ADVERTISEMENT

ന്യൂഡൽഹി ∙ 28 വർഷം തുടർച്ചയായി രാജ്യസഭാംഗമായിരുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് വെള്ളിയാഴ്ച പാർലമെന്റ് അംഗം അല്ലാതായി. ഇതോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുമ്പോൾ മുൻ പ്രധാനമന്ത്രിമാർ ആരും ലോക്സഭയിലോ രാജ്യസഭയിലോ ഇല്ലാത്ത സ്ഥിതിയായി. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.

1991 മുതൽ അസമിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു മൻമോഹൻ സിങ്. ഇത്തവണ അസമിൽനിന്നു രാജ്യസഭയിലേക്ക് 2 സീറ്റുകളുടെ ഒഴിവു വന്നുവെങ്കിലും മൻമോഹൻ സിങ്ങിനെ വിജയിപ്പിക്കാൻ വേണ്ടത്ര എംഎൽഎമാർ കോൺഗ്രസിന് ഇല്ലാതെ പോയി. ഒഡീഷ (4), തമിഴ്നാട് (1), ബിഹാർ (2), ഗുജറാത്ത് (2) എന്നീ സംസ്ഥാനങ്ങളിൽ നിന്നും രാജ്യസഭാ സീറ്റുകൾ ഒഴിവുണ്ടെങ്കിലും അവിടെയും തങ്ങളുടെ സ്ഥാനാർഥിയെ വിജയിപ്പിക്കാൻ കോൺഗ്രസിനു ശേഷിയില്ല. 

കോൺഗ്രസിനു സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കാൻ കഴിയുന്ന രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ രാജ്യസഭാ സീറ്റ് ഒഴിവുമില്ല. തമിഴ്നാട്ടിൽ ഒഴിവു വരുന്ന സീറ്റ് മൻമോഹൻ സിങ്ങിനു വേണ്ടി കോൺഗ്രസിനു നൽകാൻ ഡിഎംകെ തയാറാകുമെന്നു കേട്ടിരുന്നുവെങ്കിലും ഇതുവരെ എം.കെ.സ്റ്റാലിൻ തീരുമാനമെടുത്തിട്ടില്ല. ഗുജറാത്തിൽ ഒഴിവുള്ള 2 സീറ്റുകളിൽ ഒന്നിൽ വിജയിക്കാൻ കോൺഗ്രസ് കരുനീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും അവിടെ മൻമോഹൻ സിങ്ങിനെ നിർത്താൻ അവർക്കു ധൈര്യം പോരാ.

തിരഞ്ഞെടുപ്പ് 5ന്

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവർ ഒഴിഞ്ഞ രാജ്യസഭാ സീറ്റുകളിലേക്കു ജൂലൈ അഞ്ചിനു തിരഞ്ഞെടുപ്പു നടത്തും. ബിഹാർ (2), ഗുജറാത്ത് (2), ഒഡീഷ (3) എന്നിവിടങ്ങളിലാണ് ഒഴിവുകൾ. ഈ മാസം 25നാണു നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com