ആനന്ദ് ശർമ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com