ADVERTISEMENT

മുംബൈ ∙ 2006ലെ ഒന്നാം മാലെഗാവ് സ്‌ഫോടനത്തിനു പിന്നിൽ ഭൂരിപക്ഷ വിഭാഗമാണെന്ന ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ കണ്ടെത്തലുകളെ തള്ളി ബോംബെ ഹൈക്കോടതി 4 പ്രതികൾക്കും ജാമ്യം അനുവദിച്ചു. ഇവർക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 6 കൊല്ലം മുൻപ് അറസ്റ്റിലായ ധൻ സിങ്, ലോകേഷ് ശർമ, മനോഹർ നർവാരിയ, രാജേന്ദ്ര ചൗധരി എന്നിവർക്കാണു ജാമ്യം.

2006 സെപ്റ്റംബർ 8നു കബർസ്ഥാനു സമീപം ഉണ്ടായ സ്‌ഫോടനത്തിൽ 31 പേരാണു മരിച്ചത്. നൂറോളം പേർക്കു പരുക്കേറ്റു. ആദ്യം കേസ് അന്വേഷിച്ച മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) ന്യൂനപക്ഷ വിഭാഗത്തിലെ 9 പേരെ അറസ്റ്റ് ചെയ്തു. പിന്നീടെത്തിയ സിബിഐയും എടിഎസിനെ ശരിവച്ചു. എന്നാൽ, എൻഐഎ 9 പേരെയും കുറ്റവിമുക്തരാക്കി പുതിയ 4 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവർ സ്‌ഫോടനത്തിലൂടെ വർഗീയലഹളയ്ക്ക് ശ്രമിച്ചെന്നാണ് എടിഎസും സിബിഐയും കണ്ടെത്തിയത്. അതേസമയം, ഭൂരിപക്ഷ വിഭാഗമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് എൻഐഎ കണ്ടെത്തൽ. എടിഎസ് അറസ്റ്റുചെയ്തവരെ കുറ്റവിമുക്തരാക്കിയ എൻഐഎ നടപടിയെ ഹൈക്കോടതി വിമർശിച്ചു.

ആദ്യ അന്വേഷണ ഏജൻസികൾ സമർപ്പിച്ച റിപ്പോർട്ടുകൾ എൻഐഎ കോടതി അവഗണിക്കരുതായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. 2008ൽ മാലെഗാവിലുണ്ടായ സ്ഫോടനത്തിൽ 9 പേർ കൊല്ലപ്പെട്ട കേസിലാണ് എംപി പ്രജ്ഞ സിങ് ഉൾപ്പെടെയുള്ളവർ വിചാരണ നേരിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com