ഇമ്രാൻ ഖാൻ വേദിയിലിരിക്കെ ഭീകരതയ്ക്കെതിരെ ആഞ്ഞടിച്ച് മോദി

sco-meet-narendra-modi
ദൃഢം, ശക്തം: ഷാങ്ഹായ് സഹകരണ സമിതി ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നു. ചിത്രം: പിടിഐ
SHARE

ബിഷ്‌കേക്ക് (കിർഗിസ്ഥാൻ) ∙ ഭീകരപ്രവർത്തനത്തെ വളർത്തുകയും സഹായിക്കുകയും ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് സഹകരണ സമിതി (എസ്‌സിഒ) ഉച്ചകോടിയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മുന്നിലിരുത്തിയായിരുന്നു മോദിയുടെ രൂക്ഷവിമർശനം. ഭീകരതയെ ചെറുക്കാൻ ആഗോള സമ്മേളനം വിളിക്കണമെന്നും ഭീകരരെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെ നടപടി ഉണ്ടാകണമെന്നും പാക്കിസ്ഥാനെ പരോക്ഷമായി പരാമർശിച്ച് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു.

‘കഴിഞ്ഞ ഞായറാഴ്ച ഞാൻ ശ്രീലങ്കയിൽ സെന്റ് ആന്റണീസ് പള്ളി സന്ദർശിച്ചു. ലോകമെങ്ങും നിരപരാധികളുടെ ജീവനെടുക്കുന്ന ഭീകരതയുടെ ഹീനമായ മുഖം ഞാനവിടെ കണ്ടു’– ഈസ്റ്റർ ഞായറാഴ്ച ലങ്കയിൽ നടന്ന ചാവേറാക്രമണം സൂചിപ്പിച്ച് മോദി പറഞ്ഞു. ഭീകരതയെ ചെറുക്കാൻ എല്ലാ രാജ്യങ്ങളും സങ്കുചിതമായ വീക്ഷണങ്ങളിൽ നിന്നു പുറത്തു വന്ന് ഐക്യപ്പെടണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

ഇമ്രാൻ ഖാനു പുറമേ ചൈന പ്രസിഡന്റ് ഷി ചിൻപിങ്, റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി എന്നിവരും വേദിയിലുണ്ടായിരുന്നു. അഫ്‍ഗാനിസ്ഥാൻ ഭരണകൂടത്തിനു കൂടി പങ്കാളിത്തമുള്ള സമാധാന പദ്ധതിയെ വേണം ഷാങ്‌ഹായ് സഹകരണ സമിതി പിന്തുണയ്ക്കാനെന്നും മോദി ചൂണ്ടിക്കാട്ടി. സാമ്പത്തിക സഹകരണമാണു ജനങ്ങളുടെ ഭാവി നിർണയിക്കുന്നത്.

ലോക വ്യാപാര സംഘടന (ഡബ്ല്യൂടിഒ) കേന്ദ്രമായ ബഹുതല വ്യാപാര സംവിധാനവും സുതാര്യവും വിവേചനരഹിതവുമായ വ്യാപാരനിയമങ്ങളുമാണു വേണ്ടത്– വ്യാപാരരംഗത്തെ സ്വദേശിവാദത്തെയും ഏകപക്ഷീയ നിയമങ്ങളെയും തള്ളി നരേന്ദ്ര മോദി പറഞ്ഞു. എല്ലാത്തരം ഭീകരതയെയും അപലപിച്ചും ഭീകരതയ്ക്കെതിരെ രാജ്യാന്തര സമൂഹത്തിന്റെ സഹകരണം ആഹ്വാനം ചെയ്തും ഷാങ്ഹായ് ഉച്ചകോടി പ്രമേയം അംഗീകരിച്ചു.

സാമ്പത്തിക, സുരക്ഷാ വിഷയങ്ങളിൽ പൊതുതാൽപര്യങ്ങളുള്ള 8 രാജ്യങ്ങളുടെ കൂട്ടായ്മയാണു ഷാങ്‌ഹായ് സഹകരണ സമിതി (എസ്‌സിഒ). 2017 ലാണു ഇന്ത്യയും പാക്കിസ്ഥാനും അംഗങ്ങളായത്. മറ്റ് അംഗരാജ്യങ്ങൾ: ചൈന, റഷ്യ, കസഖ്‌സ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ.

കണ്ട ഭാവമില്ലാതെ മോദിയും ഇമ്രാനും

ഷാങ്‌ഹായ് ഉച്ചകോടിയിൽ പരസ്പരം അവഗണിച്ച് ഇന്ത്യ, പാക്ക് പ്രധാനമന്ത്രിമാർ. ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഇമ്രാൻ ഖാനും പരസ്പരം സംസാരിക്കുകയോ അഭിവാദ്യം ചെയ്യുകയോ ഉണ്ടായില്ല. കിർഗിസ്ഥാൻ പ്രസിഡന്റ് സൂറൻബേ ജീൻബെക്കോവ് സംഘടിപ്പിച്ച വിരുന്നിനിടയിലും ഇരുവരും പരസ്പരം സംസാരിച്ചില്ല.

കശ്മീർ പ്രശ്നം അടക്കം ഇരുരാജ്യങ്ങൾക്കിടയിൽ തുടരുന്ന ഭിന്നതകൾ ചർച്ച ചെയ്യാൻ തയാറാണെന്ന് ഇമ്രാൻ ഖാൻ നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നുവെങ്കിലും ഉച്ചകോടിക്കിടെ ചർച്ചയില്ലെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ വ്യക്തമാക്കിയിരുന്നു. ‌അതേസമയം, വ്യാഴാഴ്ച ചൈന പ്രസിഡന്റ് ഷി ചിൻപിങ്ങുമായി മോദി ചർച്ച നടത്തി. രണ്ടാമതും അധികാരമേറ്റശേഷം മോദി പങ്കെടുക്കുന്ന ആദ്യ രാജ്യാന്തര സമ്മേളനമാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA