ADVERTISEMENT

ന്യൂഡൽഹി ∙ തന്ത്രവും കക്ഷിനേതാവിന്റെ കാര്യത്തിൽ തീരുമാനവുമില്ലാതെ 17–ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിനു കോൺഗ്രസ്. തിരഞ്ഞെടുപ്പു പരാജയത്തിന്റെ ആഘാതത്തിൽ വീണുപോയ പാർട്ടിയുടെ അധ്യക്ഷ സ്ഥ‌ാനത്തെപ്പറ്റിയുള്ള ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് ഇന്നു പാർലമെന്റ് സമ്മേളനം തു‌ടങ്ങുന്നത്. രാഹുൽ ഗാന്ധിയുടെ വിമുഖത ലോക്സഭാ കക്ഷിനേതാവിനെ തീ‌രുമാനിക്കുന്ന കാര്യത്തിലും പാർട്ടിക്കു പ്രതിസന്ധിയാകുന്നുവെന്നാണു വിവരം.

അതേസമയം, രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനു ശേഷമേ ലോക‌‌്സഭ കാ‌ര്യമായ നടപടിക്രമങ്ങളിലേക്കു കടക്കുകയുള്ളെന്നും അപ്പോഴേക്കും നേതാവിനെയും പൊതുവിൽ സ്വീകരിക്കേണ്ട നിലപാടിനെയും കുറിച്ചു തീരുമാനമുണ്ടാകുമെന്നും മുതിർന്ന നേതാക്കളിലൊരാൾ ‘മനോരമ’യോടു പ്രതികരിച്ചു. 16–ാം ലോക്സഭയിൽ കോൺഗ്രസ് കക്ഷിനേതാവായിരുന്ന മല്ലികാർജുൻ ഖർഗെ അടക്കം മുതിർന്നവരെല്ലാം പരാജയപ്പെട്ടതാണു നേതാവിനെ തീ‌‌രുമാനിക്കുന്നതിനു പിന്നിലെ പ്രധാന പ്രതിസന്ധി.

രാഹുലിന്റെ വിശ്വസ്ത സംഘത്തിലെ ജ്യോതിരാദിത്യ സിന്ധ്യ തോറ്റതും സച്ചിൻ പൈലറ്റ് രാജസ്ഥാനിൽ ഉപമുഖ്യമന്ത്രിയായതുമെല്ലാം ലോക്സഭയിൽ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിലാക്കി. കക്ഷിനേതാവായി പരിഗണിക്കുന്നവരിൽ ശശി തരൂരിനാണു മുൻതൂക്കം. 7 തവണ എംപിയായ കൊടി‌ക്കുന്നിൽ സുരേഷാണു മറ്റൊരാൾ. എന്നാൽ, ഹിന്ദിഭാഷ അടക്കമുള്ള കടമ്പകൾ കൂടി പരിഗണി‌ക്കുമ്പോൾ മനീഷ് തിവാരി, അധിർ രഞ്ജൻ ചൗധരി എന്നിവർക്കും മു‌‌ൻതൂക്കമുണ്ട്. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാ‌ന്ധി ഇക്കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം.

സാധാരണ നിലയിൽ, ലോക്സഭാ സമ്മേളനം തുടങ്ങും മുൻപു പ്രതിപക്ഷനിരയിലെ പാർ‌ട്ടികളുടെ യോഗം പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി മു‌ൻകയ്യെടുത്തു വിളിക്കാറുണ്ട്. എന്നാൽ, ഇതുവരെ കോൺഗ്രസ് ഇതിനു തയാ‍റായിട്ടില്ല. മറുപക്ഷത്ത്, എംപിമാരോട് അടക്കം വിപുലമായ ആശയവിനിമയവുമായി ബിജെപി മുന്നേറുമ്പോഴാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com