sections
MORE

മമത: വീണുടയുന്ന നായികാവിഗ്രഹം; ഇനിയൊരു തിരഞ്ഞെടുപ്പ് വിജയം സാധ്യമോ?

mamata-banerjee
മമത ബാനർജി
SHARE

ബംഗാളിൽ രാഷ്ട്രീയാന്തരീക്ഷം കലങ്ങിമറിയുകയാണ്. കാലാവസ്ഥാ മാറ്റം സുവ്യക്തം. ബംഗാൾ ചരിത്രത്തിൽ ബിജെപിയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ടത്. എന്നാൽ ആ മുന്നേറ്റം മാത്രമല്ല ഇപ്പോഴത്തെ മാറ്റങ്ങൾക്കു കാരണം. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ബംഗാളിൽ ഇനിയൊരു വിജയം സാധ്യമല്ലാത്ത നിലയിലാണു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അതിനു കാരണം അവരുടെ തന്നെ രീതികളും നിലപാടുകളും !

ബിജെപിയെ പുറത്തുനിർത്തിയവർ

ബംഗ്ലദേശിൽനിന്ന് ലക്ഷക്കണക്കിനു അഭയാർഥികൾ എത്തിക്കൊണ്ടിരുന്ന ബംഗാൾ, ബിജെപിയുടെ വളർച്ചയ്ക്കു വളക്കൂറുള്ള മണ്ണായിരുന്നു. എന്നാൽ, ബിജെപിയും മുൻ രൂപമായ ജനസംഘവും ഇവിടെ വേരൂന്നിയില്ല. നയതന്ത്രജ്ഞരായിരുന്ന ഒരു പറ്റം മുഖ്യമന്ത്രിമാരുടെ സാന്നിധ്യമായിരുന്നു അതിനു കാരണം – ഡോ. ബി.സി. റോയ്, പ്രഫുല്ല ചന്ദ്ര സെൻ, അജയ് മുഖർജി, ജ്യോതി ബസു തുടങ്ങിയവർ.

ആരോഗ്യകാരണങ്ങളാൽ സിപിഎം കേന്ദ്രകമ്മിറ്റിയിൽനിന്ന് അടുത്തിടെ രാജി വച്ച മുതിർന്ന നേതാവ് ഇങ്ങനെ പറഞ്ഞു, ‘ഹിന്ദുത്വ രാഷ്ട്രീയത്തെയും മുസ്‍ലിം ലീഗ് പോലുള്ള പാർട്ടികളെയും ബംഗാളിൽ വളരാൻ അനുവദിക്കാതിരുന്നത് ഞങ്ങളുടെ ഫലപ്രദമായ ശ്രമങ്ങൾ കൊണ്ടായിരുന്നു. അതുണ്ടായിരുന്നില്ലെങ്കിൽ ബംഗാൾ, വിഭജനത്തെ അതിജീവിക്കില്ലായിരുന്നു.’’

എല്ലാം മാറ്റിമറിച്ച മമതയുടെ വരവ്

2011 ൽ മമത ബാനർജി അധികാരത്തിൽ വന്നതോടെ ബംഗാളിന്റെ ചിത്രംമാറി. ഇന്ന് ആർഎസ്എസിന് 1500 ശാഖകളുണ്ട് സംസ്ഥാനത്ത്. മമതയുടെ രാഷ്ട്രീയനിലപാടുകൾ ബംഗാളിൽ വലിയ വർഗീയ ധ്രുവീകരണമുണ്ടാക്കിക്കഴിഞ്ഞു. മതനിരപേക്ഷ മഹാനഗര സ്വഭാവമുള്ള കൊൽക്കത്തയ്ക്കു പുറത്ത് ഗ്രാമീണമേഖലകളിൽ ഇതു സുവ്യക്തമാണ്. മമതയുടെ പ്രീണന രാഷ്ട്രീയത്തോടു വിയോജിപ്പുള്ളവർ ബിജെപിയുടെയും ആർഎസ്എസിന്റെയും വിളിയോട് അനുകൂലമായി പ്രതികരിച്ചു കഴിഞ്ഞു.

ഗ്രാമീണ ബംഗാളിൽ കമ്യൂണിസ്റ്റുകൾ യാഥാർഥ്യമാക്കിയ ജാതിരഹിത മതനിരപേക്ഷ സമൂഹം പെട്ടെന്ന് ഇല്ലാതായിരിക്കുന്നു. ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ ബംഗാൾ വോട്ടു ചെയ്തത് ജാതി അടിസ്ഥാനത്തിലല്ല, മതാടിസ്ഥാനത്തിലായിരുന്നെങ്കിലും ജാതി ഇവിടെ തിരിച്ചെത്തിയിരിക്കുന്നു.

കലികൊണ്ട മമത

തിരഞ്ഞെടുപ്പിൽ 42 സീറ്റും ജയിക്കുമെന്നു പ്രഖ്യാപിച്ച മമതയ്ക്ക് എന്താണ് തന്റെ സംസ്ഥാനത്തു സംഭവിക്കുന്നതെന്നു തന്നെ മനസ്സിലായില്ല. തിരിച്ചടി അവരെ കൂടുതൽ രോഷാകുലയാക്കി. എന്നാൽ, സംസ്ഥാനത്തെ ഉദ്യോഗസ്ഥ സംവിധാനം മാറുന്ന രാഷ്ട്രീയക്കാറ്റിന്റെ ദിശ മനസ്സിലാക്കിക്കഴിഞ്ഞു.

ഗ്രാമീണ മേഖലകളിൽ തൃണമൂൽ കോൺഗ്രസിന്റെ ഓഫിസുകൾ പിടിച്ചെടുക്കപ്പെട്ടു. പ്രവർത്തകർ കൊല്ലപ്പെട്ടു. തൃണമൂൽ തിരിച്ചടിക്കാൻ തുടങ്ങിയതോടെ ബംഗാൾ കലാപഭൂമിയായി. തിരഞ്ഞെടുപ്പു ഫലം വന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ 15 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി.

ബിജെപി പ്രവർത്തകർ ഒന്നിനു പുറകെ ഒന്നായി മമതയ്ക്കു തിരിച്ചടികൾ നൽകിക്കൊണ്ടിരുന്നു. ജയ്ശ്രീറാം വിളികൾ കൊണ്ട് അവർ മമതയെ ‘ശല്യപ്പെടുത്തി’. മമത കാറിൽനിന്നിറങ്ങി ബിജെപിക്കാരെ ചീത്ത വിളിച്ചു. പൊലീസിനോട് അവരെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ടു. എന്നാൽ, മുൻപെങ്ങുമില്ലാത്തവിധം പൊലീസ് പക്വത കാട്ടി. സർവശക്തയായിരുന്ന മുഖ്യമന്ത്രിയോട് അവർ പറഞ്ഞു– ഇല്ല, അറസ്റ്റ് ചെയ്യാനാവില്ല. ‘സുപ്രീം കോടതി വിധി പ്രകാരം ഇത്തരം അറസ്റ്റുകൾ നിയമവിരുദ്ധമാണ്’ എന്നു ബംഗാൾ ഡിജിപി തന്നെ മമതയോടു പറഞ്ഞുവെന്നാണു വിവരം.

തങ്ങൾ പറഞ്ഞിട്ടും ബിജെപിക്കാരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുന്നില്ലെന്ന് സംസ്ഥാന മന്ത്രിമാർ പോലും മമതയോടു പരാതിപ്പെടുന്ന സ്ഥിതിയുണ്ടായി. മമതയാകട്ടെ രാഷ്ട്രീയ സംഘർഷവും കൊലപാതകങ്ങളും തടയാൻ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതുസംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ നിർദേശവും അവർ അവഗണിച്ചു.

തിരഞ്ഞെടുപ്പു കഴിഞ്ഞെങ്കിലും നിതി ആയോഗിന്റെ യോഗത്തിൽ പങ്കെടുക്കാനോ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കാനോ മമത തയാറായില്ല. അത്രയ്ക്കാണ് മമതയ്ക്കുണ്ടായിട്ടുള്ള നിരാശയും പകയും. ബംഗാൾ ഗവർണർ കെ.എൻ ത്രിപാഠി പറഞ്ഞത്, ‘ഞാൻ മുഖ്യമന്ത്രിയെ ഫോണിൽ സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ, അവർ ഫോൺ എടുത്തില്ല’ എന്നാണ്. സ്വന്തം ഭരണസംവിധാനത്തിനു മേൽ നിയന്ത്രണം നഷ്ടപ്പെട്ട നായികയാണ് മമത ഇപ്പോൾ. നേതാക്കളും എംഎൽഎമാരും അവരെ നിരനിരയായി വിട്ടു പോകുന്നതിന്റെ കാരണവും അതുതന്നെ.

പതനം കാത്ത് ബിജെപി

അമിത് ഷായുടെ ഉപദേശകൻ കൂടിയായ ബംഗാൾ ബിജെപിയുടെ സഹചുമതലക്കാരൻ അരവിന്ദ് മേനോൻ മനോരമയോടു പറഞ്ഞത്, ‘ഒരുപാടു പേർ ഇനിയും ബിജെപിയിലേക്കു വരാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, ബംഗാളിൽ അസ്ഥിരതയുണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. മമതയുടെ പതനം സ്വയമുണ്ടാകട്ടെ’, എന്നാണ്.

മമതയുടെ തകർച്ചയ്ക്കുള്ള നിലമൊരുക്കുകയാണ് ബിജെപി. ഇപ്പോൾ ഉണ്ടായിട്ടുള്ള ഡോക്ടർമാരുടെ പ്രശ്നത്തിൽ പൂർണമായും നിസ്സഹായയാണു മമത. ആരോഗ്യമേഖലയിലുള്ളവരും സാധാരണ ജനങ്ങളും അവർക്കൊപ്പമില്ലെന്നു മാത്രമല്ല, എതിരാണു താനും.

ആരോഗ്യമേഖലയുടെ തകർച്ച

ആരോഗ്യമന്ത്രി കൂടിയായ മമത, സംസ്ഥാനത്തെ ആശുപത്രികൾക്കു നിറമുള്ള ഗേറ്റുകളും വെളിച്ചം വിതറുന്ന ലൈറ്റുകളുമൊക്കെ നൽകിയെങ്കിലും, അവിടുത്തെ അടിസ്ഥാന സേവനങ്ങൾ മെച്ചപ്പെടുത്താൻ ഒന്നും ചെയ്തിട്ടില്ലെന്നതാണു സത്യം. മുസ്‍ലിം സമുദായത്തിൽപെട്ട 85 വയസ്സുള്ളയാൾ എൻആർഎസ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചതിനെത്തുടർന്നാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുണ്ടായത്.

ചികിത്സാപ്പിഴവു മൂലമാണ് അദ്ദേഹം മരിച്ചതെന്നാരോപിച്ച് ബന്ധുക്കൾ ജൂനിയർ ഡോക്ടർമാരെ ആക്രമിച്ചു. ഇഷ്ടികകൊണ്ടു തലയ്ക്ക് ഇടിയേറ്റ പരിബഹ ചാറ്റർജി എന്ന ഡോക്ടർ ഗുരുതരാവസ്ഥയിലാണ്. തലച്ചോറിലെ ഞരമ്പുകൾക്കു ക്ഷതമേറ്റ ഡോക്ടർക്ക് ഇനിയൊരിക്കലും പഴയ ജീവിതത്തിലേക്കു തിരിച്ചുവരാൻ കഴിയില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ബംഗാളിലും പുറത്തും ഡോക്ടർമാരുടെ കനത്ത പ്രതിഷേധമുണ്ടായെങ്കിലും മമത ഡോക്ടർമാർക്കെതിരായ നിലപാടാണു സ്വീകരിച്ചത്. ആശുപത്രി ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടികളെടുത്തില്ല. മാത്രമല്ല, ആശുപത്രിയിലെത്തിയ മമത ഡോക്ടർമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഡോക്ടർമാരുടെ സമരത്തെത്തുടർന്ന് 5 ദിവസമായി ബംഗാളിൽ ആരോഗ്യസേവനങ്ങൾ മുടങ്ങിക്കിടക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്‍വർധൻ മമതയെ വിളിക്കാൻ ശ്രമിച്ചെങ്കിലും അവർ ഫോണെടുത്തില്ല. അദ്ദേഹം ഒടുവിൽ കത്തെഴുതി. എന്നിട്ടും ഫലമൊന്നുമില്ല.

മമത മറക്കുന്നത്

തിരഞ്ഞെടുപ്പിനു ശേഷം സമനില നഷ്ടപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന മമത, തന്റെ പാർട്ടിക്കു 22 സീറ്റ് – ബിജെപിയെക്കാൾ നാലെണ്ണം കൂടുതൽ – കിട്ടി എന്ന കാര്യം പോലും പരിഗണിക്കുന്നില്ല. പകരം, ‘ബംഗാളി ആത്മാഭിമാനം’ എന്ന ആയുധത്തിൽ കയറിപ്പിടിക്കുകയാണ്. ‘ബംഗാളിൽ താമസിക്കണമെങ്കിൽ ബംഗാളി സംസാരിക്കണം’ എന്നതു പോലുള്ള പിടിവാശികളാണ് അവർ ഉന്നയിക്കുന്നത്.

മമതയ്ക്കു തന്നെ ബംഗാളികളല്ലാത്ത എത്രയോ എംപിമാരും എംഎൽഎമാരുമുണ്ടെന്ന് അവർ മറന്നു പോകുന്നുവെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ ദിലിപ് ഘോഷ് പറയുന്നു. ‘മമത ഒരു തോൽവിയായി മാറിക്കഴിഞ്ഞു. അവരുടെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു’ – ഘോഷ് കൂട്ടിച്ചേർത്തു. 2 വർഷം കഴിഞ്ഞാൽ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പു വരും. ഇനിയുള്ള മാസങ്ങൾ മമതയ്ക്കു നിർണായകമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA