ADVERTISEMENT

മുംബൈ ∙ രാജ്യത്തു മീടൂ തരംഗത്തിനു തുടക്കമിട്ട്, നടി തനുശ്രീ ദത്ത നൽകിയ കേസിൽ തെളിവില്ലെന്നു പൊലീസ് റിപ്പോർട്ട്.  ലൈംഗിക അതിക്രമ കേസിൽ നടൻ നാനാ പടേക്കർക്ക് എതിരെ തെളിവൊന്നും ലഭിച്ചില്ലെന്നു മുംബൈ പൊലീസ് കോടതിയെ അറിയിച്ചു. കുറ്റപത്രം സമർപ്പിച്ചു വിചാരണ നടത്താൻ തെളിവുകൾ ഇല്ലെന്നാണു ഡപ്യൂട്ടി കമ്മിഷണർ അന്ധേരി മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ടിനു സമർപ്പിച്ച ബി- സമ്മറി റിപ്പോർട്ട്.  

കേസ് മുന്നോട്ടുകൊണ്ടുപോകാൻ തെളിവുകളില്ലാത്ത സാഹചര്യത്തിൽ നൽകുന്നതാണു ബി- സമ്മറി റിപ്പോർട്ട്.  റിപ്പോർട്ട് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതിനു മുൻപു മജിസ്‌ട്രേട്ട് കോടതി ഇരുകക്ഷികളുടെയും വാദം കേൾക്കും. എന്നാൽ കേസ് അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഉത്തരവൊന്നും കോടതി ഇറക്കിയിട്ടില്ല. 

പൊലീസ് റിപ്പോർട്ടിനെ എതിർക്കുമെന്നും വേണ്ടിവന്നാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും തനുശ്രീയുടെ അഭിഭാഷകൻ അറിയിച്ചു.  സാക്ഷികളെ വിരട്ടി നിശബ്ദരാക്കി. കേസ് ദുർബലമാക്കാൻ വ്യാജ സാക്ഷികളെ അവതരിപ്പിച്ചു - തനുശ്രീ പറഞ്ഞു. 2008ൽ 'ഹോൺ ഒകെ പ്ലീസ്' എന്ന സിനിമയുടെ സെറ്റിൽ പടേക്കർ മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ഒക്‌ടോബറിലാണു തനുശ്രീ പരാതി നൽകിയത്. ഗാനചിത്രീകരണത്തിനിടയിൽ പടേക്കർ അപമര്യാദയായി സ്പർശിച്ചെന്നാണ് ആരോപണം. എന്നാൽ ആരോപണങ്ങൾ പടേക്കർ നിഷേധിച്ചിരുന്നു.

തനുശ്രീയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ഒട്ടേറെ സ്ത്രീകൾ തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം സംബന്ധിച്ചു സമൂഹമാധ്യമങ്ങളിലൂടെ വിവരം പങ്കുവയ്ക്കാൻ മുന്നോട്ടുവന്നിരുന്നു. തനുശ്രീയുടെ പരാതിയിൽ പടേക്കർക്കു പുറമേ, കൊറിയോഗ്രാഫർ ഗണേഷ് ആചാര്യ, നിർമാതാവ് സമീ സിദ്ദിഖി, സംവിധായകൻ രാകേഷ് സാരംഗ് എന്നിവർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. 4 പേരും കേസിൽ കുറ്റവിമുക്തരാകാൻ സാഹചര്യം ഒരുക്കുന്നതാണ് ഇപ്പോഴത്തെ റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com