ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്ത് തീരം തൊടാതെ വായു ചുഴലിക്കാറ്റ് ദിശ മാറിയെങ്കിലും കടലോര മേഖലയിൽ വായു‘കോപം’ തുടരുന്നു. വ്യാഴാഴ്ച പകൽ തീരത്ത് ആഞ്ഞടിക്കുമെന്നായിരുന്നു പ്രവചനമെങ്കിലും വടക്കു പടിഞ്ഞാറൻ ദിശയിൽ നീങ്ങിക്കൊണ്ടിരുന്ന ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രിയോടെ ദിശമാറിയതാണ് ആശ്വാസമായത്.

സംസ്ഥാന തീരം വിട്ട ചുഴലിക്കാറ്റ് ഒമാൻ തീരത്തേയ്ക്കു നീങ്ങുന്നു. എങ്കിലും, അടുത്ത് 48 മണിക്കൂർ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അപകടസാഹചര്യം ഒഴിവായിട്ടില്ല.

വായുവിന്റെ ചുഴലിക്കണ്ണ് ഗുജറാത്തിൽ നേരിട്ടു പ്രവേശിച്ചില്ലെങ്കിലും കൊടുങ്കാറ്റ് സൗരാഷ്ട്ര, കച്ച് മേഖലയിൽ നാശം വിതച്ചു. അഞ്ഞൂറിലധികം ഗ്രാമങ്ങളിൽ വൈദ്യുതി വിതരണം താറുമാറായി.

കടൽക്ഷോഭം തുടരുന്നു. സൗരാഷ്ട്ര, കച്ച്, പോർബന്തർ, വെരാവൽ പ്രദേശങ്ങളിൽ കനത്ത മഴയുമുണ്ടായി. അഹമ്മദാബാദിലും ഉത്തര ഗുജറാത്തിലും വരെ മഴ പെയ്തു. 

തീരത്തെ 3 ലക്ഷം പേരെ മാറ്റിത്താമസിപ്പിച്ചു. ട്രെയിൻ, റോഡ് ഗതാഗതം നിർത്തിവച്ചു. 86 ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും 37 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. 5 വിമാനത്താവളങ്ങൾ ഇന്നലെ അർധരാത്രി വരെ അടച്ചിട്ടു.

ദേശീയ ദുരന്ത നിവാരണ സേനയുടെ 51 സംഘങ്ങളെയും കര, നാവിക സേനയെയും അതീവ ജാഗ്രതയിൽ ഒരുക്കിനിർത്തിയിട്ടുണ്ട്. 20 വർഷം മുൻപ് ചുഴലിക്കാറ്റ് ഗുജറാത്തിൽ ആയിരങ്ങളുടെ മരണത്തിനും വൻനാശത്തിനും കാരണമായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com