ADVERTISEMENT

ന്യൂഡൽഹി ∙ എൻഡിഎയുടെ അഭിമാനപ്രശ്നമായ നിർണായക ബില്ലുകൾ പാർലമെന്റിൽ എത്താനിരിക്കെ, കോൺഗ്രസ് അടക്കം എല്ലാവരുടെയും സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റ് സമ്മേളനത്തിനു മുൻപുള്ള പതിവു നടപടിയാണെങ്കിലും ഇന്നലെ മോദിയുടെ അധ്യക്ഷതയിൽ നടന്ന സർവകക്ഷിയോഗത്തിനു രാഷ്ട്രീയമാനങ്ങൾ‍ ഏറെയായിരുന്നു. പ്രത്യേകിച്ചും രാജ്യസഭയിൽ ഇപ്പോഴും എൻഡിഎയ്ക്കു ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ.

രാജ്യസഭയിലെ 245 അംഗ‌ങ്ങളിൽ 102 പേർ മാത്രമേ എൻഡിഎ പക്ഷത്തുള്ളൂ. മുത്തലാഖ് അടക്കമുള്ള ബില്ലുകൾ വീണ്ടും പാർലമെന്റിലെത്തുമ്പോൾ പരമാവധി കക്ഷികളുടെ പിന്തുണ സർക്കാരിന് അനിവാര്യമാണ്.

സൃഷ്ടിപരമായ സംവാദമാണു പാർലമെന്റിൽ സർക്കാർ ആഗ്രഹിക്കുന്നതെന്നു സർവകക്ഷി യോഗത്തിൽ മോദി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി, സഹമന്ത്രിമാരായ വി.മുരളീധരൻ, അർജുൻ റാം മേഘ്‌വാൾ, കോൺഗ്രസ് നേതാക്കളായ ആനന്ദ് ശർമ, കൊടിക്കുന്നിൽ സുരേഷ്, അധിർ രഞ്ജൻ ചൗധരി, വിവിധ കക്ഷിനേതാക്കൾ എന്നിവർ യോഗത്തിനെത്തി.

വിഷയങ്ങളുയർത്തി പ്രതിപക്ഷം

സംസ്ഥാനത്തിന്റെ അധികാരങ്ങളിലേക്കുള്ള കേന്ദ്ര കൈകടത്തലിനെ ചോദ്യം ചെയ‌്തായിരുന്നു കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ പ്രസംഗം. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നു കോൺഗ്രസിൽനിന്നു ഗുലാം നബി ആസാദും തൃണമൂലിൽ നിന്നു ഡെറക് ഒബ്രെയിനും ആവശ്യപ്പെട്ടു.

ജനതാൽപര്യം മാനിച്ചുള്ള ബില്ലുകളെ എതിർക്കാറില്ലെന്നായിരുന്നു ഗുലാംനബി ആസാദിന്റെ പ്ര‌തികരണം. തൊഴിലില്ലായ്മ, കർഷക പ്രശ്നം തുടങ്ങിയ വ‌ിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. വനിതാ സംവരണ ബിൽ ഉടൻ സഭയിൽ കൊണ്ടുവരണമെന്നായിരുന്നു തൃണമൂലിന്റെ മറ്റൊരു ആവശ്യം.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ചർച്ചയ്ക്ക് മോദി

ന്യൂഡൽഹി ∙ സർവകക്ഷി യോഗത്തിനു പുറമേ, 2 നിർണായക യോഗങ്ങൾ കൂടി പ്രധാനമന്ത്രി വിളിച്ചിട്ടുണ്ട്. പാർലമെന്റിൽ പ്രാതിനിധ്യമുള്ള പാർട്ടികളുടെ അധ്യക്ഷരുടെ യോഗം 19നും എംപിമാരുടെ യോഗം 20നും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കും. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതിയെക്കുറിച്ചുള്ള ആലോചനയാണു പാർട്ടി അധ്യക്ഷരുടെ യോഗത്തിലെ പ്രധാന ചർച്ചാവിഷയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com