ADVERTISEMENT

ന്യൂഡൽഹി ∙ ഡോക്ടർമാരുടെ കടുത്ത നിലപാടും കേന്ദ്ര ഇടപെടലും ഉൾപ്പെടെ സ‌മ്മർദം ശക്തമായതോടെ ബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടർമാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതായി മുഖ്യമന്ത്രി മമത ബാന‌ർജി. ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാവില്ലെന്നു പ്ര‌ഖ്യാപിച്ച മമത ജൂനിയർ ഡോക്ടർമാരടക്കം എല്ലാവരും തിരികെ ജോലിയിൽ പ്ര‌വ‌േശിക്കണമെന്ന് അഭ്യർഥിച്ചു. എന്നാൽ, മമതയുടേതു സത്യസന്ധതയില്ലാത്ത ഇടപെടലാണെന്ന് ആരോപിച്ച ജോയിന്റ് ജൂനിയർ ഡോക്ടേഴ്സ് ഫോറം സമരത്തിൽ നിന്നു പിന്മാറില്ലെന്നു പ്രഖ്യാപിച്ചു.

ഇതിനിടെ, രാജ്യവ്യാപകമായി ഇ‌ന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രഖ്യാപിച്ച പ്ര‌തിഷേധം രണ്ടാംദിവസം പിന്നിട്ടു. ഡൽഹിയിലടക്കം പലയിടത്തും ഡോക്ടർമാരുടെ പ്രതിഷേധം ആശുപത്രികളെ ബാധിക്കുന്നുണ്ട്. നാളെ അടിയന്തര സേവനങ്ങളൊഴികെ പണിമുടക്കിയുള്ള അഖിലേന്ത്യാ പ്രതിഷേധദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. സമരം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ഐഎംഎ ദേശീയ ജനറൽ സെക്രട്ടറി ഡോ. ആർ.വി. അശോകൻ പറഞ്ഞു. 

ഡോക്ടർമാരുടെ സമരത്തെക്കുറിച്ചും അനുബന്ധ ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാൾ സർക്കാരിൽ നി‌ന്നു റിപ്പോർട്ട് തേടിയതിനു പിന്നാലെ, കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇട‍പെട്ടു. മമത ബാനർജിക്കു നൽകിയ കത്തിൽ സംസ്ഥാന സർക്കാർ പ്രശ്നം വഷള‌ാക്കാൻ ശ്രമിക്കുന്നതായി കേന്ദ്രമന്ത്രി ഹർഷ് വർധൻ കുറ്റപ്പെടുത്തി. അടിയന്തര നടപടി ആവശ്യപ്പെട്ട് ഗവർണർ കേസരിനാഥ് ത്രിപാഠി മമതയ്ക്കു കത്തു നൽകിയിരുന്നു. ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നതടക്കം നടപടികളെക്കുറിച്ചു ഗവർണറോടു മമത വിശദീകരിച്ചു. 

അതിനിടെ, ച‌ർച്ചയ്ക്കുള്ള മമതയുടെ ക്ഷണം ഡോക്ടർമാർ രണ്ടാം തവണയും നിരാകരിച്ചു. ജൂനിയർ ഡോക്ടർ ആക്രമണത്തിനിരയായ കൊൽക്കത്തയിലെ എൻആർഎസ് മെഡിക്കൽ കോളേജ് മുഖ്യമന്ത്രി സന്ദർശിക്കണമെന്നും അവിടെവച്ച് ചർച്ച നടത്തണമെന്നുമാണു സമരക്കാരുടെ ആവശ്യം. എന്നാൽ, പു‌റത്തുനിന്നുള്ളവർ മെഡിക്കൽ കോളജിനുള്ളിൽ മനഃപൂർവം ‌പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും ബിജെപിയുടെയും സിപിഎമ്മിന്റെയും ഗൂഢാലോചനയാണ് ഇതെന്നും മമത പ്രതികരിച്ചു. 

എൺപത്തഞ്ചുകാരനായ രോഗി മരിച്ചതിനെ തുടർന്ന് ബന്ധുക്ക‌ൾ ജൂനിയർ ഡോക്ടർമാരെ ആക്രമിച്ചതോടെയാണു പ്രതിഷേധങ്ങൾക്കു തുടക്കമായത്. കഴി‌ഞ്ഞ തി‌ങ്കളാഴ്ച രാത്രിയുണ്ടായ സംഭവങ്ങൾക്കു പിന്നാലെ 5 ദിവസമായി ബംഗാളിലെ ആരോഗ്യമേഖല നിശ്ചലമാണ്. സമരത്തിനു പിന്തുണയുമായി 500 ലേറെ ഡോക്ടർമാ‌ർ ഇതിനകം രാജിവച്ചു. ബംഗ‌ാളിലെ സമരം ഐഎംഎ ഏറ്റെടുത്തതോടെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായി. 

ഡൽഹി എയിംസിലെ ഡോക്ട‌ർമാർ ഉൾപ്പെടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. 48 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് എയിംസിലെ ഡോക്ടർമാരുടെ സംഘടന അന്ത്യശാസനം നൽകി. 

ഡോക്ടർമാരുടെ സുരക്ഷ: സംസ്ഥാനങ്ങൾക്ക് കത്ത്

ന്യൂഡൽഹി ∙ ബംഗാളിൽ ഡോക്ടർമാർക്കെതിരായ അക്രമം വൻപ്രതിഷേധത്തിനു വഴിവെച്ചതോടെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരെയുണ്ടാകുന്ന അതിക്രമങ്ങളിൽ കർശന നടപടി വേണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം. 

ആശുപത്രികളിൽ ഡോക്ടർമാർക്ക് മതിയായ സുരക്ഷ നൽകണമെന്ന് മുഖ്യമന്ത്രിമാർക്ക് അയച്ച കത്തിൽ കേന്ദ്രമന്ത്രി ഹർഷ് വർധൻ ആവശ്യപ്പെട്ടു. ബംഗാളിലെ സമരത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിവേദനം നൽ‌കിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com